ഗാർഹിക തൊഴിലാളികളുടെ ശമ്പളം ഇനി ബാങ്ക് വഴി മാത്രം; ജനുവരി ഒന്ന് മുതൽ സഊദിയിൽ പുതിയ നിയമം
വീട്ടുജോലിക്കാർക്ക് ശമ്പളം നൽകുന്ന രീതിയിൽ വലിയ മാറ്റത്തിനൊരുങ്ങി സഊദി അറേബ്യ. ഇനി മുതൽ എല്ലാ വീട്ടുജോലിക്കാർക്കും ബാങ്ക് വഴിയോ ഡിജിറ്റൽ വാലറ്റുകൾ വഴിയോ മാത്രമേ ശമ്പളം നൽകാവൂ. 2026 ജനുവരി ഒന്ന് മുതൽ ഈ നിയമം പ്രാബല്യത്തിൽ വരും. ശമ്പളം പണമായി നൽകുന്ന രീതി ഇനി മുതൽ അനുവദിക്കില്ല.
മാറ്റത്തിന്റെ ലക്ഷ്യം?
ജോലിക്കാർക്ക് ശമ്പളം കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ശമ്പളം നൽകിയതിന് കൃത്യമായ രേഖകൾ ഉണ്ടാകുന്നതിലൂടെ തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള തർക്കങ്ങൾ കുറയ്ക്കുക. കരാർ പ്രകാരമുള്ള ശമ്പളം കൃത്യസമയത്ത് ലഭിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് മന്ത്രാലയം ഈ തീരുമാനം നടപ്പിലാക്കുന്നത്.
ശമ്പളം നൽകേണ്ടത് എങ്ങനെ?
സഊദി മന്ത്രാലയം അംഗീകരിച്ചിട്ടുള്ള 'മുസാനിദ്' (Musaned) പ്ലാറ്റ്‌ഫോമിലൂടെ വേണം ശമ്പള ഇടപാടുകൾ നടത്താൻ. ഇതിനായി താഴെ പറയുന്ന രീതികൾ ഉപയോഗിക്കാം.
ബാങ്ക് അക്കൗണ്ടുകൾ
അംഗീകൃത ഡിജിറ്റൽ വാലറ്റുകൾ (ഉദാഹരണത്തിന്: STC Pay, Urpay തുടങ്ങിയവ).
ജോലിക്കാർക്ക് ലഭിക്കുന്ന 'മാഡ' (Mada) കാർഡ് വഴി അവർക്ക് ശമ്പളം പിൻവലിക്കാനോ നാട്ടിലേക്ക് പണമയക്കാനോ സാധിക്കും.
നിയമം എപ്പോൾ നടപ്പിലാക്കും
ഒകാസ് പത്രം റിപ്പോർട്ട് ചെയ്തത് പ്രകാരം, 2024 ന്റെ പകുതി മുതൽ ഈ നയം ഘട്ടം ഘട്ടമായി നടപ്പിലാക്കിവരികയാണ്. പദ്ധതിയുടെ ഒന്നാം ഘട്ടം 2024 ജൂലൈ 1ന് ആരംഭിച്ചു. ഇത് പ്രകാരം സഊദിയിൽ പുതുതായി എത്തിയ എല്ലാ വീട്ടുജോലിക്കാർക്കും ഈ നിയമം ബാധകമാക്കി. ശമ്പളം നേരിട്ട് പണമായി നൽകുന്നത് ഒഴിവാക്കി ഡിജിറ്റൽ രീതിയിലേക്ക് മാറ്റാനായിരുന്നു ഈ നീക്കം.
പദ്ധതിയുടെ രണ്ടാം ഘട്ടം 2025 ജനുവരിയിൽ നടപ്പാക്കി. ഇതനുസരിച്ച്, നാലോ അതിലധികമോ വീട്ടുജോലിക്കാരുള്ള തൊഴിലുടമകൾ ശമ്പളം ബാങ്ക് വഴി നൽകുന്നത് നിർബന്ധമാക്കി. പിന്നീട്, മൂന്നാം ഘട്ടത്തിന്റെ ഭാഗമായി ഇത് മൂന്നോ അതിലധികമോ ജോലിക്കാരുള്ള വീടുകളിലേക്ക് വ്യാപിപ്പിച്ചു. തുടർന്ന്, 2025 ഒക്ടോബർ ഒന്നിന് അവതരിപ്പിച്ച നാലാം ഘട്ടപ്രകാരം, കുറഞ്ഞത് രണ്ട് വീട്ടുജോലിക്കാരുള്ളവർക്കും ഈ നിയമം ബാധകമാക്കി.
പദ്ധതിയുടെ അവസാനഘട്ടമാണ് 2026 ജനുവരി ഒന്നിന് ആരംഭിക്കുന്നത്. ഇതനുസരിച്ച് എത്ര ജോലിക്കാരുണ്ടെങ്കിലും എല്ലാവരുടെയും ശമ്പളം ഇലക്ട്രോണിക് സംവിധാനത്തിലൂടെ നൽകണം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ശമ്പളം നൽകേണ്ട സമയം: എല്ലാ ഹിജ്റി മാസത്തിന്റെയും അവസാനം ശമ്പളം കൃത്യമായി നൽകണം.
തുക: തൊഴിൽ കരാറിൽ (Contract) എത്ര രൂപയാണോ ശമ്പളമായി നിശ്ചയിച്ചിട്ടുള്ളത്, ആ തുക തന്നെ നൽകണം. ശമ്പള കാര്യത്തിൽ തൊഴിലുടമയും തൊഴിലാളിയും തമ്മിൽ രേഖാമൂലം മറ്റ് തീരുമാനങ്ങൾ എടുത്തിട്ടുണ്ടെങ്കിൽ മാത്രമേ ഇതിൽ മാറ്റം വരുത്താൻ പാടുള്ളൂ.
ഇലക്ട്രോണിക് സംവിധാനത്തിന് പുറത്തുള്ളവർ: നിലവിൽ വേജ് പ്രൊട്ടക്ഷൻ സിസ്റ്റത്തിൽ ഉൾപ്പെടാത്ത തൊഴിലാളികൾക്ക് ശമ്പളം പണമായോ (Cash) ചെക്ക് വഴിയോ നൽകാമെങ്കിലും, ഇതിന് കൃത്യമായ രേഖകൾ വേണം. അതേസമയം, ശമ്പളം ബാങ്ക് വഴി വേണമെന്ന് തൊഴിലാളി ആവശ്യപ്പെട്ടാൽ അത് നൽകാൻ തൊഴിലുടമ ബാധ്യസ്ഥനാണ്.
Saudi Arabia has announced that all domestic workers' salaries will be paid through banks or digital wallets starting January 1, 2026, as part of efforts to protect workers' rights and regulate wage payments.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."