തൊഴിലുറപ്പിന് ഇനി ഉറപ്പില്ല; പുതിയ കേന്ദ്ര നിയമം കേരളത്തിന് കനത്ത തിരിച്ചടിയാവും
തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് നിയമത്തിനു (എം.ജി.എൻ.ആർ.ഇ.ജി.എ) പകരം പുതിയ നിയമം കേന്ദ്രസർക്കാർ നടപ്പാക്കുമ്പോൾ അതിലേറ്റവും വലിയ തിരിച്ചടി നേരിടുക കേരളത്തിന്. വികസിത് ഭാരത്-ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ-ഗ്രാമീൺ (വി.ബി-ജി ആർ.എ.എം-ജി) എന്നതാണ് പേരുമാറ്റിയെത്തുന്ന പുതിയ നിയമം. വെറും ജോലിക്കുകൂലി എന്നതിനപ്പുറം ഗ്രാമീണ മേഖലയിൽ ആസ്തികളും ഉപജീവന മാർഗങ്ങളും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിൽ വികസിത് ഭാരതം 2047 എന്ന മുദ്രാവാക്യത്തിലൂന്നിയാണ് പുതിയ നിയമമെന്നാണ് കേന്ദ്രസർക്കാർ നിലപാട്.
നിലവിൽ 100 ദിവസം തൊഴിൽ ഗ്യാരണ്ടിയുള്ളപ്പോൾ പുതിയ നിയമത്തിൽ 125 ദിവസത്തെ തൊഴിൽ ഗ്യാരണ്ടിയാണ് കേന്ദ്രം പറയുന്നത്. കേന്ദ്രസർക്കാർ നോട്ടിഫൈ ചെയ്യുന്ന ഗ്രാമീണ മേഖലകളിൽ തൊഴിൽ ചെയ്യാൻ സന്നദ്ധമായവർക്ക് 125 ദിവസത്തെ തൊഴിൽ നൽകും എന്നാണ് സെക്ഷൻ 5(1) പറയുന്നത്. എന്നാൽ, സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളും നോട്ടിഫൈ ചെയ്യപ്പെടണമെന്നില്ല.
വെറുതെ കുഴിയെടുക്കുക എന്നതിനു പകരം ഗുണനിലവാരമുള്ള അടിസ്ഥാന സൗകര്യം (ജലസംരക്ഷണം, റോഡ്) നിർമിക്കാൻ ശ്രദ്ധിക്കുക എന്ന തരത്തിൽ ആസ്തിനിർമാണത്തിലൂന്നുന്നതാണ് പുതിയ നിയമം. അതുപോലെ, വിളവെടുപ്പ് കാലത്ത് തൊഴിലാളികളെ കിട്ടുന്നില്ലെന്ന കർഷകരുടെ പരാതി പരിഹരിക്കാൻ കൃഷിസമയത്ത് 60 ദിവസം വരെ നിർത്തിവയ്ക്കാൻ സംസ്ഥാനങ്ങൾക്ക് അനുമതി നൽകുമെന്നും അഴിമതി തടയാൻ എ.ഐ സഹായത്തോടെ, ജിപിഎസ്, ബയോമെട്രിക് സംവിധാനങ്ങളിലൂടെ നിരീക്ഷണം കർശനമാക്കുമെന്നും പറയുന്നു.
