മന്ത്രിയുടെയും കലക്ടറുടെയും ഉത്തരവ് ഉദ്യോഗസ്ഥര്‍ നടപ്പാക്കുന്നില്ല വീടെന്ന സ്വപ്‌നം പൂവണിയാതെ കാക്കിയും കുടുംബവും
പുല്‍പ്പള്ളി: ആദിവാസി വിധവയ്ക്ക് വീട് അനുവദിക്കണമെന്ന മന്ത്രിയുടെ ഉത്തരവ് നടപ്പിലാക്കുന്നതില്‍ താമസം വരുത്തിയ പട്ടികവര്‍ഗ വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ ജില്ലാ കലക്ടറുടെ നിര്‍ദേശത്തിനു മുകളിലും അടയിരിക്കുന്നു. പുല്‍പ്പള്ളി പഞ്ചായത്തിലെ 16ാം വാര്‍ഡില്‍പ്പെട്ട കാപ്പിക്കുന്ന് താഴെക്കാപ്പ് പണിയ കോളനിയിലെ പരേതനായ അനന്തന്റെ ഭാര്യ കാക്കിക്ക് ഭവന നിര്‍മാണസഹായം അനുവദിക്കുന്നതിലാണ് ഉദ്യോഗസ്ഥര്‍ക്ക് വിമുഖത.
പഞ്ചായത്തിനു നല്‍കിയ അപേക്ഷകള്‍ വെറുതെയായതിനെത്തുടര്‍ന്ന് കാക്കിയും കുടുംബവും സ്വന്തം നിലയ്ക്ക് തുടങ്ങിയ വീടുപണി പണമില്ലാത്തതിനാല്‍ പാതിവഴിയിലായത് മാധ്യമങ്ങള്‍ 2016 ജനുവരിയില്‍ വാര്‍ത്തയാക്കിയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട അന്നത്തെ പട്ടികവര്‍ഗക്ഷേമ മന്ത്രി പി.കെ ജയലക്ഷ്മി കാക്കിയെ സ്‌നേഹവീട് സമ്പൂര്‍ണ ഭവനപദ്ധതി ഗുണഭോക്താവാക്കാന്‍ വകുപ്പ് ഡയറക്ടര്‍ക്കും ബത്തേരി ടി.ഡി.ഒയ്ക്കും നിര്‍ദേശം നല്‍കി.
മന്ത്രിയുടെ കാര്യാലയം ഇറക്കിയ പത്രക്കുറിപ്പ് പ്രസിദ്ധപ്പെടുത്തിയ പത്രവുമായി ചെന്നുകണ്ടപ്പോള്‍ ഭവനിര്‍മാണത്തിനു സഹായം അനുവദിക്കാമെന്ന് കാക്കിക്ക് ടി.ഡി.ഒ ഉറപ്പുനല്‍കി. വീട് നിര്‍മാണത്തിനുള്ള ഉടമ്പടി എന്നു പറഞ്ഞ് മാര്‍ച്ച് നാലിന് 100 രൂപയുടെ മുദ്രപ്പത്രത്തില്‍ ഒപ്പും വാങ്ങി. കാക്കി വിരലടയാളം പതിച്ച് ഒപ്പിട്ട മുദ്രക്കടലാസില്‍ ഒന്നും എഴുതിയിരുന്നില്ല. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ അത് കാര്യമാക്കേണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്.
ഉടമ്പടി പത്രത്തില്‍ ഒപ്പിട്ട് ആഴ്ചകള്‍ കഴിഞ്ഞിട്ടും കാക്കിക്ക് വീടുപണിക്കുള്ള പണം ലഭിച്ചില്ല. ഈ സാഹചര്യത്തില്‍ പ്രദേശത്തെ പൊതുപ്രവര്‍ത്തകരില്‍ ചിലര്‍ ഉപദേശിച്ചതനുസരിച്ച് ജൂണ്‍ ആറിന് ജില്ലാ കലക്ടര്‍ക്ക് അപേക്ഷ നല്‍കി. ഇത് പരിഗണിച്ച കലക്ടര്‍ കാക്കിക്ക് വാസയോഗ്യമായ ഭവനം ലഭ്യമാക്കുന്നതിനു ആവശ്യമായ നടപടികള്‍ നിര്‍ദേശിച്ച് അതേമാസം 15ന് പട്ടികവര്‍ഗ വികസന ഓഫിസര്‍ക്ക് കത്ത് നല്‍കി.
ഇതിന്റെ പകര്‍പ്പ് ജൂണ്‍ ആദ്യവാരം കാക്കിക്കും ലഭിച്ചു. എന്നാല്‍ രണ്ട് മാസം കഴിഞ്ഞിട്ടും കാക്കിക്ക് സഹായധനം ലഭിച്ചില്ല. ഇതേക്കുറിച്ച് തിരക്കുന്നതിനു ടി.ഡി.ഒയുടെ കാര്യാലയത്തില്‍ ചെല്ലുമ്പോഴൊക്കെ ഉദ്യോഗസ്ഥര്‍ തന്നെയും കുടുംബാംഗങ്ങളെയും ഒഴിവാക്കുകയാണെന്ന് 60കാരിയായ കാക്കി പറയുന്നു. പുതിയ വീടിനായി കെട്ടിയ തറയുടെ മൂലയില്‍ താല്‍ക്കാലമായുണ്ടാക്കിയ കൂരയിലാണ് രണ്ട് വര്‍ഷത്തിലധികമായി കാക്കിയുടെയും കുടുംബത്തിന്റെയും താമസം.
പട്ടികവര്‍ഗ വികസന വകുപ്പിനു കീഴിലെ പ്രീ മെട്രിക് ഹോസ്റ്റലില്‍ പാചകക്കാരനായിരുന്നു കാക്കിയുടെ ഭര്‍ത്താവ് അനന്തന്‍. സമ്പാദ്യം ഒന്നും ഇല്ലാതിരുന്ന അനന്തന്‍ അഞ്ച് വര്‍ഷം മുമ്പ് മരിച്ചു. ഇതിനുശേഷം കിട്ടിത്തുടങ്ങിയ പെന്‍ഷന്‍ ഉപയോഗിച്ചാണ് കാക്കിയുടെ ഉപജീവനം. കാക്കിയും കുടുംബവും താമസിച്ചിരുന്ന വീട് കാലപ്പഴക്കം മൂലം നാലര വര്‍ഷം മുമ്പാണ് നിലംപൊത്തിയത്. ഇതിനു പിന്നാലെ തുടങ്ങിയതാണ് പുതിയ വീടിനായുള്ള പ്രയത്‌നം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."