കോഴിക്കോട് സ്കൂളില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം
കോഴിക്കോട്: പുതിയറ ബി.ഇ.എം എ.യു.പി സ്കൂളില്‍ ഓണാഘോഷങ്ങള്‍ക്കായി തയാറാക്കിയ ഭക്ഷണവും ക്ലാസ്മുറികളും സാമൂഹ്യവിരുദ്ധര്‍ അലങ്കോലമാക്കി. ഇന്നലെ സ്കൂളില്‍ ഓണാഘോഷം നടത്താനായി വ്യാഴാഴ്ച രാത്രി അധ്യാപകരും രക്ഷിതാക്കളും സദ്യക്കായി തയാറാക്കിയ വിഭവങ്ങളിലാണ് സാമൂഹ്യവിരുദ്ധര്‍ മണ്ണും പൊടികളും വാരിയിട്ട് നശിപ്പിച്ചത്. ഭക്ഷണം കഴിച്ചതിനുശേഷം ക്ലാസ്മുറികളിലും വരാന്തകളിലും വലിച്ചിടുകയും മലമൂത്ര വിസര്‍ജനം നടത്തുകയും ചെയ്തു. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമുള്‍പ്പെടെ 400 ഓളം പേര്‍ക്ക് തയാറാക്കിയ ഭക്ഷണമാണ് നശിപ്പിച്ചത്.
പൂട്ട് പൊളിച്ച് സ്കൂളിലെ പാചകപ്പുരയിലെത്തിയ സാമൂഹ്യവിരുദ്ധര്‍ ആയുധങ്ങളെടുത്ത ശേഷം പ്രധാന ഓഫിസിന്റ വാതില്‍ കുത്തിത്തുറന്ന് താക്കോല്‍ കൈവശപ്പെടുത്തുകയും അലമാരകളും മേശകളും തുറന്ന് പരിശോധന നടത്തുകയുമായിരുന്നുവെന്ന് കസബ പൊലിസ് പറഞ്ഞു. ഓഫിസില്‍ നിന്ന് ഒരു ക്യാമറ നഷ്ടപ്പെട്ടിട്ടുണ്ട്. രാവിലെ സ്കൂളിലെത്തിയ പ്രധാനാധ്യാപിക നാന്‍സി പ്രമീളയാണ് ഓഫിസ് കുത്തിപ്പൊളിച്ച് അലങ്കോലമാക്കിയത് കണ്ടതും പൊലിസില്‍ വിവരമറിയിച്ചതും. തുടര്‍ന്ന് കസബ എസ്.ഐ പി പ്രമോദും സംഘവും സ്ഥലത്തെത്തി തെളിവെടുത്തു. എന്നാല്‍ സ്കൂളിലെ ഫയലുകളോ ഭക്ഷണം തയ്യാറാക്കുന്നതിനായുള്ള പാത്രങ്ങളോ നഷ്ടപ്പെട്ടിട്ടില്ല. കിണര്‍ വെള്ളവും മലിനപ്പെടുത്തിയതായി സംശയമുണ്ട്.
ഫോറന്‍സിക് ഉദ്യോഗസ്ഥരും, ഫുഡ് ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."