കണ്ണ് നിറഞ്ഞൊഴുകിയെങ്കിലും പ്രസംഗം മുഴുമിപ്പിച്ച് ഹിന്ദ് റജബിന്റെ ഉമ്മ; ഗസ്സ ബാലികയുടെ നീറുന്ന ഓര്‍മയില്‍ വിതുമ്പി ദോഹ ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടനച്ചടങ്ങ് | Video
ദോഹ: ഗസ്സയിലെ ആറുവയസുകാരി ഹിന്ദ് റജബിന്റെ അവസാന ഫോണ്‍ കോള്‍ ലോകം ഹൃദയവേദനയോടെയാണ് കേട്ടത്. ആ കുഞ്ഞിന്റെ ശബ്ദം കഴിഞ്ഞദിവസം വീണ്ടും ഉയര്‍ന്നു, ദോഹ ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടനച്ചടങ്ങില്‍. ബാലികയുടെ ഉമ്മ വിസ്സാം ഹമാദയാണ് ദോഹ ഫിലിം ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തത്. ഹിന്ദ് റജബിന്റെ ശബ്ദം ഇന്നും ഓരോ പുലരിയിലും തനിക്കുണര്‍വ് നല്‍കുന്നുവെന്ന് പ്രസംഗത്തില്‍ വിസ്സാം ഹമാദ ഓര്‍മിപ്പിച്ചതോടെ സദസ്സിന്റെയും കണ്ണു നിറഞ്ഞു.
'ഹിന്ദ് ഇനി ഇല്ല. പക്ഷേ, ഓരോ പ്രഭാതവും അവളുടെ ശബ്ദം എന്നെ ഉണര്‍ത്തുന്നു, ഗാസയിലെ കുട്ടികളെ രക്ഷിക്കണമെന്ന സന്ദേശമാണ് ഞാന്‍ ലോകത്തോട് പറയാന്‍ എത്തിയിരിക്കുന്നത്- ഉദ്ഘാടന വേദിയില്‍ ഹമാദ പറഞ്ഞു. ഹിന്ദ് റജബിനെ കുറിച്ചുള്ള 'ദി വോയ്‌സ് ഓഫ് ഹിന്ദ് റജബ്' എന്ന സിനിമയുടെ പ്രീമിയറിനു മുമ്പ് സംസാരിച്ച ഹമാദ, സിനിമ കാണാന്‍ തനിക്കു ധൈര്യമില്ലെങ്കിലും, ഈ വേദി കുട്ടികളുടെ വേദന ലോകത്തേക്ക് വിളിച്ചോതാനുള്ള അവസരമായിട്ടാണ് കാണുന്നതെന്ന് വ്യക്തമാക്കി.
'യുദ്ധത്തിന്റെ ഇരുട്ടില്‍ അവകാശങ്ങളില്ലാതെ, സ്വപ്‌നങ്ങള്‍ വളരുന്നതിന് മുമ്പു തന്നെ നഷ്ടപ്പെട്ട ഗസ്സയിലെ കുഞ്ഞുങ്ങളുടെ ശബ്ദം എത്തിക്കുക എന്നതാണ് എന്റെ ദൗത്യം. എന്റെ മനുഷ്യത്വവും ലക്ഷ്യവും നഷ്ടപ്പെട്ടിട്ടില്ല. അവരുടെ ശബ്ദം ലോകത്തിന് കേള്‍പ്പിക്കാന്‍ ഞാന്‍ ഇവിടെ നില്‍ക്കുന്നു.- അവര്‍ കൂട്ടിച്ചേര്‍ത്തു. മകള്‍ ഹിന്ദിന്റെ കഥയെ ലോകത്തിന് മുന്നിലെത്തിച്ചതിന് ഖത്തറിനും ഫെസ്റ്റിവല്‍ സംഘാടകര്‍ക്കും ഹമാദ നന്ദി അറിയിച്ചു. പ്രസംഗത്തിനു നീണ്ട കൈയടിയാണ് ലഭിച്ചത്.
