താമരശ്ശേരിയിൽ പ്ലാസ്റ്റിക് സംസ്കരണ കേന്ദ്രത്തിന് തീപിടിച്ചു; മൂന്നുനില കെട്ടിടവും പ്ലാന്‍റും പൂർണ്ണമായും കത്തിയമർന്നു
കോഴിക്കോട്: താമരശ്ശേരി എലോക്കരയിൽ പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യ സംസ്കരണ യൂണിറ്റിൽ വൻ തീപിടുത്തം. അർദ്ധരാത്രിയോടെ ഉണ്ടായ അപകടത്തിൽ ഫാക്ടറി പ്ലാൻ്റും ഓഫീസ് ഉൾപ്പെടെയുള്ള മൂന്നുനില കെട്ടിടവും പൂർണ്ണമായും നശിച്ചു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.
കോഴിക്കോട് ജില്ലയിലെ എലോക്കരയിലെ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഫാക്ടറിയിലെ തീപിടുത്തമുണ്ടായത്.അർദ്ധരാത്രിക്ക് ശേഷം തുടങ്ങിയ തീ പുലർച്ചെ 3:30-ഓടെയാണ് ഭാഗികമായി നിയന്ത്രിക്കാനായത്.തീപിടുത്തതിൽ പ്ലാൻ്റ്, മൂന്നുനില കെട്ടിടം, ഓഫീസിലെ രേഖകൾ, ഫാക്ടറിയിലെ ഒരു പിക്കപ്പ് വാൻ എന്നിവ പൂർണ്ണമായും കത്തിനശിച്ചു.
തീപടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ നാട്ടുകാരും അഗ്നിശമന സേനയും രംഗത്തെത്തി. മുക്കം, നരിക്കുനി, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകൾ മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. പ്ലാസ്റ്റിക് അവശിഷ്ടങ്ങളായതിനാൽ തീ പൂർണ്ണമായും അണയ്ക്കുന്നത് വെല്ലുവിളിയായി തുടരുകയാണ്. ഇപ്പോഴും പുക ഉയരുന്നതിനാൽ നിരീക്ഷണം തുടരുന്നു.
ഒഴിവായത് വൻ ദുരന്തം
രാത്രിയിൽ ഫാക്ടറിയിൽ ജോലിക്കാർ ഇല്ലാതിരുന്നതാണ് വലിയ ജീവഹാനി ഒഴിവാക്കാൻ കാരണമായത്. ഓഫീസിലും പ്ലാൻ്റിലുമായി ആകെ 75 തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. ഇവർ ഫാക്ടറിക്ക് പുറത്തുള്ള താമസസ്ഥലങ്ങളിലായിരുന്നതിനാൽ അപകടത്തിൽ നിന്നും രക്ഷപ്പെട്ടു.
തീപിടുത്തത്തിൻ്റെ യഥാർത്ഥ കാരണം ഇനിയും വ്യക്തമായിട്ടില്ല. ഷോർട്ട് സർക്യൂട്ടാണോ അതോ മറ്റേതെങ്കിലും കാരണമാണോ എന്ന് ഫയർഫോഴ്സും പൊലിസും പരിശോധിച്ചുവരികയാണ്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായതായാണ് പ്രാഥമിക നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."