താന്‍ നിരപരാധി, എല്ലാം ചെയ്തത് സഖാവ് പറഞ്ഞിട്ടെന്ന് വിജയകുമാറിന്റെ മൊഴി; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായ എന്‍ വിജയകുമാറിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. പത്മകുമാറിനെ വിശ്വസിച്ച് വായിച്ചു പോലും നോക്കാതെയാണ് രേഖകളില്‍ ഒപ്പിട്ടതെന്നാണ് വിജയകുമാറിന്റെ മൊഴിയിലുള്ളത്.
താന്‍ നിരപരാധിയാണെന്നും എല്ലാം സഖാവ് (പത്മകുമാര്‍) പറഞ്ഞിട്ടാണ് ചെയ്തതെന്നും വിജയകുമാര്‍ പറയുന്നു. സ്വര്‍ണപ്പാളി മാറ്റുന്ന കാര്യമടക്കം ബോര്‍ഡില്‍ അവതരിപ്പിച്ചത് പത്മകുമാറാണ്. പ്രധാനതീരുമാനങ്ങളെല്ലാം പ്രസിഡന്റ് പറയുന്നതായിരുന്നു രീതി. അതുകൊണ്ട് വായിച്ചുപോലും നോക്കാതെ ഒപ്പിട്ടു. മറ്റു കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചിരുന്നില്ലെന്നും പ്രശ്‌നമുണ്ടാകുമെന്ന് അറിഞ്ഞില്ലെന്നും വിജയകുമാര്‍ നല്‍കിയ മൊഴിയിലുണ്ട്. സമ്മര്‍ദ്ധം സഹിക്കാന്‍ വയ്യാതെ ആത്മഹത്യ ചെയ്യാന്‍ വരെ തോന്നിയെന്നും വിജയകുമാര്‍ പറയുന്നു. ബന്ധുക്കള്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് കീഴടങ്ങാന്‍ തീരുമാനിച്ചതെന്നും മൊഴിയില്‍ പറയുന്നു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ എ.പത്മകുമാര്‍ പ്രസിഡന്റായിരുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി ഗുരുതര വീഴ്ച വരുത്തിയതായി അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നു. പോറ്റിയെ അതിരുവിട്ട് സഹായിക്കാന്‍ ദേവസ്വം മാന്വല്‍ തിരുത്തി. മാന്വല്‍ തിരുത്തിയതില്‍ പത്മകുമാറിനും വിജയകുമാറിനും ശങ്കരദാസിനും പങ്ക്. മിനിറ്റ്‌സിലെ തിരുത്തല്‍ പത്മകുമാര്‍ രണ്ടുപേരെയും അറിയിച്ചു. മൂവരും അറിഞ്ഞുകൊണ്ടാണ് പാളികള്‍ പോറ്റിക്ക് കൊടുത്തുവിട്ടത്. സാമ്പത്തിക ലാഭം ആഗ്രഹിച്ച് ഇരുവരും പത്മകുമാറിന് കൂട്ടുനിന്നെന്നുമാണ് എസ്.ഐ.ടി കോടതിയില്‍ അറിയിച്ചിരിക്കുന്നത്. പത്മകുമാര്‍ ഇക്കാര്യങ്ങള്‍ സമ്മതിച്ചിട്ടുള്ളതാണെന്ന് വ്യക്തമാക്കിയ സംഘം വിജയകുമാറിനും ശങ്കരദാസിനും ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാവില്ലെന്നും കൂട്ടിച്ചേര്‍ത്തു.
പത്മകുമാരിന്റേയും വിജയകുമാറിന്റേയും അറസ്റ്റിന് ശേഷം എസ്.ഐ.ടിയുടെ അടുത്ത ലക്ഷ്യം ശങ്കരദാസിലേക്ക് എന്നാണ് സൂചന. ആരോഗ്യ കാരണങ്ങള്‍ പറഞ്ഞ് ചോദ്യം ചെയ്യലിന് അവധി ആവശ്യപ്പെടുന്ന ശങ്കരദാസിന്റെ നീക്കം എസ്.ഐ.ടി പ്രത്യേകം നിരീക്ഷിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കാുന്നു. ജനുവരി 12 വരെ വിജയകുമാറിനെ കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ടെങ്കിലും വിജയകുമാര്‍ നല്‍കിയ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി നാളെ പരിഗണിക്കും.
the remand report of n vijayakumar in the sabarimala gold scam reveals he signed documents without reading them, trusting former devaswom board president a padmakumar, as sit alleges serious lapses by the board.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."