വയനാട്ടിൽ ചികിത്സയ്ക്കിടെ ഡോക്ടർ 7 വയസ്സുകാരന്റെ മുഖത്തടിച്ചെന്ന് പരാതി; ഡോക്ടർക്കെതിരെ ചൈൽഡ് ലൈനിൽ കേസ്
കൽപ്പറ്റ: കണ്ണിൽ ചെള്ള് പോയതിനെ തുടർന്ന് ചികിത്സ തേടിയെത്തിയ ഏഴ് വയസ്സുകാരനെ ഡോക്ടർ മർദ്ദിച്ചതായി പരാതി. കൽപ്പറ്റയിലെ അഹല്യ കണ്ണാശുപത്രിയിലെ ഡോ. പ്രഭാകറിനെതിരെയാണ് കുട്ടിയുടെ കുടുംബം ചൈൽഡ് ലൈൻ വഴി പരാതി നൽകിയിരിക്കുന്നത്. ഇന്നലെ വൈകുന്നേരമാണ് സംഭവം.
എന്നാൽ, ആശുപത്രി അധികൃതരും ഡോക്ടറും മറ്റൊരു നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. കുട്ടിയുടെ പിതാവ് ഡോക്ടറെ ആക്രമിച്ചുവെന്നും, ഈ സംഭവത്തിൽ ഡോക്ടർ പൊലിസിൽ പരാതി നൽകിയിട്ടുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
"കളിക്കുന്നതിനിടെ കണ്ണിൽ ചെള്ള് പോയതിനെ തുടർന്നാണ് ഞങ്ങൾ കുട്ടിയെ അഹല്യ കണ്ണാശുപത്രിയിൽ എത്തിച്ചത്. ചികിത്സയ്ക്കിടെ ഡോ. പ്രഭാകർ കുട്ടിയെ മുഖത്തടിച്ചു. കുട്ടി വേദനകൊണ്ട് ഉറക്കെ കരഞ്ഞു. ഇത് കണ്ടാണ് ഞങ്ങൾ പ്രതികരിച്ചത്," കുട്ടിയുടെ പിതാവ് പറയുന്നു. കുട്ടി സംഭവം നടന്ന ശേഷം ഭയന്ന നിലയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറുവശത്ത്, ആശുപത്രി അധികൃതരുടെ വിശദീകരണം ഇതാണ്: "ചികിത്സാസമയത്ത് കുട്ടിയുടെ പിതാവ് ഡോക്ടറെ ആക്രമിക്കുകയാണ് ഉണ്ടായത്. ഇതിനെ തുടർന്നാണ് ഡോക്ടർ പൊലിസിൽ പരാതി നൽകിയത്." കുട്ടിയെ ചികിത്സിക്കുന്നതിനിടെ സഹകരിക്കാതിരുന്നതിനാലാണ് ചെറിയ രീതിയിൽ പ്രതികരിക്കേണ്ടി വന്നതെന്നും അത് മർദ്ദനമായിരുന്നില്ലെന്നും ഡോക്ടറുമായി അടുത്ത വൃത്തങ്ങൾ പറയുന്നു.
കൽപ്പറ്റ പൊലിസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്നതിനായി ചൈൽഡ് ലൈൻ അധികൃതരും നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കുട്ടിക്ക് ശാരീരികമായി പ്രശ്നങ്ങളില്ലെങ്കിലും മാനസികമായി ഈ സംഭവം ബാധിച്ചിട്ടുണ്ടെന്ന് കുടുംബം പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."