ലോകാരോഗ്യ സംഘടനയിൽ നിന്ന് ഔദ്യോഗികമായി പിന്മാറി യു.എസ്
വാഷിങ്ടൺ: ലോകാരോഗ്യ സംഘടനയിൽനിന്ന് (ഡബ്ല്യു.എച്ച്.ഒ) ഔദ്യോഗികമായി പിന്മാറി ഫണ്ടുകളെല്ലാം നിർത്തലാക്കി അമേരിക്ക. കഴിഞ്ഞ വർഷമാണ് ഡബ്ല്യു.എച്ച്.ഒയിൽനിന്ന് പിന്മാറാൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടത്. നടപടിക്രമങ്ങൾ പൂർത്തിയാകുന്നത് ഇപ്പോഴാണ്.
യു.എസ് ആരോഗ്യ വകുപ്പായ ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവിസ് ആണ് ഡബ്ല്യു.എച്ച്.ഒയ്ക്ക് നൽകിവരുന്ന എല്ലാ ഫണ്ടും നിർത്തലാക്കിയ വിവരം അറിയിച്ചത്. ആരോഗ്യരംഗത്തെ ആഗോളതലത്തിൽ ബാധിക്കുന്നതാണ് യു.എസ് നടപടി.
ഏജൻസിയുടെ ആസ്ഥാനത്തുനിന്ന് ലോക വ്യാപകമായി പ്രവർത്തിച്ചുവന്ന അമേരിക്കൻ ഉദ്യോഗസ്ഥരെയും ലീഡർഷിപ്പ് ബോഡികൾ, സാങ്കേതിക സമിതികൾ, വർക്കിങ് ഗ്രൂപ്പുകൾ എന്നിവയിൽ പ്രവർത്തിക്കുന്ന ഓഫിസർമാരെയും അമേരിക്ക തിരിച്ചുവിളിച്ചു.
കൊവിഡിനെ നേരിടുന്നതിൽ ഡബ്ല്യു.എച്ച്.ഒ വീഴ്ചവരുത്തിയെന്നും തെറ്റായ രീതിയിലാണ് പ്രവർത്തിച്ചതെന്നും ആരോപിച്ചാണ് അമേരിക്കൻ പിന്മാറ്റം.
ഡബ്ല്യു.എച്ച്.ഒയ്ക്ക് 2024-2025 കാലത്തെ യു.എസ് വിഹിതം നൽകിയിട്ടില്ല. ഇനി പണമൊന്നും നൽകില്ലെന്നും അറിയിച്ചിട്ടുണ്ട്. 2022 നും 2023 നും ഇടയിൽ 1300 കോടി ഡോളറാണ് യു.എസ് നൽകിയത്. നിലവിൽ 2.60 കോടി ഡോളർ യു.എസ് നൽകാനുണ്ട്.
സംഘടനയ്ക്ക് ഏറ്റവും കൂടുതൽ തുക നൽകിയിരുന്നത് അമേരിക്കയായിരുന്നു. ഈ തുക ഉപയോഗിച്ചാണ് വിവിധ രാജ്യങ്ങളിലെ വാക്സിനേഷൻ പദ്ധതികൾ ഉൾപ്പെടെ നടത്തിയിരുന്നത്.
ആഗോള ആരോഗ്യ അടിയന്തരാവസ്ഥയിൽ പ്രതികരിക്കുക, ദരിദ്രരാജ്യങ്ങൾക്ക് സാങ്കേതിക സഹായം നൽകുക, വാക്സിൻ, ചികിത്സാ സംവിധാനങ്ങളുടെ വിതരണം, അന്താരാഷ്ട്ര ആരോഗ്യ ഗൈഡ്ലൈനുകൾ നൽകുക എന്നിവയാണ് ലോകാരോഗ്യ സംഘടനയുടെ പ്രവർത്തനങ്ങൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."