പതിമൂന്നുകാരിക്ക് പീഡനം; വളര്‍ത്തച്ഛന് ഏഴരവര്‍ഷം കഠിനതടവും പിഴയും
തൊടുപുഴ: പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ വളര്‍ത്തച്ഛന് ഏഴരവര്‍ഷം കഠിനതടവും 10,000 രൂപ പിഴയും വിധിച്ചു. ഇടുക്കി പുറ്റടി പുളിഞ്ചോട്ടില്‍ ജോര്‍ജ് മാത്യു(52)വിനെയാണ് ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ.ആര്‍ മധുകുമാര്‍ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ആറുമാസംകൂടി കഠിനതടവ് അനുഭവിക്കണം.
പെണ്‍കുട്ടി ഗര്‍ഭിണിയായതിനെ തുടര്‍ന്ന് മാതാവ് 2011 നവംബറില്‍ കട്ടപ്പന വനിതാ ഹെല്‍പ്‌ലൈനില്‍ പരാതി നല്‍കുകയായിരുന്നു. കണ്ടാലറിയാവുന്ന ഒരു ഓട്ടോ ഡ്രൈവര്‍ ശാരീരികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി. കട്ടപ്പന പൊലിസ് അന്വേഷണം നടത്തിവരവേ കുട്ടിയെ ഇടുക്കി ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ പി.ജി ഗോപാലകൃഷ്ണന്‍ മുന്‍പാകെ ഹാജരാക്കി. പെണ്‍കുട്ടി ഇവിടെ നല്‍കിയ മൊഴിയെ തുടര്‍ന്നാണ് പീഡിപ്പിച്ചത് വളര്‍ത്തച്ഛനാണെന്ന് മനസിലായത്. പീഡനത്തിന് മാതാവ് ഒത്താശ ചെയ്തിരുന്നതായും തെളിഞ്ഞു. തുടര്‍ന്ന് കുട്ടിയുടെ സംരക്ഷണം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഏറ്റെടുത്തിരുന്നു.
പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കട്ടപ്പന സി.ഐ റെജി എം. കുന്നിപ്പറമ്പന്‍ നടത്തിയ അന്വേഷണത്തെതുടര്‍ന്ന് വളര്‍ത്തച്ഛനെയും കുട്ടിയുടെ മാതാവിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിലെ രണ്ടാം പ്രതിയായ മാതാവ് കേസ് വിചാരണമധ്യേ ഒളിവില്‍പോയി. ഇക്കാരണത്താല്‍ ഇവര്‍ക്കെതിരായ കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."