ഷിന്ദഗയിലെ ആ ബാങ്കൊലി നിലക്കുന്നു; ശുയൂഖ് പള്ളിയിൽ നിന്നും ഇബ്രാഹിം മുസ്ലിയാർ പടിയിറങ്ങുന്നു
ദുബൈ: ദുബൈയിലെ വിഖ്യാതമായ ശൈഖ് പള്ളിയുടെ മിനാരങ്ങളിൽ നിന്നും ഇനി ആ ബാങ്ക് വിളി കേൾക്കില്ല. പതിറ്റാണ്ടുകൾ അല്ലാഹുവിന്റെ ഭവനത്തെ ആരാധനാ ധന്യമാക്കിയ ആ മലയാളി വിടപറയുകയാണ്. ദുബൈ ഷിന്ദഗയിൽ ചരിത്രപ്രാധാന്യമേറിയ ആരാധനാലയമാണ് മസ്ജിദു ശൂയൂക്ക്. ദുബൈ ക്രീക്കിന്റെയും കടലിന്റെയും കാറ്റേറ്റ് ഈ നാടിന്റെ ചരിത്രം പറയുന്ന പൗരാണികമായ മസ്ജിദാണത്.
പേരു പോലെത്തന്നെ ദുബൈയിലെ ശൈഖുമാരുടെ പള്ളി. ഷിന്ദഗയിലെ ഹെറിറ്റേജ് മ്യൂസിയത്തിനടുത്ത് ഒന്നേകാൽ നൂറ്റാണ്ടിലേറെക്കാലമായി ആത്മീയ വെളിച്ചം വിതറുന്ന ഈ ദൈവ ഭവനത്തിലെ സേവനം അവസാനിപ്പിച്ചിരിക്കുകയാണ് കോഴിക്കോട് കായക്കൊടിയിലെ ഇബ്രാഹിം മുസ്ലിയാർ.
1897ൽ ദുബൈ ഭരണാധികാരിയായിരുന്ന ശൈഖ് സഈദ്ബിൻ ഹാശിം അൽ മക്തൂമാണ് ഈ പള്ളിയുണ്ടാക്കിയത്. ഇപ്പോഴത്തെ ദുബൈ ഭരണാധികാരിയും യു.എ.ഇ വൈസ് പ്രസിഡന്റുമായ ശൈഖ് റാഷിദിന്റെ പിതാവ്. അന്ന് അറേബ്യൻ ശൈലിയിൽ നിർമിച്ച പള്ളി വലിയ മാറ്റങ്ങളൊന്നുമില്ലാതെ ഇപ്പോഴും നിലനിൽക്കുന്നുവെന്നതാണ് ഏറെ ശ്രദ്ധേയം.
1993ലാണ് ഇബ്രാഹിം മുസ്ലിയാർ ദുബൈയിലെത്തുന്നത്. ഇവിടുത്തെ മതകാര്യവിഭാഗം നടത്തിയ എഴുത്തു പരീക്ഷയിൽ പങ്കെടുത്ത് വിജയിച്ചാണ് ശുയൂഖ് പള്ളിയിലെ ഇമാമായത്. മലയാളികളും അറബികളും മറ്റ് ദേശക്കാരുമെല്ലാം പള്ളിയിലേക്ക് വരാറുണ്ട്. ജുമുഅയും പെരുന്നാൾ നിസ്‌കാരവും നടക്കുന്ന ഇടമാണ് ഈ പള്ളി. വിശേഷ ദിനങ്ങളിൽ ആയിരക്കണക്കിന് വിശ്വാസികളാണ് ഇവിടേക്ക് വരുന്നത്.
മുപ്പതാണ്ടിലേറെയായി ഈ പള്ളിയും പരിസരവും ഇബ്രാഹിം മുസ്ലിയാരുടെ സാന്നിധ്യത്തിൽ ആത്മീയനിർഭരമാണ്. തദ്ദേശീയരായ അറബികൾക്ക് അദ്ദേഹത്തെ ഏറെ ബഹുമാനമാണ്. ഈ നാടിന്റെ ചിത്ര സാക്ഷ്യമായ ശുയൂഖ് മസ്ജിദിലേക്ക് പ്രമുഖർ പലപ്പോഴും സന്ദർശകരായെത്താറുണ്ട്. മുൻ യു.എസ് പ്രസിഡന്റ് ജോർജ് ബുഷ് അടക്കമുള്ളവർ ഇവിടം സന്ദർശിച്ചിട്ടുണ്ട്.
പ്രമുഖരായ പലർക്കും യു.എ.ഇ ഗോൾഡൻ വിസ നൽകി ആദരിച്ചപ്പോൾ പള്ളി ഇമാമുകൾക്കും ആ പദവി നൽകിയത് ശ്രദ്ധേയമായി. രാജ്യത്തെ പ്രമുഖ ഇമാമുമാരിൽ പ്രധാനിയായി അവർ ഇബ്രാഹിം മുസ്ലിയാരെ തിരഞ്ഞെടുത്ത് ഗോൾഡൻ വിസ നൽകിയിരുന്നു. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിക്കടുത്ത കായക്കൊടി സ്വദേശിയാണ് ഇബ്രാഹിം മുസ്ലിയാർ. മതകാര്യ വിഭാഗത്തിൽ നിന്നും ഔദ്യോഗികമായി ഡിസംബർ അവസാനത്തോടെ അദ്ദേഹം പടിയിറങ്ങിയിരിക്കയാണ്. ജോലിയിൽ നിന്നും വിരമിച്ചുവെങ്കിലും ഈ മണ്ണിനോട് അത്ര പെട്ടന്ന് വിടപറയാൻ തനിക്കാവില്ലെന്നാണ് അദ്ദേഹം പറയുന്നത്. മലയാളികളും നാട്ടുകാരും അദ്ദേഹത്തെ പറഞ്ഞയക്കാൻ തയ്യാറല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."