പ്രദർശനാനുമതി നൽകരുത്, സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണം; കേരള സ്റ്റോറി ടുവിനെതിരായ ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
കൊച്ചി: കേരള സ്റ്റോറി ടുവിന്റെ പ്രദർശനാനുമതി തടയണമെന്നും സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ഹരജി നല്‍കിയത്. കേരളം വർഗീയതയുടെയും മതപരിവർത്തനത്തിന്റെയും കേന്ദ്രമാണെന്ന രീതിയിലുള്ള തെറ്റായ സന്ദേശം സിനിമ നൽകുന്നുവെന്നാണ് ഹരജിയിൽ പറയുന്നത്. ഇതേതുടര്‍ന്ന് സെന്‍സര്‍ബോര്‍ഡിനും ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കും കോടതി നോട്ടിസ് അയച്ചിരുന്നു.
കുറച്ചു ദിവസം മുന്‍പാണ് കാമാഖ്യ നാരായണ സിങ് സംവിധാനം ചെയ്യുന്ന കേരള സ്റ്റോറി 2 എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത്. ഹിന്ദു പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗമടക്കം അതിലുണ്ടായിരുന്നു. ട്രെയിലര്‍ പുറത്തിറങ്ങിയതിന് പിന്നാലെ സിനിമയ്‌ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവര്‍ ചിത്രത്തിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
കേരളത്തിനെതിരേ വ്യാജപ്രചാരണം ലക്ഷ്യമിട്ടുള്ള ''ദി കേരള സ്റ്റോറി'' ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നുവെന്ന വാര്‍ത്തകളോട് രൂക്ഷമായാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. നട്ടാല്‍ കുരുക്കാത്ത നുണകളും വിദ്വേഷവും കേരളവിരുദ്ധ പ്രചാരണവും കുത്തിനിറച്ച ഒന്നാം ഭാഗം വര്‍ഗീയ ലക്ഷ്യത്തോടെ നിര്‍മിച്ചതാണെന്ന് ഈ നാട് തിരിച്ചറിഞ്ഞതാണെന്നും വിദ്വേഷ പ്രചാരണങ്ങളെ അവജ്ഞയോടെ തള്ളണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സാഹോദര്യവും മതേതരത്വവും ഉയര്‍ത്തിപ്പിടിക്കുന്ന കേരളത്തിന്റെ മാതൃകയെ ഭയപ്പെടുന്നവരാണ് തുടര്‍ച്ചയായ വിദ്വേഷ പ്രചാരണങ്ങളുടെ അണിയറക്കാര്‍.
''കേരള സ്റ്റോറി'' എന്ന അപഹാസ്യമായ വ്യാജ പ്രതീതി നിര്‍മിതിയെ ഏറ്റെടുത്ത് പ്രചരിപ്പിച്ചത് സംഘപരിവാര്‍ കേന്ദ്രങ്ങളാണ്. പരസ്പര സമ്മതത്തോടെ നടക്കുന്ന വിവാഹങ്ങളെപ്പോലും വര്‍ഗീയതയുടെയും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെയും നിറം നല്‍കി തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നതും അവരാണ്. നാടിന്റെ ശാന്തിയിലും സമാധാനത്തിലും വിഷം കലക്കാന്‍ ശ്രമിക്കുന്ന ഈ ശക്തികളാണ് നമ്മുടെ നാടിന്റെ ശത്രുക്കള്‍.
'ബീഫ്' എന്ന പേരിട്ടത് കൊണ്ട് ചലച്ചിത്ര മേളയിലെ ഒരു ചിത്രത്തിന് പ്രദര്‍ശനാനുമതി പോലും നിഷേധിച്ച കാലത്ത് സമൂഹത്തില്‍ ഭിന്നതയും വിദ്വേഷവും പടര്‍ത്തുക എന്ന ലക്ഷ്യത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന വിഷസൃഷ്ടികള്‍ക്ക് എങ്ങനെയാണ് പ്രദര്‍ശന അനുമതി ലഭിക്കുന്നത് എന്നത് ആശ്ചര്യകരമാണ്. വസ്തുതകളെയും, മതനിരപേക്ഷതയുടെയും സാഹോദര്യത്തിന്റെയും മൂല്യങ്ങളെയും ശക്തമായി ഉയര്‍ത്തിപ്പിടിക്കണമെന്നും നുണകള്‍ക്കെതിരേ സത്യം ജയിക്കണമെന്നും അതിനായി നാം ഒരുമിച്ച് നിലകൊള്ളണമെന്നും മുഖ്യമന്ത്രി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
The Kerala High Court is set to consider a petition seeking to ban the release of 'The Kerala Story 2', alleging it promotes communal disharmony and misrepresents Kerala. The petitioner, Shreedharan Namboothiri, claims the film's trailer contains provocative content and seeks cancellation of its censor certificate.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."