നടി ആക്രമിക്കപ്പെട്ട കേസ്: 'ആസൂത്രണം ചെയ്‌തവർ ഇപ്പോഴും പകൽവെളിച്ചത്തിൽ'; കോടതി വിധിയിൽ വിമർശനവുമായി മഞ്ജു വാര്യർ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ കോടതി വിധിയിൽ രൂക്ഷ വിമർശനവുമായി പ്രമുഖ നടി മഞ്ജു വാര്യർ രംഗത്ത്. കുറ്റം ചെയ്തവർ മാത്രമേ ഇപ്പോൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ എന്നും, കേസിന്റെ ആസൂത്രകർ ആരായാലും അവർ ശിക്ഷിക്കപ്പെടണം എന്നും ഇപ്പോഴും പകൽവെളിച്ചത്തിൽ ഉണ്ടെന്നും മഞ്ജു വാര്യർ പറഞ്ഞു. ബഹുമാനപ്പെട്ട കോടതിയോട് ആദരവുണ്ടെങ്കിലും, ഈ കേസിൽ നീതി പൂർണമായി നടപ്പായിട്ടില്ല എന്നും മഞ്ജു വാര്യർ തന്റെ സമൂഹമാധ്യമങ്ങളിലൂടെ കുറിച്ചു.
"ബഹുമാനപ്പെട്ട കോടതിയോട് ആദരവുണ്ട്. പക്ഷെ ഇക്കാര്യത്തിൽ നീതി പൂർണമായി നടപ്പായി എന്ന് പറയാൻ ആവില്ല. കാരണം കുറ്റം ചെയ്തവർ മാത്രമേ ഇപ്പൊൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. ഇത് ആസൂത്രണം ചെയ്‌തവർ, അത് ആരായാലും, അവർ പുറത്ത് പകൽവെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാർഥ്യമാണ്," മഞ്ജു വാര്യർ വ്യക്തമാക്കി.
എട്ടാം പ്രതിയായ ദിലീപ് അടക്കമുള്ള പ്രതികളെ വെറുതെവിട്ട വിചാരണ കോടതി വിധിക്കെതിരെ അതിജീവിതയായ നടി തുറന്നടിച്ച് രംഗത്തെത്തിയതിന് തൊട്ടുപിന്നാലെയാണ് കേസിൽ എട്ടാം പ്രതിയായിരുന്ന കഴിഞ്ഞ ദിവസം കോടതി കുറ്റവിമുക്തനാക്കിയ നടൻ ദിലീപിനെതിരെ മുൻ ഭാര്യ കൂടിയായ മഞ്ജു വാര്യരും വിമർശനം ഉന്നയിക്കുന്നത്. ആസൂത്രണം ചെയ്തവർ കൂടി ശിക്ഷിക്കപ്പെട്ടാലേ അതിജീവിതയ്ക്കുള്ള നീതി പൂർണ്ണമാവുകയുള്ളൂ എന്നും, അത് പൊലിസിലും നിയമസംവിധാനത്തിലും സമൂഹത്തിനുള്ള വിശ്വാസം ദൃഢമാക്കാൻ അത്യാവശ്യമാണെന്നും അവർ അഭിപ്രായപ്പെട്ടു.
"ഇത് അവൾക്ക് വേണ്ടി മാത്രമല്ല. ഈ നാട്ടിലെ ഓരോ പെൺകുട്ടിക്കും, ഓരോ സ്ത്രീക്കും, ഓരോ മനുഷ്യർക്കും കൂടി വേണ്ടിയാണ്. സ്ത്രീകൾക്ക് തൊഴിലിടങ്ങളിലും തെരുവിലും ജീവിതത്തിലും സധൈര്യം തലയുയർത്തിപ്പിടിച്ച് ഭയപ്പാടില്ലാതെ നടക്കാൻ കഴിയുന്ന സാഹചര്യമുണ്ടാകണം, ഉണ്ടായേ തീരൂ. അന്നും, ഇന്നും, എന്നും അവൾക്കൊപ്പം," എന്നും മഞ്ജു വാര്യർ കൂട്ടിച്ചേർത്തു.
അതിജീവിതയുടെ പ്രതികരണം: 'വെളിച്ചത്തിന്റെ നേരിയ കണിക കാണുന്നു'
വിധിയോടുള്ള പ്രതികരണത്തിൽ അതിജീവിതയും വിചാരണ കോടതിയുടെ നടപടികളിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. പ്രതികളിൽ ആറുപേർ ശിക്ഷിക്കപ്പെട്ടത് തനിക്ക് ആശ്വാസം നൽകുന്നുണ്ടെന്നും, എട്ട് വർഷവും ഒമ്പത് മാസവും 23 ദിവസവും നീണ്ട വേദനാജനകമായ യാത്രയുടെ അവസാനമെന്നോണം "വെളിച്ചത്തിന്റെ നേരിയ ഒരു കണിക" കാണുന്നുവെന്നും അവർ അഭിപ്രായപ്പെട്ടു.
പ്രധാന ആരോപണങ്ങൾ:
തന്റെ വേദനകളെ നുണയെന്നും കേസ് കെട്ടിച്ചമച്ച കഥയെന്നും പരിഹസിച്ചവർക്കായി ഈ വിധി സമർപ്പിക്കുന്നുവെന്ന് അവർ പറഞ്ഞു. ഒന്നാം പ്രതി തന്റെ പേഴ്‌സണൽ ഡ്രൈവർ ആയിരുന്നുവെന്ന പ്രചാരണം ശുദ്ധമായ നുണയാണെന്ന് അതിജീവിത ആവർത്തിച്ചു.
2020-ന്റെ അവസാനം ചില അന്യായമായ നീക്കങ്ങൾ ബോധ്യപ്പെട്ടെന്നും, കുറ്റാരോപിതരിൽ ഒരാളുടെ കാര്യത്തിലേക്ക് അടുക്കുമ്പോൾ മാത്രം കേസ് കൈകാര്യം ചെയ്ത രീതിയിൽ മാറ്റം വന്നുവെന്നും അവർ ചൂണ്ടിക്കാട്ടി. ജഡ്ജിൽ നിന്നും കേസ് മാറ്റണമെന്നുള്ള തന്റെ ഹർജികൾ നിഷേധിക്കപ്പെട്ടെന്നും അതിജീവിത കൂട്ടിച്ചേർത്തു.
വിധിക്കെതിരെ മഞ്ജു വാര്യരും അതിജീവിതയും ഒരുമിച്ച് വിമർശനം ഉന്നയിച്ചതോടെ കേസിന്റെ തുടർനടപടികളിൽ രാഷ്ട്രീയ-സാമൂഹിക ശ്രദ്ധ വർദ്ധിച്ചിരിക്കുകയാണ്.
Actress Manju Warrier openly criticized the court verdict in the actress abduction and assault case, stating that while the perpetrators have been punished, those who planned the crime are still walking free in "broad daylight." She emphasized that full justice will only be served when the conspirators are also convicted, echoing the similar dissatisfaction expressed by the survivor herself. Both actors expressed a lack of complete faith in the legal process concerning certain accused individuals.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."