ഇൻഡിഗോ പ്രതിസന്ധി: 84 പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ
ന്യൂഡൽഹി: ഇൻഡിഗോ വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയതിനെത്തുടർന്ന് യാത്രാ പ്രതിസന്ധിയിലായ ജനങ്ങൾക്ക് ആശ്വാസമായി ഇന്ത്യൻ റെയിൽവേ. രാജ്യത്തുടനീളമായി 84 പ്രത്യേക ട്രെയിൻ സർവീസുകളാണ് റെയിൽവേ പ്രഖ്യാപിച്ചത്. പ്രധാനമായും 104 ട്രിപ്പുകൾ നടത്തേണ്ട ട്രെയിനുകളാണ് റെയിൽവേ മന്ത്രാലയത്തിന്റെ ഏകോപനത്തിൽ അടിയന്തരമായി സജ്ജീകരിച്ചിരിക്കുന്നത്. ന്യൂഡൽഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, പട്‌ന, ഹൗറ തുടങ്ങിയ പ്രധാന നഗരങ്ങളിലെ യാത്രാ തിരക്ക് വിലയിരുത്തിയ ശേഷമാണ് പ്രത്യേക ട്രെയിനുകൾ ഏർപ്പെടുത്തിയത്.
സോണുകൾ തിരിച്ചുള്ള ക്രമീകരണങ്ങൾ
സെൻട്രൽ റെയിൽവേ: 14 പ്രത്യേക ട്രെയിനുകൾ.
നോർത്തേൺ റെയിൽവേ: 10 പ്രത്യേക ട്രെയിനുകൾ.
വെസ്റ്റേൺ റെയിൽവേ: മുംബൈ സെൻട്രൽ-ന്യൂഡൽഹി, മുംബൈ സെൻട്രൽ-ഭിവാനി, മുംബൈ സെൻട്രൽ-ഷാക്കൂർ ബസ്തി, ബാന്ദ്ര ടെർമിനസ്-ദുർഗാപുര, വൽസാദ്-ബിലാസ്പൂർ, സബർമതി-ഡൽഹി, സബർമതി-ഡൽഹി സരായ് രോഹില്ല എന്നീ സ്റ്റേഷനുകൾക്കിടയിൽ പ്രത്യേക നിരക്കിൽ ഏഴ് സർവീസുകൾ.
സൗത്ത് സെൻട്രൽ റെയിൽവേ: നാല് പ്രത്യേക ട്രെയിനുകൾ
മറ്റ് സോണുകളും: മറ്റ് സോണുകളും പ്രത്യേക ട്രെയിനുകളുടെ സമയക്രമം ഉൾപ്പെടെയുള്ള അറിയിപ്പുകൾ നൽകിയിട്ടുണ്ട്. വർധിച്ചുവരുന്ന യാത്രാ ആവശ്യങ്ങൾ പരിഗണിച്ച് സെൻട്രൽ റെയിൽവേ, നോർത്തേൺ റെയിൽവേ തുടങ്ങിയ സോണുകളിലെ പ്രത്യേക ട്രെയിനുകളുടെ എണ്ണം ഇനിയും വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
യാത്രക്കാരെ ട്രെയിൻ സർവീസുകളെക്കുറിച്ച് ബോധവാന്മാരാക്കുന്നതിനായി ചില റെയിൽവേ ഡിവിഷനുകൾ അടുത്തുള്ള വിമാനത്താവളങ്ങളിൽ പോലും വിവരങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. സൗത്ത് ഈസ്റ്റേൺ റെയിൽവേ പ്രത്യേക പത്രക്കുറിപ്പ് പുറത്തിറക്കി എയർപോർട്ട് അതോറിറ്റിയെ വിവരം അറിയിക്കുകയും ചെയ്തിട്ടുണ്ട്.
തുടർച്ചയായ അഞ്ച് ദിവസങ്ങളിലുണ്ടായ ഇൻഡിഗോ വിമാനങ്ങളുടെ റദ്ദാക്കലുകളും കാലതാമസവും ആയിരക്കണക്കിന് യാത്രക്കാർക്കാണ് ബുദ്ധിമുട്ടുണ്ടാക്കിയത്. പലർക്കും ലഗേജുകൾ നഷ്ടപ്പെട്ട സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
a crisis at Indigo airlines, the Indian Railways has announced 84 special train services to provide relief to affected passengers, offering an alternative mode of transport.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."