വാഹന ഫിറ്റ്‌നസ് പരിശോധനാ ഫീസ് കേന്ദ്രസര്‍ക്കാര്‍ പത്തിരട്ടി വര്‍ദ്ധിപ്പിച്ചു; 10 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ക്കും ഉയര്‍ന്ന നിരക്ക്
ന്യൂഡല്‍ഹി: രാജ്യത്തുടനീളമുള്ള വാഹന ഫിറ്റ്‌നസ് പരിശോധനാ ഫീസ് കേന്ദ്രസര്‍ക്കാര്‍ പത്തിരട്ടി വര്‍ദ്ധിപ്പിച്ചു. കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങളിലെ ഭേദഗതി പ്രകാരമാണ് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ നടപടി. വാഹനത്തിന്റെ കാലപ്പഴക്കം വിഭാഗം എന്നിവ അനുസരിച്ചായിരിക്കും ഫിറ്റ്‌നസ്സ് ടെസ്റ്റിനുള്ള ഫീസ് ഘടനയില്‍ മാറ്റങ്ങളുണ്ടാകുക. ഭേദഗതികള്‍ക്ക് മുമ്പ്, 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ക്കായിരുന്നു ഫിറ്റനസ് പരിശോധന ബാധകമായിരുന്നത്. എന്നാല്‍, പുതിയ ഭേദഗതി പ്രകാരം 10 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ഉയര്‍ന്ന നിരക്കുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വര്‍ദ്ധനവ് ഉടനടി പ്രാബല്യത്തില്‍ വരും.
വാഹനങ്ങളുടെ കാലപ്പഴക്കം അനുസരിച്ച് വിവിധ ഗ്രൂപ്പുകളായിട്ടാണ് ഫീസ് വര്‍ദ്ധിപ്പിക്കുന്നത്്. 10 മുതല്‍ 15 വര്‍ഷം വരെയുള്ള വിഭാഗം, 15മുതല്‍ 20 വര്‍ഷം വരെ കലാപ്പഴക്കമുള്ള വിഭാഗം, 20 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ എന്നിങ്ങനെയാണ് പുതിയ ഉയര്‍ന്ന സ്ലാബ് നിരക്കുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇരുചക്ര വാഹനങ്ങള്‍, മുച്ചക്ര വാഹനങ്ങള്‍, ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍, ഗുഡ്‌സ്/പാസഞ്ചര്‍ വാഹനങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാ വിഭാഗത്തിലുള്ള വാഹനങ്ങള്‍ക്കും കാലാധിഷ്ഠിത സ്ലാബുകള്‍ ബാധകമാണ്. വാഹനം ഉപയോഗിക്കുന്നതിന്റെ വര്‍ഷം കൂടുമ്പോള്‍ ഓരോ വിഭാഗത്തിനും ഉയര്‍ന്ന ഫീസ് ഈടാക്കും. ഹെവി കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്കാണ് ഏറ്റവും വലിയ വര്‍ദ്ധനവ് വരുത്തിയത്. 20 വര്‍ഷത്തിലധികം പഴക്കമുള്ള വലിയ വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് ടെസ്റ്റിനായി 25,000 രൂപ നല്‍കേണ്ടിവരും. നേരത്തെ ഇത് 2,500 രൂപ ആയിരുന്നു. ഇതേ കാലപഴക്കമുളള മീഡിയം കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ 1,800 രൂപയ്ക്ക് പകരം 20,000 രൂപയും നല്‍കണം.
20 വര്‍ഷത്തില്‍ കൂടുതലുള്ള ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ 15,000 രൂപയാണ് നല്‍കേണ്ടത്. മുച്ചക്ര വാഹനങ്ങള്‍ക്ക് 7,000 രൂപയാണ് നിരക്ക്. 20 വര്‍ഷത്തിലധികം പഴക്കമുള്ള ടു വീലറുകള്‍ക്ക് 600 രൂപയില്‍ നിന്ന് 2,000 രൂപയായി ഉയര്‍ത്തു. 15 വര്‍ഷത്തില്‍ താഴെയുള്ള വാഹനങ്ങള്‍ക്കും ഉയര്‍ന്ന ഫീസ് ഈടാക്കും. ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 600 രൂപയും മീഡിയം, ഹെവി കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്ക് 1,000 രൂപയുമാണ് നല്‍കേണ്ടത്. റോഡുകളില്‍ നിന്ന് പഴയതും സുരക്ഷിതവുമല്ലാത്ത വാഹനങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാരിന്റെ പുതിയ നടപടിയെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."