കോടിക്കണക്കിന് കിലോ സ്വര്‍ണ്ണം, കപ്പലുകളുടെ ശ്മശാനം..! കടല്‍ ഒളിപ്പിച്ച വിസ്മയങ്ങള്‍ ഇതാ
ഭൂമിയുടെ 70 ശതമാനവും വെള്ളത്താല്‍ ചുറ്റപ്പെട്ടതാണെന്ന് നമുക്കറിയാം. എന്നാല്‍ നമുക്കറിയാത്ത എത്രയോ കാര്യങ്ങള്‍ ആ ആഴക്കടലുകളില്‍ ഒളിഞ്ഞിരിക്കുന്നു! കോടിക്കണക്കിന് രൂപയുടെ സ്വര്‍ണം മുതല്‍ വിമാനങ്ങളെ വിഴുങ്ങുന്ന നിഗൂഢതകള്‍ വരെ സമുദ്രത്തെ ഒരു അത്ഭുത ലോകമാക്കി മാറ്റുന്നു.
1. കടലിലെ 'സ്വര്‍ണ്ണഖനികള്‍'
കടല്‍വെള്ളത്തില്‍ കോടിക്കണക്കിന് കിലോ സ്വര്‍ണം അലിഞ്ഞുചേര്‍ന്നിട്ടുണ്ടെന്ന കാര്യം നിങ്ങള്‍ക്കറിയാമോ? ഓരോ ലിറ്റര്‍ കടല്‍ വെള്ളത്തിലും സ്വര്‍ണ്ണത്തിന്റെ അംശമുണ്ട്. എന്നാല്‍ ഈ സ്വര്‍ണം വേര്‍തിരിച്ചെടുക്കാനുള്ള സാങ്കേതികവിദ്യയ്ക്ക് വന്‍ തുക ചിലവാകും എന്നതുകൊണ്ട് മാത്രമാണ് ആരും ആ നിധി തേടി പോകാത്തത്. കിട്ടുന്ന സ്വര്‍ണ്ണത്തേക്കാള്‍ വലിയ വില അത് വേര്‍തിരിച്ചെടുക്കാന്‍ നല്‍കേണ്ടി വരും!
2. ശ്വസിക്കുന്ന ഓക്‌സിജന്‍ വരുന്നത് എവിടെ നിന്ന്?
നമ്മള്‍ ശ്വസിക്കുന്ന ഓക്‌സിജന്റെ 70 ശതമാനവും ലഭിക്കുന്നത് കാടുകളില്‍ നിന്നല്ല, മറിച്ച് സമുദ്രങ്ങളില്‍ നിന്നാണ്. സമുദ്രത്തിലെ ഫൈറ്റോപ്ലാങ്ക്ടണുകള്‍ എന്ന സൂക്ഷ്മ സസ്യങ്ങളാണ് ഈ ജീവവായു ഉത്പാദിപ്പിക്കുന്നത്. ഒരു ബക്കറ്റ് കടല്‍വെള്ളം എടുത്താല്‍ അതില്‍ ഒരു കോടിയോളം പ്ലവകങ്ങള്‍ (Phytoplankton) ഉണ്ടാകുമത്രേ! തിമിംഗലങ്ങളുടെ പ്രധാന ആഹാരവും ഇവ തന്നെ.
3. നിറപ്പകിട്ടുള്ള കടലുകള്‍
കടല്‍ എന്ന് കേള്‍ക്കുമ്പോള്‍ നീല നിറമാണ് മനസ്സിന് വരിക. എന്നാല്‍ സമുദ്രത്തിന് ചുവപ്പും വെള്ളയും മഞ്ഞയും കറുപ്പും നിറങ്ങളുണ്ടെങ്കിലോ?
ചെങ്കടല്‍: അറേബ്യയ്ക്കും ആഫ്രിക്കയ്ക്കും ഇടയില്‍.
മഞ്ഞക്കടല്‍: ചൈനയ്ക്കും കൊറിയയ്ക്കും ഇടയില്‍.
വെള്ളക്കടല്‍: റഷ്യയുടെ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു.
കരിങ്കടല്‍: യൂറോപ്പിനും തുര്‍ക്കിക്കുമിടയിലുള്ള ഈ കടല്‍ ബോസ്ഫറസ് കടലിടുക്ക് വഴി മെഡിറ്ററേനിയനുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു.
4. കപ്പലുകളുടെ ശ്മശാനവും ചെകുത്താന്റെ ത്രികോണവും
സമുദ്രത്തിലെ ചില ഭാഗങ്ങള്‍ ഇന്നും മനുഷ്യന് പേടിസ്വപ്നമാണ്.
സര്‍ഗാസോ കടല്‍: ഉത്തര അറ്റ്‌ലാന്റിക്കിലെ ഈ ഭാഗം 'കപ്പലുകളുടെ ശ്മശാനം' എന്നാണ് അറിയപ്പെടുന്നത്. ഇവിടുത്തെ 'സര്‍ഗാസം' എന്ന സസ്യങ്ങള്‍ കപ്പലുകളുടെ സഞ്ചാരത്തെ തടസ്സപ്പെടുത്തുന്നു.
ബെര്‍മുഡ ട്രയാംഗിള്‍: കപ്പലുകളും വിമാനങ്ങളും നിഗൂഢമായി അപ്രത്യക്ഷമാകുന്ന ഈ പ്രദേശം 'ചെകുത്താന്റെ ത്രികോണം' എന്ന് വിളിക്കപ്പെടുന്നു. ഗവേഷകര്‍ ഇതിനെ വെറും കെട്ടുകഥകളായി തള്ളിക്കളയുന്നുണ്ടെങ്കിലും നിഗൂഢതകള്‍ ഇന്നും ബാക്കിയാണ്.
5. ശബ്ദത്തിന്റെ വേഗതയും തിരമാലകളുടെ കരുത്തും
വായുവിലൂടെ സഞ്ചരിക്കുന്നതിനേക്കാള്‍ നാലിരട്ടി വേഗത്തില്‍ ശബ്ദത്തിന് കടല്‍വെള്ളത്തിലൂടെ സഞ്ചരിക്കാനാകും. അതുപോലെ തന്നെ, കാറ്റിന്റെ കരുത്തിനനുസരിച്ചാണ് കടലില്‍ തിരമാലകള്‍ രൂപപ്പെടുന്നത്. ശാന്തമായ കടലും പ്രക്ഷുബ്ധമായ കടലും കാറ്റിന്റെ കയ്യിലാണെന്ന് ചുരുക്കം.
6. ചാവുകടല്‍: മുങ്ങാത്ത അത്ഭുതം!
ജോര്‍ദാനിലെ ചാവുകടല്‍ യഥാര്‍ത്ഥത്തില്‍ ഒരു കടലല്ല, അതൊരു തടാകമാണ്. ഉപ്പിന്റെ അംശം അമിതമായതിനാല്‍ ഇവിടെ ജീവജാലങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയില്ല. എന്നാല്‍ ഈ ലവണാംശം കാരണം ആരും ഇവിടെ മുങ്ങിപ്പോകില്ല എന്നതാണ് പ്രത്യേകത. വെള്ളത്തില്‍ സുഖമായി മലര്‍ന്നു കിടന്ന് പത്രം വായിക്കാന്‍ കഴിയുന്ന ഇവിടം വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."