ബലാത്സംഗക്കേസ്: മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ മാങ്കൂട്ടത്തില്‍ ഹൈക്കോടതിയില്‍
കൊച്ചി: യുവതിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി ഗര്‍ഭച്ഛിദ്രം നടത്തുകയും ചെയ്തുവെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി രാഹുല്‍ മാങ്കൂട്ടത്തില്‍ ഹൈക്കോടതിയെ സമീപിച്ചു. ജാമ്യാപേക്ഷ തിരുവനന്തപുരം സെഷന്‍സ് കോടതി തള്ളിയതിന് പിന്നാലെയാണ് നടപടി.
പരാതിയില്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരനെന്ന് കണ്ടാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയ്ക്ക് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്. പ്രോസിക്യൂഷന്‍ ഹാജരാക്കിയ പുതിയ തെളിവുകള്‍ കൂടി പരിശോധിച്ച ശേഷമാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി എസ്.നസീറ വിധി പ്രഖ്യാപിച്ചത്. കേസില്‍ രാഹുലിന്റെ പങ്ക് പ്രഥമദൃഷ്ട്യാ തെളിഞ്ഞിരിക്കുന്നുവെന്നും മുന്‍കൂര്‍ ജാമ്യംഅനുവദിക്കാന്‍ സാധിക്കില്ലെന്നും ഉത്തരവില്‍ പറയുന്നു.
ജാമ്യംലഭിച്ചാല്‍ എം.എല്‍.എ പദവി ഉപയോഗിച്ച് പ്രതി കേസില്‍ സ്വാധീനം ചെലുത്തും. സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ട്. മുന്‍കാല കേസുകളുടെ ചരിത്രമടക്കം പരാമര്‍ശിച്ചുകൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. പ്രതിക്ക് ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്. ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ ഈ ഘട്ടത്തില്‍ കാണാന്‍ കഴിയില്ല. നിലവില്‍ കേസിനാണ് പ്രാധാന്യമെന്നും ഉത്തരവില്‍ പറയുന്നു.
എന്നാല്‍ രാഹുലിനെതിരെ പ്രോസിക്യൂഷന്‍ പരാമര്‍ശിച്ച രണ്ടാമത്തെ കേസ് കോടതി പരിഗണിച്ചില്ല. പ്രതി സ്ഥിരം കുറ്റവാളിയെന്ന് രണ്ടാം എഫ്.ഐ.ആര്‍ പരിഗണിച്ചു മാത്രം പറയാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.ജാമ്യഹരജി തള്ളിയതിനെ തുടര്‍ന്ന് ഹോസ്ദുര്‍ഗ് കോടതിയില്‍ രാഹുല്‍ കീഴടങ്ങുമെന്ന് സൂചനകളുണ്ടായിരുന്നുവെങ്കിലും എം.എല്‍.എ ഒന്‍പത് ദിവസവമായി ഒളിവില്‍ തുടരുകയാണ്.
ബുധനാഴ്ച ഒന്നേമുക്കാല്‍ മണിക്കൂറും ഇന്നലെ ഇരുപത്തിയഞ്ച് മിനിറ്റും വാദംകേട്ടതിനുശേഷമാണ് കോടതി വിധി പറഞ്ഞത്. ബലാത്സംഗവും ഗര്‍ഭഛിദ്രവും നടന്നുവെന്നു തെളിയിക്കുന്നതിന് ഡോക്ടറുടെ മൊഴി സഹിതമുള്ള രേഖകളും രാഹുലിനെതിരേ രണ്ടാമത് രജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസിന്റെ എഫ്.ഐ.ആറും പുതിയ ഡിജിറ്റല്‍ തെളിവുകളും പ്രോസിക്യൂഷന്‍ ഇന്നലെ കോടതിയില്‍ ഹാജരാക്കി.
