ഡൽഹിയിലെ വായു മലിനീകരണം; എയർ ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷനെതിരെ വിമർശനവുമായി സുപ്രീംകോടതി
ഡൽഹി: ഡൽഹിയിലെ വായു മലിനീകരണം ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ എയർ ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷനെതിരെ വിമർശനവുമായി സുപ്രീംകോടതി. വായു മലിനീകരണം നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സ്ഥാപനം പരാജയപ്പെട്ടുവെന്നാണ് കോടതിയുടെ നിരീക്ഷണം.
നിരന്തരമായി വായുവിന്റെ ഗുണനിലവാരം മോശമാകുന്ന സാഹചര്യത്തിൽ മലിനീകരണത്തിന്റെ പ്രധാന കാരണങ്ങൾ കണ്ടെത്താനും ദീർഘകാല പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കാനും ഇതുവരെ ഫലപ്രദമായ രീതിയിൽ പ്രവർത്തനം നടന്നിട്ടില്ലെന്നും കോടതി പറഞ്ഞു.
ഡൽഹിയിലെ അതിർത്തികളിലെ ടോൾ പ്ലാസകൾ അടച്ചു പൂട്ടുകയോ മാറ്റി സ്ഥാപിക്കുകയോ പോലുള്ള അടിയന്തര വിഷയങ്ങൾ പരിഗണിക്കാൻ രണ്ട് മാസത്തിനുള്ളിൽ സമയം വേണമെന്ന സിഎക്യുഎമ്മിന്റെ ആവശ്യം സുപ്രീം കോടതി തള്ളി.
മലിനീകരണത്തിന് കാരണമാകുന്ന ഘടകങ്ങൾ എന്താണെന്ന് വ്യക്തമായി തിരിച്ചറിയുന്നതിന് വേണ്ടി വിദഗ്ധരുടെ ഒരു സംഘം രൂപീകരിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും സുപ്രീംകോടതി നിർദേശം മുന്നോട്ടുവച്ചു. വെറും സ്റ്റാറ്റസ് റിപ്പോർട്ടുകൾ മതിയാകില്ലെന്നും ശാസ്ത്രീയവും പ്രായോഗികവുമായ പ്രവർത്തന പദ്ധതി ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
മലിനീകരണ പ്രശ്നത്തെ ഗൗരവമായി കാണാതെ നീട്ടിക്കൊണ്ടുപോകുന്ന സമീപനം ഇനി അംഗീകരിക്കാൻ കഴിയില്ലെന്നും ഡൽഹിയിലെ വായുമലിനീകരണ പ്രശ്നത്തിൽ ദീർഘകാലമായ നടപടികൾ വേണമെന്നും കോടതി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."