പ്രതിവർഷം ശരാശരി 4,000 കോടി രൂപയാണ് സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതി ചെലവായി വരുന്നത്. നിലവിൽ മെറ്റീരിയൽ ഘടകത്തിന്റെ 25 ശതമാനം തുക മാത്രമാണ് സംസ്ഥാനം വഹിക്കേണ്ടിവരുന്നത്. ബില്ലിലെ സെക്ഷൻ 22(2) പ്രകാരം പദ്ധതിയുടെ ആകെ ചെലവ് വിഹിതം 60:40 എന്ന ശതമാനത്തിലേയ്ക്ക് മാറ്റുമ്പോൾ ആകെ ചെലവിന്റെ 40 ശതമാനം സംസ്ഥാന സർക്കാർ വഹിക്കേണ്ടി വരും. ശരാശരി 4000 കോടി വാർഷിക ചെലവ് വരുന്ന പദ്ധതിയുടെ 40 ശതമാനം തുകയായ 1600 കോടി സംസ്ഥാനത്തിന്റെ ബാധ്യതയിലേക്ക് മാറ്റപ്പെടും. മാത്രമല്ല, അധികമായി സൃഷ്ടിക്കുന്ന തൊഴിൽ ദിനങ്ങളുടെ ബാധ്യത സംസ്ഥാനത്തിനു മാത്രമാകും. നിലവിലെ വേതന നിരക്കിൽ കണക്കാക്കിയാൽ ഇത് ഏകദേശം 1400 കോടി രൂപ വരും.
സംസ്ഥാനം ഈ തുക അധികമായി കണ്ടെത്തേണ്ടിവരും. പദ്ധതിയുടെ ഫണ്ടിങ് പാറ്റേണിലെ മാറ്റമാണ് കേരളത്തെ ഏറ്റവുമധികം ബാധിക്കുന്നത്. തൊഴിലാളി ആവശ്യപ്പെടുമ്പോൾ ജോലി നൽകുന്ന രീതി സർക്കാർ നിശ്ചയിക്കുമ്പോൾ നൽകുന്നതിലേക്ക് മാറുമ്പോൾ തൊഴിൽ അവകാശം ദുർബലപ്പെടുത്തുന്നതാണ്.നിലവിൽ കേരളത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൂലി നൽകാനുള്ള ഫണ്ട് കേന്ദ്രസർക്കാരാണ് നൽകുന്നത്. പുതിയ നിയമം നടപ്പിലാകുന്നതോടെ ഇത് 60 ശതമാനമായി കുറയും. ബാക്കി 40 ശതമാനം തുക സംസ്ഥാനം കണ്ടെത്തേണ്ടിവരുമെന്നത് ഏറ്റവും കൂടുതൽ തൊഴിലുറപ്പ് തൊഴിലാളികളുള്ള കേരളത്തിന് വൻ തിരിച്ചടിയാകും. ഇപ്പോൾത്തന്നെ വലിയ സാമ്പത്തിക പ്രതിസന്ധിയിലുള്ള കേരളത്തിന് ഈ തുക കണ്ടെത്തുക ബാധ്യതയാണ്.
കേരളത്തിൽ നിലവിൽ തൊഴിലുറപ്പ് പദ്ധതിയിൽ 90 ശതമാനത്തിലധികം വനിതകളാണ് കേരളത്തിൽ തൊഴിലെടുക്കുന്നത്. പദ്ധതിയുടെ ഘടനയിലുണ്ടാകുന്ന മാറ്റം അവരെ പ്രതികൂലമായി ബാധിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. നിലവിൽ പഞ്ചായത്തുകളാണ് തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിൽ തീരുമാനിക്കുന്നതെന്നിരിക്കേ പുതിയ നിയമം കേന്ദ്രീകൃതമാവും. ഇതോടെ പഞ്ചായത്തുകളുടെ അധികാരം കുറയുകയും ചെയ്യും. വിതയ്ക്കൽ, കൊയ്ത്ത് കാലത്ത് വർഷത്തിൽ പരമാവധി 60 ദിവസം തൊഴിലുറപ്പ് പദ്ധതി നിർത്തിവയ്ക്കാൻ സംസ്ഥാനങ്ങൾക്ക് കഴിയുമെന്നത് ഫലത്തിൽ തൊഴിലാളികൾക്ക് തിരിച്ചടിയാകും.
kerala is likely to be most adversely affected by the central government’s plan to replace mahatma gandhi national rural employment guarantee act with a new law.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."