വീട് നിർമ്മാണത്തിനായി മണ്ണുമാറ്റിയപ്പോൾ കണ്ടത് ചെമ്പ് പാത്രം, തുറന്നപ്പോൾ കണ്ണഞ്ചിപ്പിക്കുന്ന സ്വർണ്ണാഭരണങ്ങൾ; പ്രദേശത്ത് കൂടുതൽ പരിശോധനകൾ നടത്തും
കർണാടക: കർണാടകയിലെ ഗദഗ് ജില്ലയിലുള്ള ലക്കുണ്ഡി ഗ്രാമത്തിൽ വീട് നിർമ്മാണത്തിനായി മണ്ണുമാറ്റുന്നതിനിടെ സ്വർണ്ണാഭരണങ്ങൾ അടങ്ങിയ വലിയ നിധിശേഖരം കണ്ടെത്തി. ഏകദേശം അരക്കിലോയോളം തൂക്കം വരുന്ന പുരാതന സ്വർണാഭരണങ്ങളാണ് ചെമ്പ് പാത്രത്തിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
ഗംഗവ്വ ബസവരാജ് റിട്ടി എന്ന സ്ത്രീയുടെ വീടിന്റെ അടിത്തറയ്ക്കായി കുഴിയെടുക്കുമ്പോഴാണ് സംഭവം. എട്ടാം ക്ലാസ് വിദ്യാർഥിയായ പ്രജ്വൽ റിട്ടിയാണ് മണ്ണടിയിൽ തിളങ്ങുന്ന പാത്രം ആദ്യം ശ്രദ്ധിച്ചത്. മണ്ണുമാറ്റിയപ്പോൾ കണ്ട ചെമ്പ് പാത്രം തുറന്നു നോക്കിയ കുട്ടി അതിൽ സ്വർണ്ണാഭരണങ്ങൾ ആണെന്ന് മനസ്സിലാക്കി. ഉടൻ തന്നെ വീട്ടുകാരെയും പഞ്ചായത്ത് അംഗങ്ങളെയും വിവരമറിയിക്കുകയായിരുന്നു. കുട്ടിയുടെ ഈ സത്യസന്ധതയെ ഗദഗ് എസ്പി രോഹൻ ജഗദീഷ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ അഭിനന്ദിച്ചു.
കണ്ടെത്തിയ പാത്രത്തിൽ നെക്ലേസ്, വളകൾ, മോതിരങ്ങൾ, കമ്മലുകൾ എന്നിവയുൾപ്പെടെ 22 സ്വർണാഭരണങ്ങളാണുള്ളത്. കണ്ടെടുത്ത സ്വർണാഭരണങ്ങൾക്ക് ഏകദേശം 466 മുതൽ 470 ഗ്രാം വരെ തൂക്കം വരുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതിപുരാതനമായ ഡിസൈനുകളിലാണ് സ്വർണാഭരണങ്ങൾ നിർമ്മിച്ചിരിക്കുന്നത്. നിലവിലെ വിപണി വിലയേക്കാൾ എത്രയോ മടങ്ങ് വരും ഇവയുടെ പുരാവസ്തു മൂല്യമെന്ന് അധികൃതർ കണക്കാക്കുന്നു.
"ആഭരണങ്ങൾ പുരാതന ശൈലിയിലുള്ളതാണ്. പുരാവസ്തു വകുപ്പിന്റെ വിശദമായ പഠനത്തിന് ശേഷം മാത്രമേ ഇവ ഏത് കാലഘട്ടത്തിലുള്ളതാണെന്ന് കൃത്യമായി പറയാനാകൂ." എന്ന് ലക്കുണ്ഡി ഹെറിറ്റേജ് ഏരിയ ഡെവലപ്‌മെന്റ് അതോറിറ്റി കമ്മീഷണർ ശരണു ഗോഗേരി അറിയിച്ചു.
ചാലുക്യ, ഹൊയ്സാല രാജവംശങ്ങളുടെ പ്രധാന കേന്ദ്രമായിരുന്ന ചരിത്രപ്രസിദ്ധമായ ഗ്രാമമാണ് ലക്കുണ്ഡി. പുരാതന ക്ഷേത്രങ്ങൾക്കും ശില്പങ്ങൾക്കും പേരുകേട്ട ഇവിടെനിന്ന് നിധി കണ്ടെത്തിയത് ചരിത്ര ഗവേഷകർക്കും കൗതുകമുണർത്തുന്ന വാർത്തയാണ്. കണ്ടെടുത്ത സ്വർണം നിലവിൽ സർക്കാർ നടപടിക്രമങ്ങൾ പൂർത്തിയാക്കി തഹസിൽദാർക്ക് കൈമാറി. വരും ദിവസങ്ങളിൽ പുരാവസ്തു വകുപ്പ് ഈ പ്രദേശത്ത് കൂടുതൽ പരിശോധനകൾ നടത്തിയേക്കും.
During house construction in Lakkundi village, Karnataka, a massive treasure of ancient gold was discovered. A student named Prajwal Ritti first noticed a copper pot while soil was being excavated for the foundation of a new home. Upon opening it, the family found around 470 grams of ancient gold jewelry, including 22 items like necklaces, bangles, and rings.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."