'വോയ്‌സ് ഓഫ് ഹിന്ദ് റജബ്'
യുദ്ധക്കെടുതിയുടെയും അധിനിവേശത്തിന്റെയും ഏറ്റവും വലിയ ഇരകളായ കുഞ്ഞുങ്ങളെ ഓര്‍മിപ്പിക്കുന്നതാണ്, 'വോയ്‌സ് ഓഫ് ഹിന്ദ് റജബ്' എന്ന അറബിക് സിനിമ. കഴിഞ്ഞവര്‍ഷം ജനുവരിയില്‍ ഇസ്‌റാഈല്‍ സയണിസ്റ്റ് സൈന്യം കൊലപ്പെടുത്തിയ ഹിന്ദ് റമി ഇയാദ് റജബ് എന്ന ബാലികയുടെ മാത്രം കഥയല്ല, സയണിസ്റ്റ് അതിക്രമത്തില്‍ ജീവന്‍ നഷ്ടമായവരുടെ കഥയാണത്.
ടുണീഷ്യന്‍ സംവിധായിക കൗസര്‍ ബെന്‍ ഹാനിയ സംവിധാനം ചെയ്ത ചിത്രം, റെഡ് ക്രോസ് അധികൃതര്‍ക്കുള്ള ഹിന്ദ് റജബിന്റെ അവസാന ഫോണ്‍ സംഭാഷണങ്ങളുടെ അടിസ്ഥാനത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിലെ അഭിനേതാക്കളും യഥാര്‍ത്ഥ രക്ഷാപ്രവര്‍ത്തകരും ആദ്യമായി ഒത്തുകൂടിയതും ഈ പ്രദര്‍ശന വേദിയിലായിരുന്നു.
2026 ഓസ്‌കാറിനായി ടുണീഷ്യയുടെ ഔദ്യോഗിക എന്‍ട്രിയായി സിനിമ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വെനീസ് ചലച്ചിത്രമേളയില്‍ പ്രീമിയര്‍ നടത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. അടുത്തതായി മരാക്കേഷ് ഫിലിം ഫെസ്റ്റിവലിലും സൗദിയിലെ റെഡ് സീ ഫിലിം ഫെസ്റ്റിവലിലും ചിത്രം പ്രദര്‍ശിപ്പിക്കും. ഈ വര്‍ഷം 15ാം വാര്‍ഷികം ആഘോഷിക്കുന്ന ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന ഫെസ്റ്റിവല്‍ നവംബര്‍ 28 വെള്ളിയാഴ്ചയാണ് സമാപിക്കുക. 62 രാജ്യങ്ങളില്‍ നിന്നുള്ള 97 സിനിമകള്‍ ഫെസ്റ്റിവലില്‍ പ്രദര്‍ശനത്തിനെത്തുന്നു.
ഒരാളും അവസ്ഥയിലൂടെ കടന്നുപോകരുതേ
ഹിന്ദ് റജബിന്റെ അവസ്ഥയറിയുന്ന ഏതൊരാളും, ഭൂമിയില്‍ ഒരു കുഞ്ഞും ഇതുപോലൊരു അവസ്ഥയിലൂടെ കടന്നുപോകരുതേ എന്ന് മനമുരുകി പ്രാര്‍ഥിച്ചുപോകും. ഗസ്സയില്‍ കുടുംബത്തിനൊപ്പം സഞ്ചരിക്കവെ ഇസ്‌റാഈല്‍ അവരുടെ കാറിന്നേരെ മിസൈല്‍ വര്‍ഷിക്കുകയായിരുന്നു. കുടുംബത്തിലെ ആറുപേരുടെ ചേതനയറ്റ ശരീരങ്ങള്‍ക്കൊപ്പം കാറിനുള്ളില്‍ മരണത്തെ മുന്നില്‍ കണ്ട് മണിക്കൂറുകളാണ് ഹിന്ദ് കഴിച്ചുകൂട്ടിയത്. സഹായം തേടി മൂന്ന് മണിക്കൂറോളം അവള്‍ റെഡ് ക്രസന്റ് സൊസൈറ്റി ടീമുമായും ഉമ്മയുമായും സംസാരിച്ചു കൊണ്ടിരുന്നു. എന്നാല്‍ അവളുടെയും അവളെ രക്ഷിക്കാനെത്തിയ രണ്ട് ആംബുലന്‍സ് ഡ്രൈവര്‍മാരെയും സയണിസ്റ്റ് സൈന്യം വെടിവച്ചുകൊല്ലുകയായിരുന്നു.
The inaugural Doha Film Festival opened with an emotional address from Wissam Hamada, mother of six-year-old Hind Rajab, whose final phone call from Gaza became one of the most haunting moments of the war. “Hind is gone, but her voice still wakes me every dawn,” she told the audience on Thursday, November 20, urging the world to safeguard Gaza’s children.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."