കോടതിവിധി വന്ന് മിനിട്ടുകള്‍ക്കുള്ളില്‍ കോണ്‍ഗ്രസ് തീരുമാനം
മുന്‍കൂര്‍ ജാമ്യഹരജി തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി മിനിട്ടുകള്‍ക്കുള്ളിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നു പുറത്താക്കിയെന്നുള്ള കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ ഔദ്യോഗിക അറിയിപ്പെത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ രാഹുല്‍ വിഷയം കൂടുതല്‍ തിരിച്ചടിക്ക് കാരണമാകാതിരിക്കാന്‍ അതീവ ജാഗ്രതയോടെയായിരുന്നു കഴിഞ്ഞ രണ്ടു ദിവസമായി കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നീക്കങ്ങള്‍.തുടക്കത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് അനുകൂല നിലപാട് സ്വീകരിച്ചവരും നിലപാട് തിരുത്തിയതോടെ ബുധനാഴ്ച രാത്രിയോടെ തന്നെ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ഒറ്റക്കെട്ടായി പുറത്താക്കുക എന്ന തീരുമാനത്തിലേക്ക് എത്തിയിരുന്നു.വിഷയത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാടും നിര്‍ണായകമായി.
ലൈംഗിക പീഡന ആരോപണവുമായി ബന്ധപ്പെട്ട് ആദ്യമായാണ് ഒരു എം.എല്‍.എയെ കോണ്‍ഗ്രസ് പുറത്താക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഗുരുതരമായ ആരോപണങ്ങള്‍ തുടര്‍ച്ചയായി ഉയരുന്ന സാഹചര്യത്തില്‍ രാഹുല്‍ പാര്‍ട്ടിയില്‍ ഉണ്ടാകാന്‍ പാടില്ലെന്ന് വനിതാ നേതാക്കള്‍ ഉള്‍പ്പെടെ കടുത്ത നിലപാട് എടുത്തതോടെ നേതൃത്വം ഒറ്റക്കെട്ടായ തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. എ.ഐ.സി.സിയുടെ അനുമതിയോടെയാണ് പുറത്താക്കലെന്ന് കെ.പി.സി.സി അധ്യക്ഷന്‍സണ്ണിജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തില്‍; ബലാത്സംഗക്കേസിന്റെ നാള്‍വഴികള്‍
കഴിഞ്ഞ ആറുമാസത്തിലധികമായി നവമാധ്യമങ്ങളിലുള്‍പ്പെടെ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയമാണ് നിര്‍ണായക വഴിത്തിരിവിലെത്തിയിരിക്കുന്നത്. കഴിഞ്ഞ ജൂണ്‍, ജൂലൈ മാസങ്ങളില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേരു വെളിപ്പെടുത്തിയും അല്ലാതെയും സമൂഹ മാധ്യമങ്ങളില്‍ ആരോപണം ശക്തമായി ഉയര്‍ന്നിരുന്നു.
ജൂലൈ 28: പ്രതിസ്ഥാനത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെയാണെന്ന വിവരങ്ങള്‍ പുറത്ത് വന്നതോടെ പ്രതികരണം തേടിയ മാധ്യമങ്ങളോട് ' ഹു കെയേഴ്സ്' എന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മറുപടിയെത്തുന്നു.
ഓഗസ്റ്റ് 19: ചലച്ചിത്ര താരം റിനി ആന്‍ ജോര്‍ജ് ഒരു നേതാവിന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു. വിവരം മുതിര്‍ന്ന നേതാവിനെ അറിയിച്ചിട്ടും ഒന്നും ചെയ്തില്ലെന്നും പകരം ഉന്നതസ്ഥാനം നല്‍കിയെന്നും നടിയുടെ ആരോപണം. രാഹുല്‍ ഉപയോഗിച്ച 'ഹൂ കെയേഴ്സ്' റിനി അഭിമുഖത്തില്‍ പരാമര്‍ശിച്ചതോടെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണം ബലപ്പെടുന്നു.
