ഏഴു വർഷത്തിനിടെ ആമത്തൊട്ടിലിൽനിന്ന് വിരിഞ്ഞിറങ്ങിയത് മൂന്നുലക്ഷം കുഞ്ഞുങ്ങൾ
കോഴിക്കോട്: കഴിഞ്ഞ ഏഴു വർഷത്തിനിടയിൽ ആമത്തൊട്ടിലിൽ നിന്നു കടലിന്റെ മടിത്തട്ടിലേക്ക് ചേക്കേറിയത് മൂന്നു ലക്ഷത്തിലധികം ആമക്കുഞ്ഞുങ്ങൾ. വംശനാശ ഭീഷണി നേരിടുന്ന ഒലിവ് റിഡ്ലി ആമകൾക്കാണ് സംസ്ഥാനം സംരക്ഷണ കവചമൊരുക്കുന്നത്. വനംവകുപ്പ് സോഷ്യൽ ഫോറസ്ട്രിയുടെ നേതൃത്വത്തിൽ ഒരുക്കിയ 'ആമത്തൊട്ടിലാ'ണ് ആമകൾക്ക് സുരക്ഷിത തീരമാവുന്നത്.
കേരള തീരത്തെത്തുന്ന ഒരേയൊരു കടലാമ വിഭാഗമാണ് ഒലിവ് റിഡ്ലി ആമകൾ. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലെ തീരങ്ങളിലാണ് ഇവ മുട്ടയിടാനെത്തുന്നത്. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലാണ് മണലിൽ ഒരടിയോളം താഴ്ചയിൽ കുഴിയെടുത്ത് ആമകൾ മുട്ടയിടുക. കുഴി മണ്ണിട്ടുമൂടി ആമകൾ കടലിലേക്കു മടങ്ങും. കടലാമ സംരക്ഷണ പ്രവർത്തകർ മുട്ടകൾ ശേഖരിച്ച് താൽക്കാലിക ഹാച്ചറികളിലേക്കു മാറ്റും. തുടർന്ന് സുരക്ഷിതമായ സ്ഥലത്ത് വല ഉപയോഗിച്ച് കൂടാരം കെട്ടി അതിനുള്ളിൽ കുഴിയെടുത്ത് ഇരുമ്പുകൂടുകൾ സ്ഥാപിച്ചാണ് മുട്ടകൾ വിരിയാൻ സാഹചര്യം ഒരുക്കുന്നത്.
നായ, കുറുക്കൻ, പരുന്ത് തുടങ്ങിയവയുടെ ശല്യം ഒഴിവാക്കാനാണിത്. മുട്ട വിരിഞ്ഞ് കടലിലേക്ക് തുറന്നുവിടാൻ പ്രാപ്തമാകുന്നതുവരെയുള്ള 40- 46 ദിവസം വനം വകുപ്പ് കൃത്യമായി മോണിറ്റർ ചെയ്യും. മത്സ്യത്തൊഴിലാളികൾ, വിവിധ ആമസംരക്ഷണ സമിതികൾ തുടങ്ങിയവരാണ് ആമമുട്ടകൾ കണ്ടെത്തി 'ആമത്തൊട്ടിലി'ലേക്കു മാറ്റുന്നത്. കണ്ണൂർ, കോഴിക്കോട്, തൃശൂർ തീരങ്ങളിലാണ് കൂടുതൽ കുഞ്ഞുങ്ങളെ വിരിയിച്ച് കടലിലേക്കയച്ചത്. വർഷം ശരാശരി 25,000 മുട്ടകൾ വിരിയിക്കാൻ ഇപ്പോൾ സാധിക്കുന്നുണ്ട്.ഏഴ് വിഭാഗം കടലാമകളാണ് ഉള്ളത്. അതിൽ ഏറ്റവും കുഞ്ഞനാണ് 100 വർഷംവരെ ആയുസ്സുള്ള ഒലിവ് റിഡ്‌ലി.
പസഫിക്, അറ്റ്‌ലാന്റിക്, ഇന്ത്യൻ മഹാസമുദ്രങ്ങളിലാണ് ഇവ കൂടുതലുള്ളത്. പുറന്തോടിന് ഒലിവിലയുടെ പച്ച കലർന്ന തവിട്ടുനിറവും അടിഭാഗത്തിന് ഇളം മഞ്ഞ നിറവുമാണ്. മുതുകിലും വശങ്ങളിലും ശൽക്കങ്ങളുണ്ടാകും. 20 വയസ്സോടെ മുട്ടയിടുന്ന ഇവ വിരിഞ്ഞിറങ്ങുന്ന തീരത്തേക്കുതന്നെയാണ് മുട്ടയിടാനെത്തുക.
in seven years, three lakh turtles have been weaned
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."