വീട്ടുജോലിക്കാരിയുടെ സ്വർണ്ണക്കവർച്ച; ഉടമയുടെ 'രഹസ്യബുദ്ധി'യിൽ മോഷ്ടാവ് കുടുങ്ങി
തിരുവനന്തപുരം: വീട്ടുജോലിക്കെത്തുന്ന വീടുകളിൽ നിന്ന് ലക്ഷങ്ങളുടെ സ്വർണാഭരണങ്ങൾ കവർന്ന യുവതി അറസ്റ്റിൽ. കരമന ഇലങ്കം സ്വദേശിനി ലക്ഷ്മി (36) ആണ് വീട്ടുടമസ്ഥൻ സ്ഥാപിച്ച രഹസ്യ നിരീക്ഷണ ക്യാമറയിൽ മോഷണം ലൈവായി കണ്ടതോടെ പിടിയിലായത്. ഒരു വീട്ടിൽ നിന്ന് അഞ്ചു പവനോളം സ്വർണം നഷ്ടപ്പെട്ടതിനു പിന്നാലെ ഉടമസ്ഥനും അഭിഭാഷകനുമായ രാഹുൽ കൃഷ്ണൻ മുറിയിൽ രഹസ്യ ക്യാമറ വെച്ചതാണ് മോഷ്ടാവിനെ കുടുക്കിയത്.
കരമന സഹകരണ ബാങ്കിന് സമീപം താമസിക്കുന്ന അഭിഭാഷക ദമ്പതികളായ രാഹുൽ കൃഷ്ണന്റെയും ഇന്ദുകലയുടെയും വീട്ടിൽ നിന്നാണ് സ്വർണ്ണമോതിരം കാണാതായത്. തുടർന്ന് അലമാര പരിശോധിച്ചപ്പോൾ അഞ്ചു പവനോളം സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടതായി മനസ്സിലായി. വീട്ടുകാർ സംശയം തോന്നാതിരിക്കാൻ ലക്ഷ്മി ഭാവഭേദമില്ലാതെ പെരുമാറിയതോടെ മുൻകരുതലെന്ന നിലയിൽ രാഹുൽ കൃഷ്ണൻ മുറികളിൽ കണ്ടാൽ തിരിച്ചറിയാത്ത രീതിയിലുള്ള നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. ഈ ക്യാമറകൾ വൈഫൈ വഴി രാഹുലിന്റെ മൊബൈൽ ഫോണുമായി ബന്ധിപ്പിച്ചു.
നവംബർ 14-ന് ദമ്പതിമാർ ജോലിക്ക് പോയ സമയത്ത്, വീട്ടിൽ പ്രായമായ മാതാപിതാക്കൾ മാത്രമുണ്ടായിരുന്നപ്പോൾ, രാഹുൽ കൃഷ്ണൻ മൊബൈലിൽ ലൈവ് ദൃശ്യങ്ങൾ പരിശോധിക്കുന്നതിനിടെയാണ് ലക്ഷ്മി അലമാര തുറന്ന് സ്വർണം മോഷ്ടിക്കുന്നത് കണ്ടത്. ഉടൻ തന്നെ വീട്ടിൽ തിരിച്ചെത്തി ചോദ്യം ചെയ്തപ്പോൾ ആദ്യം കുറ്റം നിഷേധിച്ചെങ്കിലും, മൊബൈലിലെ ദൃശ്യങ്ങൾ കാട്ടിക്കൊടുത്തതോടെ മോഷണം സമ്മതിക്കുകയായിരുന്നു. ഇതോടെ ദമ്പതികൾ കരമന പൊലിസിൽ പരാതി നൽകി.
ഒന്നിലധികം മോഷണങ്ങൾ; മറ്റ് വീടുകളിലെ ആഭരണങ്ങളും കണ്ടെത്തി
തുടർന്ന് കരമന പൊലിസ് നടത്തിയ വിശദമായ അന്വേഷണത്തിൽ, ലക്ഷ്മി മറ്റ് വീടുകളിലും മോഷണം നടത്തിയതായി തെളിഞ്ഞു. മോഷണം നടത്തിയ സ്വർണാഭരണങ്ങൾ ചാലയിലുള്ള ജൂവലറിയിൽ വിൽക്കുകയും നെടുങ്കാടുള്ള സ്ഥാപനത്തിൽ പണയം വെക്കുകയും ചെയ്തതായി യുവതി പൊലിസിന് മൊഴി നൽകി.
ഇവർ നേരത്തേ സമീപത്തെ വീട്ടിൽ നിന്നും മോഷ്ടിച്ച മൂന്നു പവനോളം സ്വർണം പ്രതിയുടെ വീട്ടിൽ നിന്ന് പൊലിസ് കണ്ടെടുക്കുകയും ചെയ്തു. മോഷ്ടിച്ച സ്വർണം ഉരുക്കി വിൽപന നടത്തി ആ പണം ഉപയോഗിച്ച് പുതിയ ആഭരണങ്ങൾ വാങ്ങുകയും ചെയ്തിരുന്നു.
വർഷങ്ങളായി ഒരേ സമയം രണ്ട് വീടുകളിലാണ് ലക്ഷ്മി ജോലി ചെയ്തിരുന്നത്. സംശയം തോന്നാതിരിക്കാൻ ഇവർ മറ്റ് സമീപവാസികളിലേക്ക് ശ്രദ്ധ തിരിച്ചുവിടാൻ ശ്രമിച്ചിരുന്നതായും ആഭരണം കാണാതായപ്പോൾ അയൽവാസികളെ പോലും സംശയിച്ചതായും വീട്ടുകാർ പറയുന്നു. തെളിവുകളോടെ മോഷ്ടാവ് പിടിയിലായതോടെയാണ് ഇരു വീട്ടുകാർക്കും സമീപവാസികൾക്കും ആശ്വാസമായത്. രണ്ട് കേസുകളിലായി എഫ്ഐആർ രജിസ്റ്റർ ചെയ്തതിനെ തുടർന്ന് ലക്ഷ്മിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കരമന എസ്.ഐ. ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
A housemaid in Thiruvananthapuram was arrested for stealing gold jewelry from her employers. She was caught red-handed after the owner, an advocate, installed a discreet CCTV camera and watched the theft live on his mobile phone. Police investigation revealed she had committed similar thefts in other houses as well.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."