സൊഹ്റാന്‍ മംദാനിക്ക് പിന്നാലെ ഉമർ ഖാലിദിന് പിന്തുണയുമായി എട്ട് അമേരിക്കൻ എം.പിമാർ; ന്യായമായ വിചാരണ ഉറപ്പാക്കണമെന്ന് ആവശ്യം, ഇന്ത്യയുടെ കാര്യത്തിൽ ഇടപെടേണ്ടെന്നു ബിജെപി
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന്‍ മംദാനിക്കു പിന്നാലെ, ഡല്‍ഹി കലാപ ഗൂഢാലോചനക്കേസില്‍ യു.എ.പി.എ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന ജെ.എന്‍.യു വിദ്യാര്‍ഥി നേതാവും ആക്റ്റിവിസ്റ്റുമായ ഉമര്‍ ഖാലിദിന് പിന്തുണയുമായി എട്ട് യുഎസ് എംപിമാർ രംഗത്ത്. ഉമർ ഖാലിദിന് അന്താരാഷ്ട്ര നിയമ മാനദണ്ഡങ്ങൾ പാലിച്ചുള്ള ന്യായമായ വിചാരണ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കൻ കോൺഗ്രസിലെ എട്ട് അംഗങ്ങൾ ഇന്ത്യൻ സർക്കാരിന് കത്ത് അയച്ചു. ഇന്ത്യയുടെ അമേരിക്കൻ അംബാസഡർ വിനയ് ക്വാത്രയ്ക്കാണ് കത്ത് കൈമാറിയത്. അഞ്ച് വർഷത്തിലേറെയായി വിചാരണ കൂടാതെ ഉമർ ഖാലിദ് ജയിലിലാണെന്ന കാര്യം ഗുരുതരമായ ആശങ്കയാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഡെമോക്രാറ്റ് നേതാവും ഹൗസ് റൂൾസ് കമ്മിറ്റിയിലെ റാങ്കിങ് മെമ്പറും ടോം ലാന്റോസ് മനുഷ്യാവകാശ കമ്മീഷന്റെ സഹ അധ്യക്ഷനുമായ ജിം മക്‌ഗവർണാണ് കത്തിന് നേതൃത്വം നൽകിയത്. മസാച്യുസെറ്റ്സിന്റെ രണ്ടാം മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മക്‌ഗവർണിനൊപ്പം ഏഴ് പേർ കൂടി കത്തിൽ ഒപ്പുവച്ചു.
കഴിഞ്ഞ ഡിസംബറിൽ ഉമർ ഖാലിദിന്റെ മാതാപിതാക്കളുമായി താനും മറ്റ് സഹപ്രവർത്തകരും കൂടിക്കാഴ്ച നടത്തിയതായി മക്‌ഗവർൺ കത്തിൽ പറയുന്നു. ഈ കൂടിക്കാഴ്ചയെക്കുറിച്ച് അദ്ദേഹം പിന്നീട് ‘എക്സ്’ പ്ലാറ്റ്‌ഫോമിലൂടെയും പ്രതികരിച്ചു. അഞ്ച് വർഷത്തിലേറെയായി വിചാരണ കൂടാതെ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിന്റെ മാതാപിതാക്കളെ ഈ മാസം ആദ്യം ഞാൻ കണ്ടു. പ്രതിനിധി ജെയ്മി റാസ്കിനും ഞാനും ചേർന്ന് സഹനിയമനിർമ്മാതാക്കളുമായി അദ്ദേഹത്തിന് ജാമ്യവും ന്യായവും സമയബന്ധിതവുമായ വിചാരണയും ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുകയാണ്- എന്നാണ് മക്‌ഗവർൺ കുറിച്ചത്.
നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (UAPA) പ്രകാരം ജാമ്യം നിഷേധിച്ചാണ് ഖാലിദിനെ നീണ്ടകാലം തടങ്കലിൽ പാർപ്പിച്ചിരിക്കുന്നതെന്നും ഇത് നിയമത്തിന് മുന്നിലെ സമത്വം, നിയമാനുസൃത നടപടിക്രമം, അനുപാതികത തുടങ്ങിയ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് വിരുദ്ധമാകാമെന്ന മുന്നറിയിപ്പ് സ്വതന്ത്ര മനുഷ്യാവകാശ വിദഗ്ധർ നൽകിയിട്ടുണ്ടെന്നും കത്തിൽ പറയുന്നു. യുക്തിസഹമായ സമയത്തിനുള്ളിൽ വിചാരണ ലഭിക്കുകയോ അല്ലെങ്കിൽ മോചിതനാകുകയോ ചെയ്യാനുള്ള അവകാശം, കുറ്റം തെളിയിക്കപ്പെടുന്നതുവരെ നിരപരാധിയെന്ന നിയമസിദ്ധാന്തം എന്നിവ ഇന്ത്യ ഉറപ്പാക്കണം- എന്നും കത്തിൽ ആവശ്യപ്പെടുന്നു.
ഉമർ ഖാലിദിനും സഹപ്രതികൾക്കും എതിരായ നടപടികൾ അന്താരാഷ്ട്ര നീതിന്യായ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഇന്ത്യൻ അധികാരികൾ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കണമെന്ന ആവശ്യവും എംപിമാർ ഉന്നയിച്ചിട്ടുണ്ട്.
അതേസമയം, ഉമർ ഖാലിദിനെ കുറിച്ച് ന്യൂയോർക്ക് മേയർ എഴുതിയ കുറിപ്പ് ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടലാണെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി. വിഷയത്തിൽ മംദാനിയുടെ കത്തിന്റെ സാധുത ചോദ്യംചെയ്തബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ, ഇന്ത്യ ഇത്തരം ശ്രമങ്ങൾ സഹിക്കില്ലെന്ന് പറഞ്ഞു. ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്താൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ 140 കോടി ഇന്ത്യക്കാർ ഒന്നിച്ച് നിൽക്കും. രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയിൽ ഇന്ത്യൻ ജനതയ്ക്ക് പൂർണ വിശ്വാസമുണ്ടെന്നും ബിജെപി പറഞ്ഞു.
നേരത്തെ, മേയറായി മംദാനി അധികാരമേറ്റ അതേ ദിവസം തന്നെയാണ് ഉമര്‍ ഖാലിദിന്റെ സുഹൃത്ത് ബനജ്യോത്സന ലാഹിരി മംദാനിയുടെ കത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ചുരുങ്ങിയ വാക്കുകളില്‍ എന്നാല്‍ ഹൃദയസ്പര്‍ശിയായ കുറിപ്പാണ് ഉമര്‍ ഖാലിദിനായ മംദാനി എഴുതിയിരിക്കുന്നത്. 'പ്രിയപ്പെട്ട ഉമര്‍, ജീവിതത്തില്‍ പലപ്പോഴായി നമുക്കുണ്ടായേക്കാവുന്ന കയ്‌പേറിയ അനുഭവങ്ങള്‍ നമ്മെ സ്വയം നശിപ്പിക്കാന്‍ അനുവദിക്കാതിരിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള താങ്കളുടെ വാക്കുകള്‍ ഞാന്‍ എപ്പോഴും ഓര്‍ക്കാറുണ്ട്. താങ്കളുടെ മാതാപിതാക്കളെ കണ്ടുമുട്ടാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്. ഞങ്ങള്‍ എല്ലാവരും താങ്കളെ ഓര്‍ക്കുന്നു'- അദ്ദേഹം എഴുതി.
2020 സെപ്റ്റംബറിലാണ് ഉമര്‍ ഖാലിദിനെ ഡല്‍ഹി പൊലിസ് അറസ്റ്റ് ചെയ്തത്. ഡല്‍ഹി ഹൈക്കോടതി ഒരു എഫ്.ഐ.ആറില്‍ നിന്ന് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയെങ്കിലും, യു.എ.പി.എ പ്രകാരമുള്ള മറ്റൊരു കേസില്‍ അദ്ദേഹം ഇപ്പോഴും കസ്റ്റഡിയിലാണ്.
After newly sworn in Mayor of New York Zohran Mamdani on Thursday wrote a letter of support to student activist and former research scholar at Jawaharlal Nehru University Umar Khalid, eight US lawmakers have now written a letter urging the Indian Government to grant him a fair trial as per international law.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."