സ്വത്തും കുടുംബവും നഷ്ടപ്പെടുമെന്ന് ഭയം; മഞ്ചേശ്വരം ഇരട്ടക്കൊലപാതകത്തിൽ പ്രതി ഉമ്മർ ഫാറൂഖിന്റെ ഞെട്ടിക്കുന്ന മൊഴി
കാസർകോട്: മഞ്ചേശ്വരത്ത് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകത്തിൽ പ്രതി ഉമ്മർ ഫാറൂഖിന്റെ മൊഴി പുറത്ത്. തന്റെ സ്വത്തും ഭാര്യയെയും മകളെയും നഷ്ടപ്പെടുമെന്ന ഭയമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പ്രതി പൊലിസിനോട് സമ്മതിച്ചു. കൃത്യം നടത്തുന്നതിനായി പ്രതി മുൻകൂട്ടി പുതിയ കത്തി വാങ്ങി സൂക്ഷിച്ചിരുന്നതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കൊല്ലപ്പെട്ട മകൾ ജുമൈലയുടെയും ബന്ധു ഷേക്ക് അബ്ബയുടെയും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരങ്ങൾ പുറത്തുവന്നു. ഹൃദയ ധമനിയിലേറ്റ ആഴത്തിലുള്ള മുറിവാണ് ജുമൈലയുടെ മരണകാരണം.
ബന്ധുവായ ഷേക്ക് അബ്ബയക്ക് നേരെയാണ് ആദ്യം ആക്രമണമുണ്ടാകുന്നത്. ഷേക്ക് അബ്ബയുടെ വലതു തുടയിലേറ്റ മുറിവിനെത്തുടർന്നുണ്ടായ അമിത രക്തസ്രാവവും തുടർന്നുണ്ടായ ഹൃദയാഘാതവുമാണ് മരണത്തിലേക്ക് നയിച്ചത്.
വിദേശത്തുനിന്നും മൂന്ന് മാസം മുൻപ് നാട്ടിലെത്തിയ ഉമ്മർ ഫാറൂഖ് സ്ഥിരം ലഹരി ഉപയോഗിക്കുന്ന ആളാണെന്ന് ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ട്. ലഹരിയെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ഇയാളെ വീട്ടിൽ നിന്ന് ഇറക്കിവിട്ടിരുന്നു. തന്റെ കുടുംബസ്വത്തായി ലഭിച്ചതും പിന്നീട് ഭാര്യയുടെ പേരിലേക്ക് മാറ്റിയതുമായ 10 സെന്റ് ഭൂമി തിരികെ വേണമെന്ന് ഉമ്മർ ആവശ്യപ്പെട്ടിരുന്നു.
ലഹരി ഉപയോഗം പതിവായതോടെ ഭാര്യ താഹിറ വിവാഹമോചനത്തിന് ഒരുങ്ങിയതും പ്രതിയെ പ്രകോപിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ട് ഷേക്ക് അബ്ബയുടെ വീട്ടിലെത്തിയ പ്രതി വാക്കേറ്റത്തിനിടെ കൈയിൽ കരുതിയ കത്തി ഉപയോഗിച്ച് ആക്രമണം അഴിച്ചുവിടുകയായിരുന്നു. വഴക്ക് തടയാൻ ശ്രമിക്കുന്നതിനിടെയാണ് സ്കൂളിൽ നിന്നെത്തിയ മകൾ ജുമൈലയ്ക്ക് കുത്തേറ്റത്.
പ്രതിക്കെതിരെ മുൻപും നിരവധി കേസുകൾ നിലവിലുണ്ടെന്നും കൊലപാതകം ആസൂത്രിതമാണെന്ന സൂചനയെത്തുടർന്ന് ഇയാളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് പൊലിസിന്റെ നീക്കം.
In the Manjeswaram double murder case, the accused, Ummar Farooq, confessed to the police that the fear of losing his wife, daughter, and 10 cents of property drove him to the crime. A habitual drug user, Farooq had been facing marital issues and frequent disputes over property ownership.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."