ചിരിയും ചിന്തയും ബാക്കിവെച്ച് ശ്രീനിവാസൻ വിടവാങ്ങി; മലയാള സിനിമയിൽ ഒരു യുഗത്തിന്റെ അന്ത്യം; അനുസ്മരിച്ച് പ്രമുഖർ
കൊച്ചി: മലയാള സിനിമയിൽ ഹാസ്യത്തിലൂടെയും സാമൂഹ്യവിമർശനത്തിലൂടെയും പച്ചമനുഷ്യന്റെ ജീവിതം അടയാളപ്പെടുത്തിയ ബഹുമുഖ പ്രതിഭ ശ്രീനിവാസൻ (69) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരിക്കെ തൃപ്പുണിത്തുറയിലെ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം.
ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം, ഇന്ന് രാവിലെ ഡയാലിസിസിനായി വീട്ടിൽ നിന്നും ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്. തൃപ്പൂണിത്തുറയിൽ എത്തിയപ്പോഴേക്കും അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയായിരുന്നു. ഈ സമയം ഭാര്യ വിമല കൂടെയുണ്ടായിരുന്നു. ഉടൻ തന്നെ വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാൻ ശ്രമിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ അഞ്ചു പതിറ്റാണ്ടോളം സിനിമാലോകത്ത് സജീവമായിരുന്ന അദ്ദേഹത്തിന്റെ വിയോഗം മലയാളക്കരയ്ക്ക് തീരാനഷ്ടമാണ്. അന്തരിച്ച നടനെ അനുസ്മരിച്ച് പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.
"സൗഹൃദത്തിനപ്പുറമുള്ള വൈകാരിക ബന്ധം": മോഹൻലാൽ
"ഞങ്ങളുടേത് വലിയൊരു യാത്രയായിരുന്നു" - പ്രിയ സഹപ്രവർത്തകന്റെ വിയോഗത്തിൽ നടൻ മോഹൻലാൽ വികാരാധീനനായി. തമാശയെന്നു തോന്നുമെങ്കിലും ആഴത്തിലുള്ള ആശയങ്ങളാണ് ശ്രീനിവാസൻ തന്റെ സിനിമകളിലൂടെ പങ്കുവെച്ചതെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യപ്രശ്നങ്ങൾ കാരണം അവസാന നിമിഷങ്ങളിൽ അദ്ദേഹത്തെ കാണാൻ കഴിയാത്തതിലുള്ള വിഷമവും മോഹൻലാൽ പങ്കുവെച്ചു.
"എനിക്ക് മതിയായി എന്ന് അദ്ദേഹം പറഞ്ഞു": സത്യൻ അന്തിക്കാട്
ശ്രീനിവാസന്റെ ഉറ്റ സുഹൃത്തും സംവിധായകനുമായ സത്യൻ അന്തിക്കാട് വിതുമ്പലോടെയാണ് ഓർമ്മകൾ പങ്കുവെച്ചത്. "കഴിഞ്ഞ ദിവസം സംസാരിച്ചപ്പോൾ 'എനിക്ക് മതിയായി' എന്ന് ശ്രീനി പറഞ്ഞു. നമുക്ക് തിരിച്ചു വരാമെന്ന് ഞാൻ ആശ്വസിപ്പിച്ചു. ബുദ്ധിയും ചിന്തയും ഇപ്പോഴും ഷാർപ്പായിരുന്നു," അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ അനുശോചനം
സിനിമയിലെ നിലനിന്നിരുന്ന പല മാമൂലുകളെയും തകർത്തുകൊണ്ടാണ് ശ്രീനിവാസൻ ചുവടുവെച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. തന്റെ ആശയങ്ങൾ വിമർശിക്കപ്പെടുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ അവ സരസമായി അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. പച്ചമനുഷ്യന്റെ ജീവിതം വെള്ളിത്തിരയിൽ എത്തിക്കുന്നതിൽ അദ്ദേഹം വിജയിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
"കാലത്തിന് മുന്നേ നടന്ന കലാകാരൻ": വി.ഡി. സതീശൻ
ശ്രീനിവാസൻ കാലത്തിന് മുന്നേ നടന്ന വ്യക്തിത്വമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അനുസ്മരിച്ചു. സരസമായ വാക്കുകളിലൂടെ സാമൂഹ്യ യാഥാർത്ഥ്യങ്ങളെ ബോധ്യപ്പെടുത്തിയ അദ്ദേഹം ദേശീയ നിലവാരമുള്ള കലാകാരനായിരുന്നുവെന്നും സതീശൻ കൂട്ടിച്ചേർത്തു.
ഭാവനാസമ്പന്നമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച അതുല്യ പ്രതിഭയായിരുന്നു അദ്ദേഹം കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് അനുസ്മരിച്ചു. അഭിനയകലയിൽ ബാഹ്യസൗന്ദര്യത്തിന് പ്രസക്തിയില്ലെന്ന് ലോകത്തിന് കാട്ടിക്കൊടുത്ത നടനാണ് ശ്രീനിവാസൻ എന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. സാമൂഹ്യവിമർശനത്തിന്റെ ശക്തമായ ശബ്ദമായിരുന്നു അദ്ദേഹം എന്ന് അടൂർ പ്രകാശ് അനുശോചനം അറിയിച്ചു. 80-കളിലും 90-കളിലും മലയാള സിനിമയുടെ ഭാവുകത്വം മാറ്റിയെഴുതിയ എഴുത്തുകാരനായിരുന്നു ശ്രീനിവാസൻ ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു.
മലയാള സിനിമയിലെ ഏറ്റവും മികച്ച എഴുത്തുകാരിലൊരാൾക്ക് വിടയെന്ന് നടൻ പൃഥ്വിരാജ് കുറിച്ചപ്പോൾ, തന്റെ കരിയറിലെ പ്രധാന വേഷങ്ങളെല്ലാം ശ്രീനിയേട്ടൻ നൽകിയതാണെന്ന് നടി ഉർവശി അനുസ്മരിച്ചു. നാടകീയതയില്ലാത്ത പെരുമാറ്റമായിരുന്നു അദ്ദേഹത്തിന്റേതെന്ന് മല്ലികാ സുകുമാരൻ പറഞ്ഞു.
മലയാളിയുടെ നിത്യജീവിതത്തിലെ ദാസനും വിജയനും, വിശ്വനാഥനും, തളത്തിൽ ദിനേശനുമെല്ലാം ഇനി ഓർമ്മകളിൽ മാത്രം. ചിരിപ്പിച്ചും ചിന്തിപ്പിച്ചും അദ്ദേഹം വിട്ടുപോകുമ്പോൾ മലയാള സിനിമയിലെ ഏറ്റവും ദീപ്തമായ ഒരു കാലഘട്ടത്തിനാണ് തിരശ്ശീല വീഴുന്നത്.
veteran actor, screenwriter, and director sreenivasan passed away, marking the end of a golden age in malayalam cinema. known for his razor-sharp wit and profound social satire, he masterfully captured the life of the common man on the silver screen.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."