ഷാര്‍ജ പുസ്തകോത്സവം കഴിഞ്ഞു; ഇനി അല്‍ഐന്‍ ബുക്ക് ഫെസ്റ്റിവലിന്റെ ദിനങ്ങള്‍; ഇന്ന് മുതല്‍ ഒരാഴ്ചത്തെ സാംസ്‌കാരിക ഉത്സവം
അല്‍ഐന്‍: അല്‍ഐന്‍ മേഖലയിലെ അബൂദബി ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് ഹസ്സ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ രക്ഷാകര്‍തൃത്വത്തില്‍ അല്‍ഐന്‍ പുസ്തകോത്സവത്തിന് ഇന്ന് അല്‍ഐന്‍ സ്‌ക്വയര്‍ ഹസ്സ ബിന്‍ സായിദ് സ്റ്റേഡിയത്തിലും അല്‍ഐന്‍ നഗരത്തിലെ പ്രധാന സാംസ്‌കാരിക വേദികളിലുമായി ആരംഭിക്കും. ഈ മാസം 30 വരെ നീണ്ടുനില്‍ക്കുന്ന ഒരാഴ്ചത്തെ സാംസ്‌കാരിക ഉത്സവമാണിത്.
അബൂദബി സാംസ്‌കാരിക, ടൂറിസം വകുപ്പിന്റെ (ഡി.സി.ടി അബൂദബി) ഭാഗമായ അബൂദബി അറബിക് ഭാഷാ കേന്ദ്രം (എ.എല്‍.സി) ആണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. സാഹിത്യ സര്‍ഗാത്മകതയ്ക്കും വിജ്ഞാന വിനിമയത്തിനുമുള്ള ദേശീയ കേന്ദ്രമെന്ന നിലയിലുള്ള അല്‍ ഐനിന്റെ പദവി ശക്തിപ്പെടുത്താനായി രൂപകല്‍പന ചെയ്തിരിക്കുന്ന സാംസ്‌കാരിക, വിജ്ഞാനാധിഷ്ഠിത, സാമൂഹിക പരിപാടികളുടെ ഒരു നിരതന്നെ ഈ പുസ്തകോത്സവത്തിലുണ്ടാകും.
ഈ വര്‍ഷത്തെ പതിപ്പില്‍ 220ലധികം പ്രസാധകരും പ്രദര്‍ശകരും 100,000ത്തിലധികം ശീര്‍ഷകങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. സാഹിത്യവൈജ്ഞാനിക സെഷനുകള്‍, സാംസ്‌കാരിക സംവാദങ്ങള്‍, പ്രകടനങ്ങള്‍, പൈതൃക കേന്ദ്രീകൃതവും കലാപരവുമായ പ്രവര്‍ത്തനങ്ങള്‍, കുട്ടികളുടെ പരിപാടികള്‍ എന്നിവയുള്‍പ്പെടെ 200ലധികം പ്രോഗ്രാമുകള്‍ ഈ പുസ്തകോത്സവത്തില്‍ ഉള്‍പ്പെടുന്നു. സാംസ്‌കാരിക മുന്നേറ്റങ്ങളെ പിന്തുണയ്ക്കുന്നതിനും, ദൈനംദിന ജീവിതത്തില്‍ അറിവ് ഉള്‍പ്പെടുത്തുന്നതിനുമുള്ള അബൂദബിയുടെ പ്രതിബദ്ധത ഇത് പ്രതിഫലിപ്പിക്കുന്നു.
കൂടാതെ, പ്രമുഖ എമിറാത്തി- ഗള്‍ഫ് കവികളെ ഉള്‍പ്പെടുത്തി എട്ട് വൈകുന്നേരങ്ങളിലായി 'പോയട്രി നൈറ്റ്‌സ്: ദി സംഗ് വേഡ്' എന്നതിന്റെ നാലാമത്തെ പതിപ്പിന് ഖസര്‍ അല്‍ മുവൈജി ആതിഥേയത്വം വഹിക്കും. ദേശീയ കവിതാ സാഹിത്യ മേഖല കൂടുതല്‍ പരിപോഷിപ്പിക്കാനും, ഈ മേഖലയിലെ സംഭാവനകളെ മാനിച്ചും എമിറാത്തി നാടോടി കവിതയിലെ മൂന്ന് പ്രമുഖ വ്യക്തിത്വങ്ങളെ പുസ്തക മേളയില്‍ ആദരിക്കും. പരേതരായ ശൈഖ് സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ശൈഖ് ഡോ. ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ഹമദ് ബിന്‍ സുഹൈല്‍ അല്‍ കിത്ബി എന്നിവരെയാണ് ആദരിക്കുക.
'ഭാവിയുടെ കവികള്‍' എന്ന സായാഹ്നവും, 'കവിതയും സമൂഹവും' എന്ന സെഷനും ഉള്‍പ്പെടുത്തി പുസ്തകോത്സവം യുവ പ്രതിഭകളെ സര്‍ഗാത്മകമായി കൂടുതല്‍ മുന്നോട്ടു കൊണ്ട് പോകാന്‍ ലക്ഷ്യമിടുന്നു. കൂടാതെ, അല്‍ ഐനിലുടനീളമുള്ള സ്ഥാപനങ്ങളും സാമൂഹിക മജ്‌ലിസുകളും; ദേശീയ പൈതൃകം, സ്വത്വം, യുവജന ശാക്തീകരണം എന്നിവയും അഭിസംബോധന ചെയ്യപ്പെടുന്ന സെഷനുകളും ഉണ്ടായിരിക്കും.
ഈ വര്‍ഷത്തെ എടുത്തു പറയേണ്ട പുതിയ കാര്യങ്ങളില്‍ നിരവധി സംവേദനാത്മക സംരംഭങ്ങള്‍ ഉള്‍പ്പെടുന്നു. അല്‍ ഐന്‍ സ്‌ക്വയറിലെ ഫ്‌ലേവര്‍ഫുള്‍ നൈറ്റ്‌സ്ഹസ്സ ബിന്‍ സായിദ് സ്റ്റേഡിയം, അല്‍ ഐന്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് കള്‍ചറല്‍ ക്ലബ്ബുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന 'ഓണ്‍ ദി പാത് ഓഫ് നോളജ്, വി ഗാദര്‍' എന്നിവ ഇതില്‍ എടുത്തു പറയേണ്ടതാണ്. സംസ്‌കാരവും ആരോഗ്യവും ഒരുമിച്ച് കൊണ്ടു വരുന്ന ജീവിത ശൈലി സ്വീകരിക്കാന്‍ സമൂഹത്തെ പ്രചോദിപ്പിക്കുക എന്നതാണ് പുതിയ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം.
Summary: Al Ain Book Festival 2025 launches tomorrow at Al Ain Square – Hazza bin Zayed Stadium and a number of key cultural venues across the city, under the patronage of Sheikh Hazza bin Zayed Al Nahyan, Ruler’s Representative in Al Ain Region.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."