പശ്ചിമേഷ്യയില്‍ യുദ്ധഭീതി ഒഴിഞ്ഞു; ഇടപെട്ടത് ഗള്‍ഫ് രാഷ്ട്രങ്ങള്‍; സമ്മര്‍ദ്ദത്തിനുമുന്നില്‍ ട്രംപിന് വഴങ്ങേണ്ടി വന്നു
ജിദ്ദ/ദോഹ: ഭരണകൂടവിരുദ്ധ പ്രക്ഷോഭങ്ങളുടെ മറവില്‍ ഇറാനെ ആക്രമിക്കുകയും അതുവഴി പശ്ചിമേഷ്യയെ വലിയ യുദ്ധത്തിലേക്ക് തള്ളിവിടുകയും ചെയ്യാനുള്ള സാധ്യത ഇല്ലാതാക്കിയത് ഗള്‍ഫ് രാഷ്ട്രങ്ങളുടെ സമയോചിത ഇടപെടല്‍. ട്രംപിന്റെ ആക്രമണ നീക്കം തടയാന്‍ സൗദി അറേബ്യ ഉള്‍പ്പെടെയുള്ള നാല് അറബ് രാജ്യങ്ങള്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തിയതായി ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു. മേഖലയില്‍ വലിയ തോതിലുള്ള അസ്ഥിരതയുണ്ടാകുമെന്ന ആശങ്കയെത്തുടര്‍ന്ന് സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ വാഷിംഗ്ടണുമായും തെഹ്‌റാനുമായും നിരന്തരം ചര്‍ച്ചകള്‍ നടത്തി. ഈ നയതന്ത്ര നീക്കമാണ് വിജയത്തിലെത്തിയത്.
അറബ് രാജ്യങ്ങളുടെ ഇടപെടല്‍
കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ അതിവേഗത്തിലുള്ള ചര്‍ച്ചകളാണ് അറബ് രാജ്യങ്ങള്‍ നടത്തിയത്. ഇറാന് മേലുള്ള ഏതൊരു ആക്രമണവും മേഖലയുടെ സുരക്ഷയെയും സാമ്പത്തിക വ്യവസ്ഥയെയും ദോഷകരമായി ബാധിക്കുമെന്നും അത് ഒടുവില്‍ അമേരിക്കയെ തന്നെ ബാധിക്കുമെന്നും യു.എസിന്റെ അടുത്ത സഖ്യരാജ്യങ്ങള്‍ കൂടിയായ ഇവര്‍ ട്രംപിനെ അറിയിച്ചു.
ഇറാന് നല്‍കിയ മുന്നറിയിപ്പ്
അമേരിക്കന്‍ ആക്രമണത്തിന് പകരമായി ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്‍ തിരിച്ചടി നല്‍കിയാല്‍, അത് ഇതര അറബ് രാജ്യങ്ങളുമായുള്ള ഇറാന്റെ ബന്ധത്തെ തകര്‍ക്കുമെന്ന് ഈ നാല് രാജ്യങ്ങളും തെഹ്‌റാനെയും ഓര്‍മിപ്പിച്ചു. അത് മേഖലയില്‍ ഇറാന്‍ ഒറ്റപ്പെടാന്‍ കാരണമാകുമെന്നും അവര്‍ ധരിപ്പിച്ചു.
ട്രംപിന്റെ നിലപാട്
പ്രക്ഷോഭകര്‍ക്കെതിരേ കടുത്ത നടപടിയെടുക്കുന്നത് നിര്‍ത്തിയാല്‍ ആക്രമിക്കില്ലെന്ന് ട്രംപും നിലപാടെടുത്തു. ഇറാനില്‍ പ്രക്ഷോഭകര്‍ കൊല്ലപ്പെടുന്നത് കുറഞ്ഞുവരുന്നതായി സൂചിപ്പിച്ചുകൊണ്ട്, നിലവില്‍ ആക്രമണം വേണ്ടെന്ന തീരുമാനത്തില്‍ ഡൊണാള്‍ഡ് ട്രംപ് എത്തുകയായിരുന്നു. 'കൊലപാതകങ്ങള്‍ നിലച്ചതായി വിവരം ലഭിച്ചു' എന്ന് ഇന്നലെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധക്കാരെ തൂക്കിക്കൊല്ലാന്‍ പദ്ധതിയിട്ടതായ വാര്‍ത്തകള്‍ ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി നിഷേധിച്ചു. പ്രതിഷേധക്കാരെ തൂക്കിലേറ്റില്ലെന്ന ഉറപ്പ് തനിക്ക് ഇറാന്‍ അധികൃതര്‍ നല്‍കിയതായി ട്രംപും വ്യക്തമാക്കി.
