പഠന സഹകരണ ചര്‍ച്ചകള്‍ക്കായി താലിബാന്‍ വിദ്യാഭ്യാസ മന്ത്രി ഒമാനിലേക്ക്
ഒമാന്‍: താലിബാന്‍ ഭരണകൂടത്തിന്റെ ഉന്നത വിദ്യാഭ്യാസ മന്ത്രി നെദാ മുഹമ്മദ് നദീം ഒമാനിലേക്ക് ഔദ്യോഗിക സന്ദര്‍ശനത്തിന് പുറപ്പെട്ടു. ഒമാനിന്റെയും അഫ്ഗാനിസ്ഥാനിന്റെയും വിദ്യാഭ്യാസ മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുക എന്നതാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. വിദ്യാഭ്യാസം, ഗവേഷണം, അക്കാദമിക് കൈമാറ്റം തുടങ്ങിയ വിഷയങ്ങളാണ് ചര്‍ച്ചകളില്‍ പ്രധാനമായി ഉള്‍പ്പെടുക എന്നാണ് താലിബാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചത്.
ഒമാനില്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ പ്രതിനിധികളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെയും മന്ത്രി കാണും. അഫ്ഗാന്‍ സര്‍വകലാശാലകളും ഒമാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മില്‍ സഹകരണം വര്‍ധിപ്പിക്കാനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്യുമെന്നും മന്ത്രാലയം വ്യക്തമാക്കി. അദ്ധ്യാപകരുടെ പരിശീലനം, ഗവേഷണ മേഖലയില്‍ സഹകരണം, അക്കാദമിക് അനുഭവ കൈമാറ്റം എന്നിവയും ചര്‍ച്ചയില്‍ ഉള്‍പ്പെടുമെന്നാണ് വിവരം.
യാത്രയ്ക്കിടെ നെദാ മുഹമ്മദ് നദീമിനൊപ്പം ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ ചില ഉദ്യോഗസ്ഥരും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര സമൂഹവുമായി ബന്ധം മെച്ചപ്പെടുത്താനും വിദ്യാഭ്യാസ മേഖലയിലെ സഹകരണ സാധ്യതകള്‍ കണ്ടെത്താനുമാണ് ഇത്തരമൊരു സന്ദര്‍ശനം സംഘടിപ്പിച്ചതെന്നാണ് താലിബാന്‍ വൃത്തങ്ങള്‍ പറയുന്നത്.
അതേസമയം, താലിബാന്‍ അധികാരത്തിലെത്തിയതിന് ശേഷം അഫ്ഗാനിസ്ഥാനിലെ വിദ്യാഭ്യാസ രംഗം വലിയ മാറ്റങ്ങള്‍ കണ്ടിട്ടുണ്ട്. സര്‍ക്കാര്‍-സ്വകാര്യ സര്‍വകലാശാലകളില്‍ വനിതാ വിദ്യാര്‍ഥികള്‍ക്കും വനിതാ അധ്യാപകര്‍ക്കും പ്രവേശനം നിരോധിച്ച തീരുമാനം രാജ്യത്തിനകത്തും പുറത്തും വ്യാപക വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഈ നിയന്ത്രണങ്ങള്‍ ഇതുവരെ തുടരുകയാണ്.
വിദ്യാഭ്യാസ മേഖലയിലെ ഈ നയങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ഒമാന്‍ സന്ദര്‍ശനം നടക്കുന്നതെന്നതും ശ്രദ്ധേയമാണ്. അന്താരാഷ്ട്ര സമൂഹത്തിന്റെ അംഗീകാരം നേടാന്‍ താലിബാന്‍ ശ്രമങ്ങള്‍ തുടരുന്നുണ്ടെങ്കിലും, മനുഷ്യാവകാശ വിഷയങ്ങളിലെ ആശങ്കകള്‍ കാരണം പല രാജ്യങ്ങളും ഔദ്യോഗിക നിലപാട് സ്വീകരിച്ചിട്ടില്ല.
ഈ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഒമാന്‍ സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല.
Taliban’s Higher Education Minister Neda Mohammad Nadim visits Oman for talks aimed at strengthening academic and educational cooperation between the two countries.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."