അറബി ഭാഷ ഫ്രീയായി പഠിക്കാം; ഖത്തര്‍ ഔഖാഫ് മന്ത്രാലയത്തിന്റെ അടിപൊളി 'തകല്ലം' പ്ലാറ്റ്‌ഫോമിലൂടെ
ദോഹ: അറബി ഭാഷ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഖത്തര്‍ ഔഖാഫ് മന്ത്രാലയം ഒരുക്കുന്ന സൗജന്യ ഓണ്‍ലൈന്‍ പഠന പദ്ധതി 'തകല്ലം' (Takalam) പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും വലിയ അവസരമാകുന്നു. വെബ്‌സൈറ്റ് വഴിയും മൊബൈല്‍ ആപ്പ് വഴിയും ലോകത്തിന്റെ ഏത് കോണിലിരുന്നും അറബി ഭാഷയുടെ അടിസ്ഥാന പാഠങ്ങള്‍ മുതല്‍ പ്രായോഗിക വശങ്ങള്‍ വരെ സൗജന്യമായി പഠിക്കാന്‍ ഈ പ്ലാറ്റ്‌ഫോമിലൂടെ സാധിക്കും. തുടക്കക്കാര്‍ക്കും അത്യാവശ്യം അറബി അറിയാവുന്നവര്‍ക്കും ഒരുപോലെ ഉപകാരപ്പെടുന്ന രീതിയിലാണ് കോഴ്‌സ് ക്രമീകരിച്ചിരിക്കുന്നത്. ദൈനംദിന ആശയവിനിമയത്തിനും തൊഴിലിടങ്ങളിലെ ആവശ്യങ്ങള്‍ക്കും അറബി പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇത് ഏറെ ഉപകാരപ്പെടും.
കോഴ്‌സിന്റെ സവിശേഷതകള്‍
അമിതമായ കോഴ്‌സ് ഫീസും ജോലിത്തിരക്ക് കാരണം ക്ലാസ്സുകളില്‍ നേരിട്ട് പോകാന്‍ കഴിയാത്തതുമാണ് പലരെയും അറബി പഠനത്തില്‍ നിന്ന് പിന്നോട്ട് വലിക്കുന്നത്. ഇതിനൊരു പരിഹാരമായാണ് 'തകല്ലം' പ്ലാറ്റ്‌ഫോം അവതരിപ്പിച്ചിരിക്കുന്നത്.ഏഴ് ഘട്ടങ്ങളിലായാണ് സിലബസ് തയ്യാറാക്കിയിരിക്കുന്നത്. ഓരോ ഘട്ടത്തിലും 20 പാഠങ്ങള്‍ വീതമുണ്ട്.
* വീഡിയോ ക്ലാസ്സുകള്‍: ലളിതമായ ട്യൂട്ടോറിയല്‍ വീഡിയോകള്‍.
* പരിശീലനങ്ങള്‍: വായന, എഴുത്ത്, കേള്‍വി, സംസാരം എന്നിവ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ആക്ടിവിറ്റികള്‍.
* ഓഫ്‌ലൈന്‍ പഠനം: ക്ലാസ്സുകള്‍ ഡൗണ്‍ലോഡ് ചെയ്ത് സൗകര്യപ്രദമായ സമയത്ത് ഇന്റര്‍നെറ്റ് ഇല്ലാതെയും പഠിക്കാം.
എങ്ങനെ രജിസ്റ്റര്‍ ചെയ്യാം?
* ഔഖാഫ് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലോ 'തകല്ലം' ആപ്പിലോ അക്കൗണ്ട് തുടങ്ങുക.
* 'Education' വിഭാഗത്തില്‍ നിന്ന് 'Takalam' തിരഞ്ഞെടുക്കുക.
* ഇമെയിലില്‍ വരുന്ന ലിങ്ക് വഴിയോ കോഡ് വഴിയോ അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യുക.
* നിങ്ങളുടെ അറിവിനനുസരിച്ചുള്ള ലെവല്‍ തിരഞ്ഞെടുത്ത് പഠനം ആരംഭിക്കാം.
ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിന് പുറമെ, മന്ത്രാലയത്തിന് കീഴില്‍ നേരിട്ടുള്ള ക്ലാസ്സുകളും (Inperson courses) സൗജന്യമായി നല്‍കുന്നുണ്ട്. ഇതിനെക്കുറിച്ചുള്ള അറിയിപ്പുകള്‍ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകള്‍ വഴി ലഭ്യമാകും.
The Ministry of Awqaf and Islamic Affairs is offering free Arabic-language learning through its online platforms (website and mobile app), providing structured courses for learners in Qatar and abroad. Designed for beginners through intermediate learners, the programme enables students to build practical skills in reading, writing, listening and speaking Arabic.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."