ഡിജിറ്റൽ സുരക്ഷ വീട്ടിൽ നിന്ന്; കുട്ടികളുടെ ഓൺലൈൻ ഉപയോഗം; മാതാപിതാക്കൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് യുഎഇ സൈബർ സുരക്ഷാ കൗൺസിൽ
ദുബൈ: ഓൺലൈനിൽ കുട്ടികൾ നേരിടുന്ന അപകടങ്ങളിൽ നിന്ന് അവരെ സംരക്ഷിക്കുന്നതിനായി മാതാപിതാക്കൾ കൂടുതൽ ശ്രദ്ധിക്കണമെന്ന് യുഎഇ സൈബർ സുരക്ഷാ കൗൺസിൽ (UAE Cybersecurity Council).
സാങ്കേതികവിദ്യയേക്കാൾ ഉപരി, ദോഷകരമായ ഉള്ളടക്കം, തട്ടിപ്പുകൾ, സൈബർ ആക്രമണം എന്നിവയിൽ നിന്ന് കുട്ടികളെ രക്ഷിക്കുന്നതിനുള്ള ആദ്യത്തെതും ഏറ്റവും പ്രധാനപ്പെട്ടതുമായ രക്ഷകർ മാതാപിതാക്കൾ തന്നെയാണെന്ന് കൗൺസിൽ വ്യക്തമാക്കി.
ഡിജിറ്റൽ ലോകത്തേക്കുള്ള പ്രവേശനം മാത്രമല്ല കുട്ടികൾക്ക് വേണ്ടത്. വ്യാജ ലിങ്കുകൾ, സുരക്ഷിതമല്ലാത്ത ഗെയിമുകൾ, വിശ്വസിക്കാൻ കൊള്ളാത്ത ആപ്പുകൾ, വർധിച്ചുവരുന്ന ഓൺലൈൻ ഉപദ്രവങ്ങൾ എന്നിവയിൽ നിന്ന് അവരെ സംരക്ഷിക്കാൻ സ്ഥിരമായ ഡിജിറ്റൽ മേൽനോട്ടം അനിവാര്യമാണെന്നും കൗൺസിൽ വ്യക്തമാക്കി.
ആശങ്കയുണ്ടാക്കുന്ന കണക്കുകൾ
കൗൺസിൽ അവരുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ചാനലുകളിൽ പങ്കുവെച്ച പുതിയ വിവരങ്ങൾ, ഈ വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.
- 8 മുതൽ 12 വയസ്സുവരെയുള്ള 72% കുട്ടികളും ദിവസവും സ്‌മാർട്ട്‌ഫോൺ ഉപയോഗിക്കുന്നു.
- 43% മാതാപിതാക്കൾ മാത്രമാണ് കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ പതിവായി നിരീക്ഷിക്കുന്നത്.
- സ്‌ക്രീൻ സമയം മികച്ച രീതിയിൽ കൈകാര്യം ചെയ്യേണ്ടതുണ്ടെന്ന് 42% മാതാപിതാക്കൾ സമ്മതിച്ചു.
- ചെറിയ കുട്ടികൾക്കിടയിലെ സൈബർ ആക്രമണ കേസുകളിൽ 18% വർധന രേഖപ്പെടുത്തി.
പേരന്റൽ കൺട്രോൾ സോഫ്റ്റ്‌വെയറുകൾ
മാതാപിതാക്കൾ ഡിജിറ്റൽ സുരക്ഷാ ഉപകരണങ്ങളെക്കുറിച്ച് അവബോധം നേടേണ്ടതിന്റെ പ്രാധാന്യം കൗൺസിൽ എടുത്തുപറഞ്ഞു. പേരന്റൽ കൺട്രോൾ സോഫ്റ്റ്‌വെയറുകൾ അത്യാവശ്യമായ ഒന്നാണെന്നും കൗൺസിൽ ചൂണ്ടിക്കാട്ടി.
ഈ ഉപകരണങ്ങൾ കുട്ടികൾക്ക് ഉത്തരവാദിത്തബോധത്തോടെ ഓൺലൈനിൽ കാര്യങ്ങൾ പഠിക്കാനും കണ്ടെത്താനും സഹായിക്കുന്ന ഒരു സുരക്ഷിത ഡിജിറ്റൽ അന്തരീക്ഷം സൃഷ്ടിക്കുന്നു.
ചെറിയ കുട്ടികൾക്ക് മാത്രമല്ല, മുതിർന്ന കുട്ടികൾക്കും കൗമാരക്കാർക്കും ഈ സംവിധാനം ഒരുപോലെ അനുയോജ്യമാണ്.
തെറ്റിദ്ധാരണകൾ മാറ്റിവെക്കണം
പേരന്റൽ കൺട്രോൾ ടൂളുകൾ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന ചില മാതാപിതാക്കളുടെ വിശ്വാസം തെറ്റാണെന്ന് കൗൺസിൽ തിരുത്തി. സൈബർ ഭീഷണികളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാനും ആരോഗ്യകരമായ ഡിജിറ്റൽ ശീലങ്ങൾ പ്രോത്സാഹിപ്പിക്കാനുമാണ് ഇവ ലക്ഷ്യമിടുന്നത്.
ചെറിയ കുട്ടികൾക്ക് മാത്രമേ ഈ സുരക്ഷാ സംവിധാനങ്ങൾ ആവശ്യമുള്ളൂ എന്ന ധാരണ തെറ്റാണ്. തട്ടിപ്പുകൾക്കും, ചൂഷണങ്ങൾക്കും, ഓൺലൈൻ ഭീഷണികൾക്കും കൗമാരക്കാർ സ്ഥിരമായി ഇരയാകുന്നുണ്ട്.
തെറ്റിധാരണകളെല്ലാം മാറ്റിവെച്ച്, അവബോധം, പേരന്റൽ കൺട്രോൾ സാങ്കേതികവിദ്യകളുടെ ഉപയോഗം എന്നിവയിലൂടെ കുട്ടികൾക്ക് സുരക്ഷിതമായ ഒരു ഡിജിറ്റൽ ലോകം കെട്ടിപ്പടുക്കാൻ കുടുംബങ്ങൾ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് കൗൺസിൽ അഭ്യർത്ഥിച്ചു.
The UAE Cyber Security Council advises parents to be more vigilant in safeguarding their children from online threats and dangers.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."