'ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ഹിന്ദു സംഘടനയേക്കാളും മുസ്ലിം സംഘടനകള്‍ ഒപ്പമുണ്ട്...'; ഇസ്ലാംഭീതിക്ക് മറുപടിയായി അജിത് ഡോവലിന്റെ പഴയ വിഡിയോ
ന്യൂഡല്‍ഹി: ചെങ്കോട്ടക്ക് മുന്നിലുണ്ടായ സ്‌ഫേടനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ കൂടിവരുന്ന ഇസ്ലാംഭീതി ഉള്ളടക്കമുള്ള പ്രചാരണങ്ങള്‍ക്ക് മറുപടിയായി ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ പഴയ വിഡിയോ. ഭീകരപ്രവര്‍ത്തനങ്ങളെ ഹിന്ദു, മുസ്‌ലിം കണ്ണിലൂടെ കാണരുതെന്ന് അഭ്യര്‍ത്ഥിക്കുന്ന 2014ലെ പ്രസംഗമാണ്, ഡല്‍ഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും ചര്‍ച്ചയായത്.
ഡോവലിന്റെ വാക്കുകള്‍: ഭീകരതയ്‌ക്കെതിരെ പോരാടുമ്പോള്‍ ഇന്ത്യയില്‍ മുസ്ലിം ജനസംഖ്യ, ഹിന്ദു ജനസംഖ്യ എന്ന വ്യത്യാസം ഇല്ലാത്തതിനാല്‍ തീവ്രവാദത്തെ ഹിന്ദു, മുസ്ലിം കണ്ണുകളിലൂടെ കാണേണ്ടതില്ല. ഇത് ഒരു ദേശീയ പ്രശ്‌നമാണ്, സാമുദായിക പ്രശ്‌നമല്ല. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ മറ്റേതൊരു ഹിന്ദു സംഘടനയേക്കാളും മുസ്ലിം സംഘടനകള്‍ ഞങ്ങളോടൊപ്പമുണ്ട്. ആഗോള ഭീകരതയ്‌ക്കെതിരെ 50,000 ഇസ്ലാമിക പണ്ഡിതര്‍ മതവിധി (ഫതവ) പുറപ്പെടുവിച്ചിട്ടുണ്ട്. മാത്രമല്ല, ഇന്ത്യന്‍ മുസ്ലിംകള്‍ തീവ്രവാദത്തെ നിരന്തരം എതിര്‍ത്തുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. ചില ഹിന്ദു സംഘടനകളും ഇതേ വേദിയില്‍ വരണമെന്ന് അവര്‍ ആഗ്രഹിച്ചു. ഭൂരിഭാഗം ഇന്ത്യന്‍ മുസ്ലിംകളും അക്രമം നിരസിക്കുന്നുണ്ടെങ്കിലും, ചെറുതും അക്രമാസക്തവുമായ വിഭാഗത്തിന്റെ ചെയ്തി ഇസ്ലാമിന്റെ ശബ്ദമായി തെറ്റിദ്ധരിക്കപ്പെടുകയാണ്. ചരിത്രപരമായി ഇന്ത്യന്‍ മുസ്ലിംകള്‍ സ്വാതന്ത്ര്യസമരത്തില്‍ കാര്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അതിനാല്‍, ദേശീയ സുരക്ഷാ ആശങ്കകളെ സാമുദായിക സ്വത്വവുമായി ബന്ധിപ്പിക്കുന്നത് വിഷയം വഴിതിരിച്ചുവടലാണെന്നും ഡോവല്‍ കൂട്ടിച്ചേര്‍ത്തു.
പ്രശസ്ത വസ്തുതാന്വേഷണ മാധ്യമപ്രവത്തകനും ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനുമായ മുഹമ്മദ് സുബൈര്‍ ആണ് വിഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. വലതുപക്ഷ വിദ്വേഷപ്രചാരകര്‍ക്കുള്ള പ്രഹരമാണ് ഈ പ്രസംഗമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."