മക്ക പ്രാര്‍ഥന മുഖരിതം; ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് നാളെ തുടക്കമാകും
മക്ക: 'ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്' തല്‍ബിയത്തിന്റെ മന്ത്രോച്ചാരണങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകര്‍ന്നു ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മത്തിനു നാളെ തുടക്കമാകും. ഹജ്ജിനായി തീര്ഥാടകരെല്ലാം മക്കയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ഹജ്ജ് കര്‍മ്മത്തിന്റെ ആദ്യഘട്ടമായ മിനയില്‍ രാപാര്‍ക്കുന്നതിനായി നാളെ സുബ്ഹിയോടെ ഹാജിമാര്‍ മിനയിലേക്ക് നടന്നടുക്കും. ഇതിനായി ഇവിടെ എല്ലാ സംവിധാനങ്ങളും സജ്ജമാണ്. ലബ്ബൈക്കിന്റെ മധുര മന്ത്രങ്ങള്‍ക്ക് കാതോര്‍ത്ത് ഹാജിമാരെ വരവേല്‍ക്കാന്‍ തമ്പുകളുടെ നഗരിയായ മിന പരിപൂര്‍ണമായും ഒരുങ്ങിക്കഴിഞ്ഞിട്ടുണ്ട്. ഞായറാഴ്ചയാണ് ഹജ്ജിന്റെ പ്രധാന കര്‍മ്മമായ അറഫാ സംഗമം.
മക്കയിലും പരിസരങ്ങളിലും തല്‍ബിയത്ത് ചൊല്ലി തമ്പടിച്ച തീര്‍ഥാടകര്‍ നാളെ മിനയിലേക്ക് പ്രയാണം തുടങ്ങും. എന്നാല്‍ തിരക്ക് കണക്കിലെടുത്തും കൂടുതല്‍ സൗകര്യത്തിനു വേണ്ടിയും ഹാജിമാര്‍ വെള്ളിയാഴ്ച രാത്രിയോടെ തന്നെ മിനായിലേക്ക് യാത്ര തിരിച്ചു തുടങ്ങും. ഇന്ത്യന്‍ ഹാജിമാര്‍ക്ക് ഇന്ന് രാത്രി തന്നെ മിനയിലേക്ക് പോകാനായുള്ള നിര്‍ദേശം ഇന്ത്യന്‍ ഹജ്ജ് മിഷന് അധികൃതര്‍ നല്കി കഴിഞ്ഞു. തല്‍ബിയത്ത് ദിനമായ നാളത്തെ (ദുല്‍ഹിജ്ജ 8) തിരക്ക് മുന്‍നിര്‍ത്തിയാണ് ഇന്നു രാത്രി മുതല്‍ തീര്‍ഥാടകര്‍ മിനയിലേക്ക് പുറപ്പെട്ടു തുടങ്ങുന്നത്. തിങ്കളാഴ്ചയാണ് ബലിപെരുന്നാള്‍. മിനായില്‍ ഇന്ത്യന്‍ ഹജ്ജ് മിഷനും പരിചാരക കേന്ദ്രങ്ങളും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുകയും ഓരോ ക്യാംപിനടുത്തും തിരിച്ചറിയുന്നതിന് ഇന്ത്യയുടെ പതാകയും നാട്ടിയിട്ടുണ്ട്.
നാല് ദിവസത്തിന് ശേഷം എല്ലാ കര്‍മങ്ങളും കഴിഞ്ഞതിനു ശേഷമായിരിക്കും മിനായില്‍ നിന്നും ഹാജിമാര്‍ മക്കയിലെത്തി തിരിച്ചു പോക്ക് ആരംഭിക്കുക. ഈ വര്‍ഷം ഹജ്ജിനു വിദേശ രാജ്യങ്ങളില്‍ നിന്നും 13,10,408 തീര്‍ഥാടകരാണ് എത്തിച്ചേര്‍ന്നിട്ടുള്ളത്. ആഭ്യന്തര തീര്‍ഥാടകര്‍ കൂടി ചേരുന്നതോടെ ഏകദേശം 15 ലക്ഷം തീര്‍ഥാടകരായിരിക്കും ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കുക. അതിനിടെ, മക്കയിലും പരിസരങ്ങളിലും കടുത്ത ചൂട് അനുഭവപ്പെടുന്നതിനാല്‍, നിര്‍ജ്ജലീകരണം ഒഴിവാക്കുന്നതിനായി കൂടുതല്‍ വെള്ളം കുടിക്കണമെന്നും മുന്‍ കരുതല്‍ എടുക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."