ഓഗസ്റ്റ് 21: ഇപ്പോള്‍ പരാതി നല്‍കിയ യുവതിയുമായുള്ള ഫോണ്‍ സംഭാഷണവും ചാറ്റുകളും പുറത്തുവരുന്നു.
ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്നതാണ് സംഭാഷണം. 'നിന്നെ എനിക്ക് റേപ് ചെയ്യണം' എന്ന ആവശ്യവുമായി രാഹുല്‍ സമീപിച്ചിരുന്നെന്ന് ട്രാന്‍സ്വുമണിന്റെയും വെളിപ്പെടുത്തല്‍.
ഓഗസ്റ്റ് 21: രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസഡിന്റ് സ്ഥാനം രാജിവച്ചു.താന്‍ കാരണം പ്രവര്‍ത്തകര്‍ തലകുനിക്കേണ്ടി വരില്ലെന്ന് പ്രഖ്യാപനം.
ഓഗസ്റ്റ് 22: രാഹുലില്‍ നിന്ന് മോശം അനുഭവമുണ്ടായെന്ന് മറ്റൊരു യുവതിയുടെയും വെളിപ്പെടുത്തല്‍.
ഓഗസ്റ്റ് 23: യുവതിയോട് കൊലപാതക പരാമര്‍ശം നടത്തുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ശബ്ദസന്ദേശവും പുറത്്. സംസ്ഥാന വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു.
ഓഗസ്റ്റ് 25: കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്‍ഷന്‍
ഓഗസ്റ്റ് 25: ആരോപണങ്ങളില്‍ ക്രൈംബ്രാഞ്ച് കേസെടുത്തു.കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘം.
സെപ്റ്റംബര്‍ 10; ആരോപണം ഉന്നയിച്ച നടി റിനി ആന്‍ ജോര്‍ജ് അന്വേഷണസംഘത്തിന് മൊഴി നല്‍കി
സെപ്റ്റംബര്‍ 15; നേതൃത്വത്തിന്റെ എതിര്‍പ്പ് തള്ളി രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍. നിയമസഭയില്‍ പ്രത്യേക ബ്ലോക്കില്‍ ഇരിപ്പിടം.
ഒക്ടോബര്‍- നവംബര്‍ മാസങ്ങള്‍: കൂടുതല്‍ ശബ്ദ സന്ദേശങ്ങള്‍ പുറത്ത് വരുന്നു. ശബ്ദത്തിനുടമയായ യുവതി പരാതി നല്‍കാത്തത് അന്വേഷണ സംഘത്തിന് വെല്ലുവിളിയാകുന്നു.
നംവബര്‍ 27: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ എ.ഐ.സി.സിക്ക് പരാതി നല്‍കുന്നു.
നവംബര്‍ 27: പീഡനത്തിനിരയായ യുവതി സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി പരാതി കൈമാറുന്നു.പരാതി പൊലിസിന് കൈമാറുന്നു. റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ യുവതിയില്‍നിന്ന് മൊഴിയെടുക്കുന്നു.
നവംബര്‍ 28: യുവതിയുടെ ലൈംഗിക പീഡന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ വിവാഹ വാഗ്ദാനം നല്‍കി പീഡനം, നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തി തുടങ്ങിയ കുറ്റങ്ങള്‍ക്ക് നെടുമങ്ങാട് വലിയമല പൊലിസ് കേസെടുക്കുന്നു.
ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി എഫ്.ഐ.ആര്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍.
ഡിസംബര്‍ 04: മുന്‍കൂര്‍ ജാമ്യഹരജി കോടതി തള്ളുന്നു, പാര്‍ട്ടിയില്‍ നിന്ന് പുറത്ത്.
Rahul Mangootath has approached the Kerala High Court seeking anticipatory bail in the rape case after the Thiruvananthapuram Sessions Court rejected his bail plea.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."