ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായ ഉത്തര്‍ പ്രദേശ് സ്വദേശി കുഴഞ്ഞുവീണു മരിച്ചു; ദുരൂഹതയെന്ന് ആരോപണം
കണ്ണൂര്‍: കണ്ണൂരില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായ ഉത്തര്‍ പ്രദേശ് സ്വദേശി കുഴഞ്ഞുവീണു മരിച്ചതില്‍ ദുരൂഹത. ശ്രീകണ്ഠപുരം ചേപ്പറമ്പില്‍ ബാര്‍ബര്‍ തൊഴിലാളിയായ നയീം സല്‍മാനിയുടെ മരണത്തിലാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഉത്തര്‍ പ്രദേശ് ബസന്ത്പൂര്‍ സ്വദേശിയായ നയീമിനെ കടയില്‍ വെച്ച് ഒരു സംഘം മര്‍ദ്ദിച്ചിരുന്നു. ഇതിനുപിന്നാലെ യുവാവ് കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. സംഭവത്തില്‍ ശ്രീകണ്ഠപുരം പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മുടിവെട്ട് കൂലിയുടെ പേരില്‍ ജിസ് വര്‍ഗീസ് എന്ന ചെറുപ്പക്കാരന്‍ നയീമുമായി കശപിശ ഉണ്ടാക്കിയിരുന്നു. തൊട്ടടുത്ത ദിവസം സുഹൃത്തുക്കളുമായി എത്തിയ ജിസ് കടയില്‍ ജോലി ചെയ്യുകയായിരുന്ന നയീമിനെയും മകനെയും ആക്രമിക്കുകയായിരുന്നു.
സ്ഥലത്തുണ്ടായിരുന്നവര്‍ ചേര്‍ന്ന് സംഘര്‍ഷം തടഞ്ഞെങ്കിലും രാത്രിയില്‍ ഇതേസംഘം നയീം താമസിക്കുന്ന കൊട്ടൂരിലെ വയലിലെത്തി അദ്ദേഹത്തിന്റെ സ്‌കൂട്ടര്‍ അടിച്ചുതകര്‍ത്തിരുന്നു. തൊട്ടടുത്ത ദിവസം നയീമിനെ മരിച്ച നിലയില്‍ കണ്ടെത്തി.
ഹൃദയാഘാതമാണ് മരണം കാരണം എന്നാണ് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്. ജിസ് വര്‍ഗീസും സുഹൃത്തുക്കളും നടത്തിയ ആക്രമണം മൂലമാണ് നയീം മരിച്ചതെന്നാണ് ഉയരുന്ന ആരോപണം. ബാര്‍ബര്‍ ഷോപ്പില്‍ വെച്ച് ജിസും സംഘവും നയീമിനെ മര്‍ദ്ദിക്കുന്നത് കണ്ടവരുണ്ട്. നയീമിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."