നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ; ശബരിമല മുതൽ പുനർജനി വരെ; പ്രതിപക്ഷത്തിന് നേരെ കടന്നാക്രമണവുമായി സർക്കാർ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കുമോയെന്ന ആശങ്ക ഇടത് കേന്ദ്രങ്ങൾ ഉയർത്തുന്നതിനിടെ, പ്രതിപക്ഷത്തിനെതിരേ കടന്നാക്രമണ നീക്കവുമായി സർക്കാർ. തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രധാന ചർച്ചാവിഷയമായിരുന്ന ശബരിമല സ്വർണക്കൊള്ളയിന്മേലുള്ള അന്വേഷണം യു.ഡി.എഫ് കേന്ദ്രങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചതിനു പിന്നാലെയാണ് മാസങ്ങൾക്ക് മുമ്പ് വിജിലൻസ് നൽകിയ റിപ്പോർട്ട് പൊടിതട്ടിയെടുത്ത് പ്രതിപക്ഷ നേതാവിനെതിരേ സി.ബി.ഐ അന്വേഷണത്തിന് ശുപാർശ ചെയ്യാൻ സർക്കാർ നീക്കംനടത്തുന്നത്. രണ്ടു പ്രാവശ്യം ഹൈക്കോടതി തള്ളുകയും അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ വകുപ്പില്ലെന്ന് വിജിലൻസ് തന്നെ പറയുകയും ചെയ്ത വിഷയത്തിൽ, സി.ബി.ഐ അന്വേഷണത്തിന് പ്രസക്തിയില്ലെന്ന് വ്യക്തമാണെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നീക്കം രാഷ്ട്രീയമായി പ്രയോജനം ചെയ്യുമെന്ന വിലയിരുത്തലിലാണ് ഇടതുകേന്ദ്രങ്ങൾ.
തദ്ദേശ തെരഞ്ഞെടുപ്പിൽ നിന്നു വിഭിന്നമായി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ വേദികളിൽ പ്രതിപക്ഷത്തിനെതിരേ ആഞ്ഞടിക്കാൻ ഈ വിഷയങ്ങൾ പ്രയോജനപ്പെടുമെന്നും ഇടത് ക്യാംപ് കണക്കുകൂട്ടുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽഎക്കെതിരേ ഉയർന്ന ആരോപണങ്ങൾക്കപ്പുറം പ്രതിപക്ഷത്തിനെതിരേ പ്രയോഗിക്കാൻ ഇടതുമുന്നണിക്ക് കാര്യമായ ആയുധങ്ങളുണ്ടായിരുന്നില്ല. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങുമ്പോൾ തന്നെ ശബരിമല സ്വർണക്കൊള്ളയിൽ ഉൾപ്പെടെ പ്രതിപക്ഷത്തെ ആരോപണ നിഴലിലേക്ക് എത്തിക്കാൻ ഇടതുക്യാംപിന് കഴിഞ്ഞിട്ടുണ്ട്.
ശബരിമല സ്വർണക്കൊള്ളയിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയെന്നതും പോറ്റിക്ക് യു.ഡി.എഫ് കൺവീനറുമായി ബന്ധമുണ്ടെന്ന ആരോപണവും ഇടതുകേന്ദ്രങ്ങൾ സജീവ ചർച്ചാവിഷയമാക്കിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് കനത്ത പ്രഹരമേൽപ്പിച്ച സ്വർണം കട്ടതാരപ്പാ.. സഖാക്കളാണേ അയ്യപ്പാ എന്ന പാരഡി ഗാനം യു.ഡി.എഫ് കേന്ദ്രങ്ങളിലേക്ക് തിരിച്ചുപ്രയോഗിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, സർക്കാർ നീക്കത്തെ ഒറ്റക്കെട്ടായി പ്രതിരോധിക്കാനാണ് യു.ഡി.എഫ് തീരുമാനം. വയനാട്ടിൽ ഇന്നലെ തുടങ്ങിയ കോൺഗ്രസ് നേതൃക്യാംപിലും നേതാക്കൾ ഇതേ വികാരമാണ് പങ്കുവച്ചത്. വി.ഡി സതീശനെതിരായ സി.ബി.ഐ അന്വേഷണ നീക്കം വെറും ഇലക്ഷൻ സ്റ്റണ്ടാണെന്ന ആരോപണമാണ് കോൺഗ്രസ് നേതാക്കൾ ഉന്നയിക്കുന്നത്.
months ahead of the assembly elections, from sabarimala to punarjani, the government is launching an aggressive attack against the opposition.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."