തീവ്രമായ വൈരാഗ്യം: ചിത്രപ്രിയയെ അലൻ കൊലപ്പെടുത്തിയത് ആസൂത്രിതമായി; കൂടുതൽ തെളിവുകൾ തേടി പൊലിസ്
കൊച്ചി: മലയാറ്റൂരിൽ കഴിഞ്ഞ ദിവസം മരിച്ചനിലയിൽ കണ്ടെത്തിയ ചിത്രപ്രിയയെ ആൺസുഹൃത്ത് കൊലപ്പെടുത്തിയതാണെന്ന് സ്ഥിരീകരിച്ചതോടെ കേസുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ശേഖരിച്ച് വരികയാണെന്ന് ആലുവ റൂറൽ എസ്പി അറിയിച്ചു. കൂടുതൽ പേർക്ക് കൊലപാതകത്തിൽ പങ്കുണ്ടോ എന്നും പൊലിസ് പരിശോധിക്കുന്നുണ്ട്. പെൺകുട്ടിയുടെ ഫോൺ വിശദമായ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും എസ്പി വ്യക്തമാക്കി.
ചിത്രപ്രിയയുടെ ആൺസുഹൃത്തായ അലൻ, കൃത്യമായ ആസൂത്രണത്തോടെയാണ് പെൺകുട്ടിയെ തലക്കടിച്ച് കൊലപ്പെടുത്തിയതെന്ന് പൊലിസ് പറയുന്നു. കൊലപാതകത്തിന് മുൻപ് പെൺകുട്ടിക്ക് ലഹരി നൽകിയിരുന്നോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്. കൊലയ്ക്ക് മുൻപ് ഇരുവരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായതായും പൊലിസ് അറിയിച്ചു.
സ്‌കൂൾ പഠനകാലം മുതൽ അലന് ചിത്രപ്രിയയെ അറിയാമായിരുന്നു. എന്നാൽ അലൻ അടുക്കാൻ ശ്രമിച്ചപ്പോഴൊക്കെ പെൺകുട്ടി അകറ്റി നിർത്തിയിരുന്നതായി ബന്ധുക്കൾ വെളിപ്പെടുത്തി. മികച്ച വോളിബോൾ താരമായിരുന്ന ചിത്രപ്രിയ പിന്നീട് കോലഞ്ചേരിയിലെ സ്‌കൂളിലേക്ക് മാറിയപ്പോഴും അലൻ പിന്തുടർന്ന് ശല്യം തുടർന്നു. പിന്നീട് ബെംഗളൂരുവിലെ പഠനത്തിനായി പോയപ്പോഴും അലൻ ഫോൺ വിളി തുടർന്നു.
ശല്യം സഹിക്കവയ്യാതായതോടെ ചിത്രപ്രിയ താക്കീത് നൽകിയതോടെ അലൻ പ്രകോപിതനാവുകയായിരുന്നുവെന്ന് പൊലിസ് പറയുന്നു. ഇതിനു മുൻപ് ബ്ലേഡ് ഉപയോഗിച്ച് കൈയിൽ ചിത്രപ്രിയയുടെ പേര് വരഞ്ഞിടുന്നതിലൂടെ അലൻ തന്റെ പ്രണയ തീവ്രത പ്രകടിപ്പിച്ചിരുന്നു.
നാട്ടിലെത്തിയ ചിത്രപ്രിയയെ, 'എല്ലാം സംസാരിച്ച് തീർക്കാം' എന്ന് തെറ്റിദ്ധരിപ്പിച്ചാണ് ശനിയാഴ്ച അലൻ ബൈക്കിൽ കയറ്റി കൊണ്ടുപോയത്. വീട്ടുകാർ എതിർക്കുമെന്നതിനാൽ ആരോടും പറയാതെയാണ് ചിത്രപ്രിയ അലനൊപ്പം പോയത്. നക്ഷത്ര തടാകത്തിന് സമീപം ഇരുവരും തമ്മിൽ തർക്കിക്കുന്നത് ചിലർ കണ്ടിരുന്നതായും പൊലിസിന് സൂചന ലഭിച്ചു. ഇവിടെ നിന്നാണ് കൊലപാതകം നടന്ന സെബിയൂർ കൂരപ്പിള്ളി കയറ്റത്തിലേക്ക് പെൺകുട്ടിയെ കൊണ്ടുപോയത്. ഒറ്റപ്പെട്ട സ്ഥലമായതിനാൽ ചിത്രപ്രിയ നിലവിളിച്ചിട്ടും ആരും കേട്ടില്ല. കല്ലുകൊണ്ട് തലയ്ക്ക് പിന്നിൽ ചെവിക്കരികിലായി ശക്തമായി ഇടിക്കുകയായിരുന്നു. ശക്തമായ ഇടിയേറ്റതോടെ ചിത്രപ്രിയ ബോധരഹിതയായി വീണതോടെ അലൻ ഓടി രക്ഷപ്പെട്ടു.
ചിത്രപ്രിയക്ക് അലൻ ലഹരി നൽകിയിരുന്നോ എന്ന സംശയം ബന്ധുക്കൾക്കുണ്ട്. അടിയേറ്റ് ബോധരഹിതയായ പെൺകുട്ടിയെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം മൃതദേഹം കണ്ടെത്തിയതോടെയാണ് പൊലിസ് വീണ്ടും അലനിലേക്ക് എത്തിയത്. ആദ്യം ചോദ്യം ചെയ്തപ്പോൾ തനിക്ക് അറിയില്ലെന്ന് പറഞ്ഞ അലനെ, മൃതദേഹം കണ്ടെത്തിയതിന് ശേഷം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം താൻ തന്നെയാണ് നടത്തിയതെന്നും, കൊല്ലാൻ തന്നെയാണ് ബൈക്കിൽ കയറ്റി കൊണ്ടുപോയതെന്നും സമ്മതിച്ചത്. ഫോൺ പരിശോധനയിൽ ഇരുവരും തമ്മിൽ രൂക്ഷമായ തർക്കം നിലനിന്നിരുന്നതായി വ്യക്തമായി.
സംഭവത്തിൽ കൂടുതൽ പ്രതികളില്ലെന്ന് പൊലിസ് പറയുമ്പോഴും, മൃതദേഹത്തിനരികിൽ നിന്ന് ലഭിച്ച വാച്ചിലാണ് ദുരൂഹത. ഈ വാച്ച് അലന്റേതോ കൊല്ലപ്പെട്ട പെൺകുട്ടിയുടേതോ അല്ല. റിമാൻഡിലുള്ള അലനെ അടുത്ത ദിവസം തന്നെ പൊലിസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് പൂർത്തിയാക്കാൻ ഒരുങ്ങുകയാണ്.
Alan, the boyfriend of Chithrapriya, is confirmed by the police to have strategically murdered her due to intense animosity, possibly after giving her narcotics. After hitting her on the head with a stone, Alan fled when she lost consciousness. The investigation is ongoing, with police gathering more evidence, including checking her phone and pursuing clues related to a mysterious watch found near the body, which was not owned by either the victim or the suspect. Alan has been arrested, and the police are seeking his custody for further interrogation and evidence collection.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."