ഗള്‍ഫ്, അറബ് രാജ്യങ്ങളുടെ ആശങ്ക
യു.എസ് ആക്രമിച്ചാല്‍ ഇറാന്‍ പ്രത്യാക്രമണം നടത്തുമെന്ന് ഉറപ്പാണ്. ഗള്‍ഫ് രാഷ്ട്രങ്ങളില്‍ യു.എസിന് താവളങ്ങളുള്ളതിനാല്‍ അവിടെയായിരിക്കും ഇറാന്‍ ലക്ഷ്യംവയ്ക്കുക എന്നും ഉറപ്പാണ്. ഇറാഖ്, കുവൈത്ത്, ഖത്തര്‍, യു.എ.ഇ, ഒമാന്‍, സിറിയ, തുര്‍ക്കി, ജോര്‍ദാന്‍, സഊദി അറേബ്യ രാജ്യങ്ങളില്‍ യു.എസിന് സൈനിക താവളങ്ങളുണ്ട്. കഴിഞ്ഞ വര്‍ഷം ഖത്തറിലെ യു.എസ് താവളത്തെ ഇറാന്‍ ആക്രമിച്ചതുമാണ്. അങ്ങിനെ സംഭവിച്ചാല്‍ മേഖലയിലെ സാമ്പത്തിക അടിത്തറയായ ഊര്‍ജ്ജ നിലയങ്ങള്‍ ആക്രമിക്കപ്പെട്ടേക്കുമെന്നും അറബ് രാജ്യങ്ങള്‍ ഭയപ്പെട്ടു. 2023ല്‍ സൗദിയും ഇറാനും തമ്മില്‍ സമാധാന കരാറില്‍ എത്തിയെങ്കിലും, നിലവിലെ സാഹചര്യം ഈ മേഖലയിലെ സമാധാനത്തിന് ഭീഷണിയാകുമെന്ന് ഗള്‍ഫ് ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നു. ഇറാനിലെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഈ നയതന്ത്ര ചര്‍ച്ചകള്‍ ഭാവിയില്‍ വഴിയൊരുക്കിയേക്കുമെന്നും സൂചനയുണ്ട്.
അടച്ച വ്യോമപാത തുറന്ന് ഇറാന്‍
ആക്രമണസാധ്യയെത്തുടര്‍ന്ന് അടച്ച വ്യോമപാത ഇറാന്‍ തുറന്നു. വ്യോമപാത താല്‍ക്കാലികമായെങ്കിലും ഇറാന്‍ അടച്ചത് ഇന്ത്യയില്‍നിന്നുള്ള വിമാന സര്‍വിസുകളെ ഉള്‍പ്പെടെ കാര്യമായി ബാധിച്ചിരുന്നു. തുടര്‍ന്ന് എയര്‍ ഇന്ത്യ, ഇന്‍ഡിഗോ തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികള്‍ തങ്ങളുടെ സര്‍വിസുകളില്‍ മാറ്റം വരുത്താന്‍ നിര്‍ബന്ധിതരായി. വ്യോമപാത തുറന്നതോടെ ഇറാനില്‍നിന്ന് മടങ്ങാനാഗ്രഹിക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമവുമായി വിദേശകാര്യ മന്ത്രാലയം മുന്നോട്ടുപോവുകയാണ്. ആദ്യ വിമാനം ഇന്ന് തെഹ്‌റാനില്‍നിന്ന് ഡല്‍ഹിയിലേക്ക് തിരിക്കും.
Sumamry: Four Arab countries conducted urgent diplomacy with Washington and Tehran this week to avert a possible U.S. military strike on Iran over its crackdown on protesters, amid concerns the fallout could destabilize the wider region, a Gulf official said.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."