ലോകത്തിലെ ഏറ്റവും അസമത്വങ്ങളുള്ള രാജ്യങ്ങളിലൊന്നായി ഇന്ത്യ; രാജ്യത്തെ സമ്പത്തിന്റെ 40 ശതമാനം ഒരു ശതമാനം വരുന്ന സമ്പന്നരുടെ കയ്യില്‍
ന്യൂഡല്‍ഹി: ലോകത്തില്‍ ഏറ്റവും കൂടുതല്‍ അസമത്വമുള്ള രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ. ഇന്ത്യയില്‍ സമ്പന്നനും ദരിദ്രനും തമ്മിലുള്ള അന്തരം ക്രമാധീതമായി ഉയര്‍ന്നതായി 2026 ലോക അസമത്വ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ മൊത്തം സമ്പത്തിന്റെ 40 ശതമാനവും ഒരു ശതമാനം മാത്രം വരുന്ന സമ്പന്നരുടെ കയ്യിലാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
പാരീസ് ആസ്ഥാനമായുള്ള വേള്‍ഡ് ഇക്വാലിറ്റി ലാബിലെ ലൂക്കാസ് ചാന്‍സല്‍, റിക്കാര്‍ഡോ ഗോമസ്-കരേര, റൊവൈഡ മോഷ്രിഫ്, തോമസ് പിക്കറ്റി എന്നിവര്‍ എഡിറ്റ് ചെയ്ത വേള്‍ഡ് ഇക്വാലിറ്റി റിപ്പോര്‍ട്ട് 2026 പുറത്തുകൊണ്ടുവന്ന ചില വിശദാംശങ്ങള്‍ മാത്രമാണ് ഈ ശ്രദ്ധേയമായ സ്ഥിതിവിവരക്കണക്കുകള്‍. സാമ്പത്തിക അസമത്വങ്ങളിലേക്ക് മാത്രമല്ല, ജീവിതങ്ങളെ രൂപപ്പെടുത്തുന്ന മറ്റ് തരത്തിലുള്ള നിരന്തരമായ ആഗോള അസമത്വങ്ങളിലേക്കും റിപ്പോര്‍ട്ട് വിരല്‍ ചൂണ്ടുന്നു.
കഴിഞ്ഞ കാലങ്ങളില്‍ ഇന്ത്യ നേരിട്ടുകൊണ്ടിരിക്കുന്ന പ്രധാനവെല്ലുവിളിയായ സാമ്പത്തിക അസമത്വത്തില്‍ നിന്ന് കരകയറാന്‍ പുതിയ സാമ്പത്തികവര്‍ഷത്തിലും രാജ്യത്തിനായില്ലെന്നാണ് വ്യക്തമായി സൂചിപ്പിക്കുന്നതാണ് കണക്കുകള്‍. പഠനം പ്രകാരം സമ്പന്നരായ 10 ശതമാനം പേര്‍ രാജ്യത്തിന്റെ 40 ശതമാനം സമ്പത്തും കയ്യടക്കിവെച്ചിരിക്കുകയാണ്.
ലോകത്തിലെ 60,000-ത്തില്‍ താഴെ ആളുകള്‍ മാത്രമാണ് ലോകജനസംഖ്യയുടെ പകുതി പേരുടെ മൊത്തം സമ്പത്തിന്റെ മൂന്നിരട്ടി സമ്പത്ത് നിയന്ത്രിക്കുന്നത്. അതായത്, ഇന്ന് ലോകത്തിലെ 8.2 ബില്യണിലധികം ആളുകളില്‍, വെറും 60,000 പേര്‍ മാത്രമാണ് 4.1 ബില്യണ്‍ ആളുകളുടെ മൊത്തം സമ്പത്തിന്റെ മൂന്നിരട്ടി സമ്പത്ത് നിയന്ത്രിക്കുന്നത്- റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ലോകജനസംഖ്യയുടെ 50 ശതമാനത്തോളം വരുന്ന ദരിദ്രര്‍ക്ക് ലോകസമ്പത്തിന്റെ രണ്ട് ശതമാനം മാത്രമേ കൈവശമുള്ളൂ. എന്നാല്‍ വെറും രണ്ട് ശതമാനം മാത്രമുള്ള ലോകത്തെ ശതകോടീശ്വരന്മാര്‍ കൈവശം വെച്ചിരിക്കുന്നത് ആഗോളസമ്പത്തിന്റെ 76 ശതമാനവുമാണ്.
ഇന്ത്യയില്‍ ദരിദ്രരായ 50 ശതമാനമാളുകള്‍ക്ക് വരുമാനത്തിന്റെ 15 ശതമാനം മാത്രമാണ് ലഭിക്കുന്നത്. അതസമയം, ദേശീയവരുമാനത്തിന്റെ 58 ശതമാനം കയ്യിലാക്കുന്നത് 10 ശതമാനം വരുന്ന സമ്പന്നരാണ്. വരുമാനത്തിലെ അന്തരം 2014നും 2024നും ഇടയില്‍ ഉണ്ടായിരുന്ന അവസ്ഥയില്‍ നിന്ന് മാറ്റമില്ലാതെ തുടരുകയാണെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു.
സ്ത്രീകളുടെ തൊഴില്‍മേഖലയുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും കഴിഞ്ഞുപോയ പത്ത് വര്‍ഷങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ മാറ്റമില്ലാതെ തുടരുകയാണ്. വെറും 15.6 ശതമാനം മാത്രമാണ് ഇന്ത്യയിലെ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. കൂലിയിലും അസമത്വമാണ് രാജ്യത്ത് കാണിക്കുന്നത്. മാത്രമല്ല, പുരുഷന്‍ മണിക്കൂറില്‍ നേടുന്നതിന്റെ 32 ശതമാനം മാത്രമാണ് സ്ത്രീകള്‍ക്ക് കൂലിയായി ലഭിച്ചുകൊണ്ടിരിക്കുന്നത്. തുച്ഛമായ വേതനം സ്ത്രീകള്‍ക്ക് തൊഴിലിടങ്ങളില്‍ നല്‍കുന്ന മോശം പരിഗണനകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
രാജ്യത്തെ സാമ്പത്തിക അസമത്വം എന്നും ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്. എന്നാല്‍ വെറും ചര്‍ച്ചകളില്‍ ഒതുങ്ങിപ്പോവുന്നതാണ് പതിവ്.
the 2026 world inequality report highlights india as one of the most unequal countries, with the richest 1% owning 40% of total wealth and the bottom 50% receiving only 15% of national income. the report also points to stagnant female workforce participation and global wealth concentrated in a tiny elite group.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."