മലയാളത്തിന്റെ ശ്രീനിക്ക് വിട; സംസ്‌കാര ചടങ്ങുകള്‍ ഔദ്യോഗിക ബഹുമതികളോടെ പൂര്‍ത്തിയായി
കൊച്ചി: മലയാള സിനിമയിലെ അതുല്യ കലാകാരന്‍ ശ്രീനി ഇനി ഓര്‍മയില്‍. കഴിഞ്ഞ 13 വര്‍ഷമായി താന്‍ ജീവിക്കുകയും സ്നേഹിക്കുകയും പണിയെടുക്കുകയും ചെയ്ത വീട്ടുവളപ്പിലാണ് അദ്ദേഹത്തിന്റെ അന്ത്യവിശ്രമം. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. മൂത്തമകന്‍ വിനീത് ശ്രീനിവാസനാണ് അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചത്.
ഇന്നലെ രാവിലെ എട്ടരയോടെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഡയാലിസിസിനായി ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോള്‍ ശാരീരിക അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഭാര്യ വിമല ഒപ്പമുണ്ടായിരുന്നു.വിവിധ രോഗങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.
സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ ചിരിയുടെ മേമ്പൊടിയോടെ അവതരിപ്പിക്കാന്‍ ശ്രീനിവാസന് സവിശേഷമായ കഴിവുണ്ടായിരുന്നു. 30 ചിത്രങ്ങള്‍ക്ക് കഥയും അമ്പതോളം ചിത്രങ്ങള്‍ക്ക് തിരക്കഥയുമൊരുക്കി. 52 സിനിമകള്‍ക്ക് സംഭാഷണമെഴുതി. തമിഴില്‍ ഉള്‍പ്പെടെ ഇരുനൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. 48 വര്‍ഷം നീണ്ട സിനിമാ ജീവിതത്തിനാണ് ഇതോടെ അന്ത്യമായത്.
ആശുപത്രിയില്‍നിന്ന് തൃപ്പൂണിത്തുറ കണ്ടനാടുള്ള വസതിയിലും എറണാകുളം ടൗണ്‍ഹാളിലും പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സമൂഹത്തിന്റെ വിവിധ മേഖലകളിലെ പ്രമുഖര്‍ അടക്കം ആയിരങ്ങളെത്തി.
മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ പി.രാജീവ്, സജി ചെറിയാന്‍, ചലച്ചിത്രതാരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, ബേസില്‍ ജോസഫ്, ഉണ്ണിമുകുന്ദന്‍ സംവിധായകരായ സത്യന്‍ അന്തിക്കാട്, ജോഷി, രഞ്ജി പണിക്കര്‍ തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.
കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനും അധ്യാപകനുമായിരുന്ന ഉണ്ണി-ലക്ഷ്മി ദമ്പതികളുടെ മകനായി തലശേരി പാട്യത്ത് 1956 ഏപ്രില്‍ ആറിനായിരുന്നു ശ്രീനിവാസന്റെ ജനനം. കതിരൂര്‍ ഗവ. ഹൈസ്‌കൂളിലും മട്ടന്നൂര്‍ എന്‍.എസ്.എസ് കോളജിലും വിദ്യാഭ്യാസം.
പഠനകാലത്ത് നാടകത്തില്‍ സജീവമായി. രജനികാന്ത് അടക്കമുള്ള പ്രമുഖര്‍ക്കൊപ്പമായിരുന്നു സിനിമാ പഠനം. അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് 1977ല്‍ ഡിപ്ലോമയെടുത്തു. ആ വര്‍ഷം തന്നെ പി.എ ബക്കര്‍ സംവിധാനം ചെയ്ത 'മണിമുഴക്ക'ത്തിലൂടെ സിനിമയിലെത്തി. തുടര്‍ന്ന് കെ.ജി ജോര്‍ജ് സംവിധാനം ചെയ്ത 'മേള'യില്‍ വേഷമിട്ടു. 1984ല്‍ 'ഓടരുതമ്മാവാ ആളറിയാം' എന്ന സിനിമയ്ക്ക് തിരക്കഥയും സംഭാഷണവുമൊരുക്കി.
സന്മസുളളവര്‍ക്ക് സമാധാനം, ടി.പി ബാലഗോപാലന്‍ എം.എ, ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ്, തലയണമന്ത്രം, ഗോളാന്തരവാര്‍ത്ത, ചമ്പക്കുളം തച്ചന്‍, വരവേല്‍പ്, സന്ദേശം, ഉദയനാണ് താരം, മഴയെത്തും മുമ്പേ, അഴകിയ രാവണന്‍, ഒരു മറവത്തൂര്‍ കനവ്, അയാള്‍ കഥയെഴുതുകയാണ്, കഥ പറയുമ്പോള്‍ തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതി. സിനിമയ്ക്കു പുറത്തെ ചര്‍ച്ചകളിലും ശ്രീനിവാസന്‍ നിറഞ്ഞുനിന്നു. കൃഷിയുടെ നല്ല പാഠങ്ങള്‍ പകര്‍ന്നു നല്‍കിയും കേരളത്തെ വിസ്മയിപ്പിച്ചു. അഞ്ച് തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു.
ശ്രീനിവാസന്‍ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നീ ചിത്രങ്ങള്‍ക്ക് ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചു. കഴിഞ്ഞ ജൂണില്‍ പുറത്തിറങ്ങിയ 'നാന്‍സി റാണി'യാണ് ശ്രീനിവാസന്‍ അഭിനയിച്ച അവസാനചിത്രം. ഫഹദ് ഫാസിലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 'ഞാന്‍ പ്രകാശനു'വേണ്ടിയാണ് ഒടുവില്‍ തിരക്കഥയൊരുക്കിയത്. സംവിധായകനും നടനും ഗായകനുമായ വിനീത് ശ്രീനിവാസന്‍, നടനും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ മക്കള്‍. മരുമക്കള്‍: ദിവ്യ, അര്‍പ്പിത.
Veteran Malayalam actor, screenwriter, and filmmaker Sreenivasan passed away on Sunday morning at the age of 68. His funeral was held with full state honours at his residence in Kochi, where he had lived for the past 13 years. The last rites were performed by his elder son, filmmaker and actor Vineeth Sreenivasan.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."