രാജ്യത്ത് കശ്മീരി കച്ചവടക്കാര്‍ക്ക് നേരെ ഹിന്ദുത്വരുടെ ആക്രമണം; ഷാള്‍ വില്‍പന നടത്തുന്നവര്‍ക്ക് ക്രൂര മര്‍ദ്ദനം
ന്യൂഡല്‍ഹി; രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കശ്മീരി കച്ചവടക്കാര്‍ക്ക് നേരെ ഹിന്ദുത്വരുടെ ആക്രമണം. ഹിന്ദു വലതുപക്ഷ സംഘടനകള്‍ നടത്തുന്ന ആക്രമണങ്ങള്‍ ഇത്തരത്തില്‍ വര്‍ദ്ധിച്ചത് ജോലിക്കായി യാത്ര ചെയ്യുന്നവരില്‍ ഏറെ ആശങ്ക ഉയര്‍ത്തുകയാണെന്ന് മക്തൂബ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹരിയാനയിലും ഹിമാചല്‍ പ്രദേശിലും ഇത്തരത്തില്‍ രണ്ട് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കശ്മീരി ഷാള്‍ കച്ചവടക്കാരെ ഹിന്ദുത്വ ഗ്രൂപ്പുകള്‍ ഉപദ്രവിക്കുകയും മര്‍ദിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്തരാഖണ്ഡില്‍ കശ്മീരില്‍ നിന്നുള്ള ഒരു ഷാള്‍ കച്ചവടക്കാരനെ ബജ്റംഗ്ദള്‍ അംഗങ്ങള്‍ ഉപദ്രവിക്കുകയും ആക്രമിക്കുകയും ചെയ്തതിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
കാംഗ്ര ജില്ലയിലെ ദെഹ്റയിലാണ് ആദ്യത്തെ സംഭവം നടന്നത്. ജഹാംഗീര്‍ അഹമ്മദ് എന്നയാള്‍ക്കാണ് ദെഹ്‌റയില്‍ വെച്ച് മര്‍ദ്ദനമേറ്റത്. അഹമ്മദിന്റെ ദേഹം മുഴുവന്‍ ഒടിവുകളും പരുക്കുകളും ഉണ്ടായിരുന്നുവെന്ന് ജമ്മു കശ്മീര്‍ സ്റ്റുഡന്റ്സ് അസോസിയേഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
'ഈ വര്‍ഷം ഹിമാചല്‍ പ്രദേശില്‍ കശ്മീരി ഷാള്‍ വില്‍പനക്കാരെ ലക്ഷ്യമിട്ടുള്ള 16-ാമത്തെ കേസാണിത്,' വിദ്യാര്‍ത്ഥി സംഘടന ചൂണ്ടിക്കാട്ടി.
അഹമ്മദിനെ ഭീഷണിപ്പെടുത്തുകയും സംസ്ഥാനം വിടാന്‍ പറയുകയും ചെയ്തു. ഷാളുകള്‍ വില്‍ക്കുന്നതില്‍ നിന്ന് തടഞ്ഞു. അദ്ദേഹത്തിന്റെ സാധനങ്ങളും നശിപ്പിക്കപ്പെട്ടു, സംഭവം പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ തകര്‍ത്തു. അസോസിയേഷന്‍ പറയുന്നു.
കഴിഞ്ഞ 15 വര്‍ഷമായി അഹമ്മദ് പ്രദേശത്ത് ഷാളുകള്‍ വില്‍ക്കുന്നു. 'അദ്ദേഹം ഇവിടെ സമാധാനപരമായി ജീവിക്കുകയും അന്തസ്സോടെ ഉപജീവനമാര്‍ഗം കണ്ടെത്തുകയും ചെയ്തു. എന്നിട്ടും അദ്ദേഹത്തെ അധിക്ഷേപിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇടന്‍ സ്ഥലം വിടണമെന്ന് താക്കീത് നല്‍കി. കശ്മീരികളെ അവിടെ ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്നും അദ്ദേഹത്തിന് മുന്നറിയിപ്പ് നല്‍കി,' അസോസിയേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഇതിനെതിരെ നടപടി സ്വീകരിക്കണമെന്ന് വിദ്യാര്‍ഥി സംഘടന ഹിമാചല്‍ മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിങ്ങിനോ ആവശ്യപ്പെട്ടു.
ശനിയാഴ്ച കശ്മീരില്‍ നിന്നുള്ള മറ്റൊരു ഷാള്‍ വില്‍പ്പനക്കാരന് നേരെ ഹരിയാനയിലെ കൈതലില്‍ ആക്രമണമുണ്ടായതായി ജെ.കെ.എസ്.എ പറഞ്ഞു. അടിയന്തര ഇടപെടലും കര്‍ശന നടപടിയും ആവശ്യപ്പെട്ട് സംഘടന മുഖ്യമന്ത്രിക്ക് കത്തെഴുതി.
ഒരു കശ്മീരി ഷാള്‍ വില്‍പ്പനക്കാരനെ ഉപദ്രവിക്കുകയും വന്ദേമാതരം ചൊല്ലാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്ന മറ്റൊരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഇയാളെ ബംഗ്ലാദേശി എന്ന് വിളിച്ച് അധിക്ഷേപിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇത് സംബന്ധിച്ച് അസോസിയേഷന്റെ ദേശീയ കണ്‍വീനര്‍ നാസിര്‍ ഖുഹാമി ഹരിയാന മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് രാജീവ് ജെയ്റ്റ്ലിയുമായി സംസാരിക്കുകയും വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കാശ്മീരി ഷാള്‍ വില്‍പ്പനക്കാര്‍ക്കെതിരായ ഇത്തരം അക്രമങ്ങളും ഭീഷണികളും ഒരു കാരണവശാലും അനുവദിക്കില്ല എന്നും ഹരിയാനയിലെ കുരുക്ഷേത്ര മേഖലയിലെ കൈതലില്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ട് കര്‍ശന നടപടി സ്വീകരിക്കും' എന്നും ജെയ്റ്റ്ലി ഉറപ്പ് നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഷാളുകളും പരവതാനികളും വില്‍ക്കാന്‍ സീസണലായി യാത്ര ചെയ്യുന്ന കശ്മീരി കച്ചവടക്കാരെ ലക്ഷ്യമിട്ടുള്ള കേസുകളുടെ വര്‍ദ്ധനവില്‍ വിദ്യാര്‍ത്ഥി സംഘടന ആശങ്ക പ്രകടിപ്പിച്ചു.രണ്ട് സംഭവങ്ങളുടെയും വീഡിയോകള്‍ സംഘടന സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.
concern grows as kashmiri shawl traders face alleged attacks and harassment by hindutva groups in states including himachal pradesh and haryana, raising safety fears among migrant workers.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."