രാജ്യവ്യാപക എസ്.ഐ.ആർ; ഹരജികള്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും
ന്യൂഡൽഹി: തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ ഹരജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹരജികളിലും ഇന്ന് വാദം കേൾക്കും. കേരളത്തിലെ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ഹർജികൾ ഈ മാസം 15നാണ് സുപ്രിംകോടതി ലിസ്റ്റ് ചെയ്തിരിക്കുന്നത്.
അതേസമയം എസ്.ഐ.ആറില്‍ കേരളത്തില്‍ നിന്നുള്ള ഹരജികള്‍ ഈ മാസം 15നാണ് കോടതി പരിഗണിക്കുക. സംസ്ഥാനത്തെ കരട് പട്ടിക പുറത്തിറക്കിയപ്പോള്‍ 24,08,503 പേരാണ് പുറത്തായത്. ആകെ 2,54,42,352 വോട്ടര്‍മാരാണ് പട്ടികയില്‍ ഇടംപിടിച്ചത്. ഒഴിവാക്കപ്പെട്ടവര്‍ പുതുതായി ഫോം പൂരിപ്പിച്ച് നല്‍കണമെന്നാണ് നിയമം.
അതിനിടെ അർഹരായ എല്ലാ പൗരന്മാരെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നത് ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ ആരംഭിച്ചു. മതിയായ രേഖകളില്ലാത്തവർക്ക് അവ ലഭ്യമാക്കാനും വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ സഹായിക്കാനുമായി വില്ലേജ് തലത്തിൽ ഹെൽപ്പ് ഡെസ്കുകൾ സ്ഥാപിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ കളക്ടർമാർക്ക് കർശന നിർദ്ദേശം നൽകി.
മുഖ്യമന്ത്രിയുടെ പ്രധാന നിർദ്ദേശങ്ങൾ:
- സൗജന്യ രേഖകൾ:
വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ആവശ്യമായ രേഖകൾ കൈവശമില്ലാത്തവർക്ക് അവ അടിയന്തരമായി ലഭ്യമാക്കും. ഇതിനായി ഈ കാലയളവിൽ ഈടാക്കേണ്ടി വരുന്ന ഫീസുകൾ ഒഴിവാക്കാൻ നിർദ്ദേശിച്ചു. - വില്ലേജ് തല ഹെൽപ്പ് ഡെസ്കുകൾ:
എല്ലാ വില്ലേജ് ഓഫീസുകളിലും സഹായികളെ ഉൾപ്പെടുത്തി ഹെൽപ്പ് ഡെസ്കുകൾ തുടങ്ങും. സ്ഥലപരിമിതിയുള്ള വില്ലേജ് ഓഫീസുകൾക്ക് പകരം അടുത്തുള്ള പൊതു കെട്ടിടങ്ങൾ ഉപയോഗിക്കാം. - കെ-സ്മാർട്ട് സേവനം:
കെ-സ്മാർട്ട് വഴിയുള്ള സർട്ടിഫിക്കറ്റുകൾക്ക് കാലതാമസം നേരിടുന്നുണ്ടെങ്കിൽ തദ്ദേശ സ്ഥാപനങ്ങൾ നേരിട്ട് സർട്ടിഫിക്കറ്റുകൾ നൽകാൻ നടപടി സ്വീകരിക്കണം. ക്യാമ്പുകളിൽ കെ-സ്മാർട്ട് ഹെൽപ്പ് ഡെസ്കുകളും ഉണ്ടാകും. - ഉദ്യോഗസ്ഥ നിയന്ത്രണം:
വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഈ കാലയളവിൽ സ്ഥലം മാറ്റാൻ പാടില്ല. ഒഴിവുള്ള ബൂത്ത് ലെവൽ ഓഫീസർ (BLO) തസ്തികകൾ രണ്ടു ദിവസത്തിനകം നികത്തണം. - അക്ഷയ സെന്ററുകൾ:
ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിന് അക്ഷയ സെന്ററുകൾ ഈടാക്കുന്ന ഫീസ് കുറയ്ക്കാൻ ഐടി വകുപ്പിന് നിർദ്ദേശം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."