പി.എസ്.സിയെ നോക്കുകുത്തിയാക്കി ബന്ധുനിയമനം; സർക്കാർ കാലാവധി തീരും മുൻപ് ബന്ധുക്കളെ തിരുകിക്കയറ്റാൻ തിരക്കിട്ട നീക്കമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കാലാവധി അവസാനിക്കാറായതോടെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലും ബോർഡുകളിലും പിൻവാതിൽ വഴി നിയമനം നേടിയവരെ സ്ഥിരപ്പെടുത്താൻ തിരക്കിട്ട നീക്കം നടക്കുന്നതായി കോൺഗ്രസ് വർക്കിങ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല. പി.എസ്.സിയെ നോക്കുകുത്തിയാക്കി പാർട്ടി ബന്ധുക്കൾക്കായി നടത്തുന്ന ഈ നീക്കം കേരളത്തിലെ അഭ്യസ്തവിദ്യരായ യുവജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
വൈദ്യുത മന്ത്രാലയത്തിന് കീഴിലുള്ള അനർട്ടിൽ (ANERT) നിയമവിരുദ്ധമായ രീതിയിൽ കരാർ ജീവനക്കാരെ നിലനിർത്താൻ സർക്കാർ ഉത്തരവിറക്കിയത് ഇതിന് തെളിവാണെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി.
സംസ്ഥാന വൈദ്യുത മന്ത്രാലയത്തിന് കീഴിലുള്ള അനർട്ടിൽ, പദ്ധതി അവസാനിക്കുന്നത് വരെ മുഴുവൻ താൽക്കാലിക ജീവനക്കാരെയും നിലനിർത്താൻ സർക്കാർ ഉത്തരവിറക്കിയത് ചട്ടവിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു. കോടിക്കണക്കിന് രൂപയുടെ അഴിമതി ആരോപണത്തെത്തുടർന്ന് പുറത്താക്കപ്പെട്ട മുൻ സി.ഇ.ഒയുടെ ശുപാർശയിന്മേലാണ് സർക്കാർ നടപടി കൈകൊണ്ടതെന്നും ചെന്നിത്തല വ്യക്തമാക്കി. ഹൈക്കോടതിയുടെ 2021-ലെ സ്റ്റാറ്റസ് കോ ഉത്തരവ് നിലനിൽക്കെ, അത് പൂർണ്ണമായും അവഗണിച്ചുകൊണ്ടാണ് ഈ നീക്കം നടക്കുന്നത്.
നിലവിലെ കരാർ ജീവനക്കാർക്ക് വൻതോതിൽ ശമ്പളം വർദ്ധിപ്പിച്ചു നൽകിക്കൊണ്ടാണ് കരാർ പുതുക്കിയിരിക്കുന്നത്. നിയമപരമായ നടപടികൾ പാലിക്കണമെന്ന കോടതി ഉത്തരവുകളും എംപ്ലോയ്മെന്റ് ഡയറക്ടറുടെ കർശന നിർദ്ദേശങ്ങളും കാറ്റിൽ പറത്തിയാണ് സർക്കാർ ഇത്തരം പിൻവാതിൽ നിയമനങ്ങൾക്ക് കൂട്ടുനിൽക്കുന്നത്.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ നോക്കുകുത്തിയാക്കി അർഹരായ ഉദ്യോഗാർത്ഥികളുടെ അവസരം നഷ്ടപ്പെടുത്തുന്ന നടപടിയാണിതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
എംപ്ലോയ്മെന്റ് വഴി നിയമനം നടത്തണമെന്ന ചട്ടം ലംഘിച്ച് സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് വഴി പുതിയ കരാർ നിയമനങ്ങൾക്ക് അനർട്ട് പരസ്യം നൽകിയിരിക്കുകയാണ്. പ്രതിവർഷം വരുന്ന 33,000 താൽക്കാലിക ഒഴിവുകളിൽ മൂന്നിലൊന്ന് മാത്രമാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നടക്കുന്നത്. ബാക്കിയുള്ള 22,000-ത്തോളം ഒഴിവുകൾ സി.പി.എം - ഡി.വൈ.എഫ്.ഐ നേതാക്കളുടെ ബന്ധുക്കൾക്കായി വീതം വെക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
"പത്ത് വർഷത്തെ ഭരണത്തിനിടെ ഭരണഘടനാ വിരുദ്ധമായി രണ്ട് ലക്ഷത്തിലേറെ പിൻവാതിൽ നിയമനങ്ങളാണ് പിണറായി സർക്കാർ നടത്തിയത്. നാഷണൽ എംപ്ലോയ്മെന്റ് സർവീസിന്റെ പരിശോധനയിൽ തന്നെ ഈ ചട്ടലംഘനം വ്യക്തമായിട്ടുണ്ട്." രമേശ് ചെന്നിത്തല പറഞ്ഞു.
യുവജനങ്ങളുടെ അവസരം നഷ്ടപ്പെടുത്തുന്ന ഇത്തരം നിയമവിരുദ്ധ നടപടികൾ സർക്കാർ ഉടൻ നിർത്തിവെക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."