തിരുമല തിരുപ്പതി ദേവസ്ഥാനത്ത് വൻ അഴിമതി; സിൽക്ക് ഷോളുകളുടെ പേരിൽ 54 കോടി രൂപ തട്ടിയെടുത്തതായി റിപ്പോർട്ട്
ഹൈദരാബാദ്: തിരുമല തിരുപ്പതി ദേവസ്ഥാനത്ത് (ടിടിഡി) വൻ അഴിമതി കണ്ടെത്തിയതായി റിപ്പോർട്ട്. ക്ഷേത്രത്തിലെ ആവശ്യങ്ങൾക്കും ഭക്തർക്കുള്ള സമ്മാനങ്ങൾക്കുമായി വാങ്ങിയ ഷോളുകളുടെ മറവിൽ 54 കോടി രൂപയുടെ തട്ടിപ്പാണ് നടന്നതെന്നാണ് പ്രാഥമിക കണ്ടെത്തൽ. 'സിൽക്ക്' എന്ന പേരിൽ കരാറുകാരൻ നൽകി വന്നത് സാധാരണ പോളിസ്റ്റർ മെറ്റീരിയൽ കൊണ്ടുണ്ടാക്കിയ ഷോളുകളാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.
2015 മുതൽ 2025 വരെയുള്ള ഒരു ദശാബ്ദക്കാലയളവിലാണ് അഴിമതി നടന്നതായി കണ്ടെത്തിയിരിക്കുന്നത്. ടിടിഡി ചെയർമാൻ ബി.എ. നായിഡുവിന് ഉണ്ടായ സംശയമാണ് സംഭവത്തിൽ അന്വേഷണം പ്രഖ്യാപിക്കാൻ കാരണമായത്. സിൽക്ക് തുണികൾക്ക് ബില്ലിട്ട്, വില കുറഞ്ഞ പോളിസ്റ്റർ ഷാളുകൾ ക്ഷേത്രത്തിന് നൽകുകയായിരുന്നു കരാറുകാരൻ ചെയ്തത്. ഇത്തരത്തിൽ ക്ഷേത്രത്തിന് 54 കോടി രൂപയുടെ നഷ്ടം സംഭവിച്ചെന്നാണ് അന്വേഷണ റിപ്പോർട്ട്.
ഷോളുകളുടെ സാമ്പിളുകൾ ശാസ്ത്രീയ പരിശോധനക്കായി കേന്ദ്ര സിൽക്ക് ബോർഡിന്റെ അടക്കം ലാബുകളിലേക്ക് അയച്ചിരുന്നു. ഈ പരിശോധനകളിലെല്ലാം ഇവ പോളിസ്റ്റർ ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അഴിമതി നടന്ന കാലയളവിലുടനീളം ഒരേ സ്ഥാപനവും അതിന്റെ സഹോദര സ്ഥാപനങ്ങളുമായിരുന്നു ഷോളുകൾ വിതരണം ചെയ്തിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
അഴിമതി കണ്ടെത്തിയതിനെ തുടർന്ന് നിലവിലുള്ള എല്ലാ ടെൻഡറുകളും തിരുമല തിരുപ്പതി ദേവസ്ഥാനം റദ്ദാക്കി. സംഭവത്തിൽ സംസ്ഥാന ആന്റി കറപ്‌ഷൻ ബ്യൂറോയെ വിവരമറിയിക്കുമെന്നും സമഗ്രമായ ഉന്നതതല അന്വേഷണത്തിനായി ആവശ്യപ്പെടുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രാജ്യത്തെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ തിരുപ്പതിയിൽ നടന്ന ഈ വൻ തട്ടിപ്പ് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.
A massive corruption scandal has emerged at the Tirumala Tirupati Devasthanam (TTD), where a contractor allegedly supplied polyester shawls and dupattas instead of the specified pure silk ones over a ten-year period (2015-2025). The fraud is estimated to have caused a loss of over ₹54 crore to the temple trust. The irregularity was discovered after the TTD Chairman ordered a vigilance inquiry, and laboratory tests confirmed the material was inferior polyester. The TTD has since cancelled the contracts and requested the Anti-Corruption Bureau (ACB) to launch a full investigation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."