ഇറിഡിയം തട്ടിപ്പ്: ആലപ്പുഴയിൽ 200-ൽ അധികം പേർക്ക് 10 ലക്ഷം വരെ നഷ്ടം; പിന്നിൽ തമിഴ്നാട് സംഘം
ആലപ്പുഴ: ഇറിഡിയം വിൽപനയിലൂടെ വൻ ലാഭം വാഗ്ദാനം ചെയ്ത് ആലപ്പുഴയിലെ ഹരിപ്പാട്, കായംകുളം മേഖലകളിൽ 2020-ലും വൻ തട്ടിപ്പ് നടന്നതായി പരാതികൾ. ഒരു ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയാണ് ഇരുനൂറിലധികം പേരിൽനിന്ന് തമിഴ്നാട് കേന്ദ്രീകരിച്ചുള്ള സംഘം തട്ടിയെടുത്തത്.
തട്ടിപ്പിന്റെ രീതി
ഇരിഡിയം കച്ചവടത്തിനായി നിക്ഷേപകരെ ആകർഷിക്കുന്നതിന് തട്ടിപ്പുകാർ പ്രധാനമായും രണ്ട് മാർഗ്ഗങ്ങളാണ് ഉപയോഗിച്ചത്.ഡിഫൻസ് റിസർച്ച് ആൻഡ് ഡിവലപ്മെന്റ് ഓർഗനൈസേഷന്റെ (ഡിആർഡിഒ) പേരിലുള്ള വ്യാജ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റാണ് നിക്ഷേപകർക്ക് നൽകിയിരുന്നത്. ശരവണൻ എന്നയാളുടെ പേരിലുള്ള ഈ രേഖകൾ ഉപയോഗിച്ച് നിക്ഷേപകരുടെ വിശ്വാസം പിടിച്ചുപറ്റി.തമിഴ്നാട്ടിൽ നിന്നുള്ള റിസർവ് ബാങ്ക്, ഐപിഎസ് ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തി തട്ടിപ്പുകാർ കുമരകത്ത് ഇറിഡിയം കച്ചവടക്കാരുടെ ഒരു 'കൂട്ടായ്മ' സംഘടിപ്പിച്ചു.
കാർ സമ്മാനം തട്ടിപ്പ്
യോഗത്തിൽ പങ്കെടുത്ത ഇരുനൂറോളം പേരിൽനിന്ന് മികച്ച നിക്ഷേപകർക്കും പ്രൊമോട്ടർമാർക്കും സമ്മാനമായി കാറുകൾ വാഗ്ദാനം ചെയ്തു. ഇതിലൊന്ന് ബിഎംഡബ്ല്യു കാറായിരുന്നു. എന്നാൽ, ഈ സമ്മാനം വ്യാജമായിരുന്നെന്ന് പിന്നീട് നിക്ഷേപകർ കണ്ടെത്തി.കോയമ്പത്തൂരിലെ ഒരു ഷോറൂമിൽ നിന്ന് ടെസ്റ്റ് ഡ്രൈവിനെന്ന് പറഞ്ഞ് കൊണ്ടുവന്ന കാറായിരുന്നു ഇത്.സമ്മാനം നൽകുന്നതിന്റെ ഫോട്ടോയെടുത്ത ശേഷം കാർ തിരികെ ഷോറൂമിൽ ഏൽപ്പിക്കുകയായിരുന്നു.
വിദേശ യാത്രയുടെ പേരിലും പണം തട്ടി
ന്യൂഡൽഹി, ദുബൈ എന്നിവിടങ്ങളിൽ ഇറിഡിയം ബിസിനസുമായി ബന്ധപ്പെട്ട യോഗങ്ങൾ നടക്കുമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പുകാർ നിക്ഷേപകരിൽനിന്ന് രണ്ട് ലക്ഷം രൂപ വരെ വാങ്ങി.കൂട്ടായ്മക്ക് എത്തുന്നവർക്ക് കോടിക്കണക്കിന് രൂപയുടെ ചെക്കുകൾ നൽകുമെന്ന് അറിയിച്ചിരുന്നു. എന്നാൽ, യോഗം അവസാനിക്കാറായപ്പോൾ ആദായനികുതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം പിന്നീട് ചെക്ക് നൽകാമെന്ന് പറഞ്ഞ് നിക്ഷേപകരെ ഒഴിവാക്കി. ഈ പണം പിന്നീട് ആർക്കും ലഭിച്ചില്ല. നിലവിൽ നിക്ഷേപകർ വിളിക്കുമ്പോൾ തട്ടിപ്പുസംഘത്തിലെ പ്രൊമോട്ടർമാരുടെയും മറ്റും ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ ഇരുനൂറിലധികം പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് സൂചന. 75 ലക്ഷം രൂപ നഷ്ടപ്പെട്ട ഹരിപ്പാടു സ്വദേശിയുടെ ചില ഇടപാടുകൾ ചെന്നൈ കേന്ദ്രീകരിച്ച് നടന്നിരുന്നു. സംഭവത്തിൽ പൊലിസ് അന്വേഷണം ഊർജിതമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."