യു.എസ് ഇറാനെ ആക്രമിച്ചാൽ തിരിച്ചടികിട്ടുക ഇസ്‌റാഈലിന്; കളിവേണ്ടെന്ന് ട്രംപ്, വെല്ലുവിളിച്ച് ഇറാൻ
ടെഹ്‌റാൻ: ആഭ്യന്തര പ്രക്ഷോഭം ഒരുവശത്ത് നടക്കുമ്പോഴും ഇറാന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്ന മുന്നറിയിപ്പുമായി ഇറാൻ. തങ്ങൾക്ക് നേരെ ആക്രമണത്തിന് മുതിർന്നാൽ തിരിച്ചടിയുണ്ടാകുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇറാനെ തൊട്ടാൽ ഇസ്‌റാഈലും മേഖലയിലെ യു.എസ് സൈനിക ആസ്ഥാനങ്ങളുമാകും തങ്ങൾ ലക്ഷ്യമിടുകയെന്ന് സ്പീക്കർ മുഹമ്മദ് ബക്വർ ഖാലിബാഫ് പാർലമെന്റിൽ പറഞ്ഞു. രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത പാർലമെന്റ് സമ്മേളനത്തിലാണ് സ്പീക്കർ ഖാലിബാഫ് നിലപാട് വ്യക്തമാക്കിയത്.
മുൻപെങ്ങുമില്ലാത്തവിധം ഇറാൻ സ്വാതന്ത്ര്യത്തിന് അടുത്തുനിൽക്കുകയാണെന്നാണ് രാജ്യത്ത് നടക്കുന്ന പ്രതിഷേധത്തെ കുറിച്ച് ട്രംപ് നടത്തിയ പ്രതികരണം. പ്രതിഷേധിക്കുന്ന ജനങ്ങൾക്കുനേരെ നടപടിയെടുത്താൽ തങ്ങൾ ഇടപെടൽ നടത്തുമെന്ന് ട്രംപ് ഇറാൻ നൽകിയ അന്ത്യശാസനം. എന്നാൽ ഇപ്പോൾ രാജ്യത്ത് നടക്കുന്ന പ്രതിഷേധം ആളിക്കത്തിക്കുന്നതിനു പിന്നിൽ അമേരിക്ക ആണെന്നാണ് ഇറാന്റെ നിലപാട്.
ട്രംപിനോട് കളിക്കാൻ നിൽക്കരുതെന്നാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് ഇറാന് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ട്രംപ് എന്തെങ്കിലും ചെയ്യുമെന്നു പറഞ്ഞാൽ അതിനർഥം അദ്ദേഹമത് ചെയ്യാൻ തലപര്യപ്പെടുന്നു എന്നാണെന്ന് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് മുന്നറിയിപ്പ് നൽകി. നിലവിൽ ഇറാന്റെ വിഷയത്തിൽ ഇടപെടൽ നടത്താനാണ് ട്രംപ് ആഗ്രഹിക്കുന്നത് എന്നാണ് വിവരം.
ഇറാൻ തിരിച്ചടിക്കുമ്പോൾ പ്രധാനമായും ഇരയാകേണ്ടി വരിക ഇസ്‌റാഈൽ ആകുമെന്നതിനാൽ, ഇസ്‌റാഈൽ കനത്ത ജാഗ്രതയിലാണ്. ഇറാനിൽ യു.എസിന്റെ സൈനിക ഇടപെടൽ ഉണ്ടാകാനുള്ള സാധ്യത വർധിച്ചതോടെയാണ് ഇസ്‌റാഈൽ ജാഗ്രത വർധിപ്പിച്ചത്. ശനിയാഴ്ച ഇസ്‌റാഈൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും തമ്മിൽ ഫോണിലൂടെ സ്ഥിതിഗതികളെ കുറിച്ച് ചർച്ച ചെയ്തതായി റിപ്പോർട്ടുകൾ ഉണ്ട്. ഇറാനിൽ യു.എസ് സൈനിക ഇടപെടൽ നടത്താനുള്ള സാധ്യതയെകുറിച്ചാണ് ഇരുവരുടെയും ചർച്ച. രാജ്യാന്തര മാധ്യമങ്ങളും ഇറാൻ ഇസ്‌റാഈലിനെതിരെ തിരിച്ചടി നടത്തുമെന്നാണ് റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം, ഇറാനിൽ ആഭ്യന്തര പ്രക്ഷോഭം തുടരുന്നതായാണ് റിപ്പോർട്ടുകൾ. ഇറാനിലെ 31 പ്രവിശ്യകളിലായി 570-ലധികം പ്രതിഷേധങ്ങൾ നടന്നതായി യുഎസ് ആസ്ഥാനമായുള്ള ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ് ന്യൂസ് ഏജൻസി ഞായറാഴ്ച റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച അധികൃതർ ഇന്റർനെറ്റ് അടച്ചുപൂട്ടൽ ഏർപ്പെടുത്തിയതിനെത്തുടർന്ന് ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് പ്രതിഷേധക്കാർ ഒറ്റപ്പെട്ടു, എന്നാൽ രാജ്യത്തുനിന്നും പുറത്തേക്ക് ഒഴുകിയെത്തിയ വീഡിയോകളിൽ ആയിരക്കണക്കിന് ആളുകൾ പ്രതിഷേധിക്കുന്നതായി കാണിച്ചു.
ഇതുവരെ 116 പേർ മരിച്ചുവെന്നാണ് മനുഷ്യാവകാശ സംഘടനകൾ പുറത്തുവിടുന്ന കണക്ക്. എന്നാൽ ഇന്റർനെറ്റ് വിലക്കിയിരിക്കുന്നതിനാൽ ഈ കണക്കിലെ ആധികാരികതയെ കുറിച്ച് സംശയങ്ങൾ ഉണ്ട്. രാജ്യത്തുനിന്നുള്ള വിവരങ്ങൾ കൃത്യമായി പുറത്തുവരുന്നില്ല. 2,600ൽ അധികം ജനങ്ങളെ തടങ്കലിൽ ആക്കിയിട്ടുണ്ടെന്ന് ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജൻസി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."