കൊറിയൻ ഓൺലൈൻ ഗെയിമുകളുടെ മരണക്കെണി: നാടിനെ നടുക്കിയ മൂന്ന് സഹോദരിമാരുടെ മരണത്തിന് പിന്നിൽ ഞെട്ടിക്കുന്ന വിവരങ്ങൾ
ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഒമ്പതാം നിലയിൽ നിന്ന് ചാടി മൂന്ന് സഹോദരിമാർ ജീവനൊടുക്കിയ സംഭവത്തിൽ കൊറിയൻ ഓൺലൈൻ ഗെയിമുകളുടെ സ്വാധീനമെന്ന് സംശയം. ഫെബ്രുവരി 4 ബുധനാഴ്ച പുലർച്ചെ 2.15-ഓടെ സാഹിബാബാദിലെ ഭാരത് സിറ്റിയിലുള്ള ഫ്ലാറ്റിലാണ് നാടിനെ നടുക്കിയ ദുരന്തം നടന്നത്. നിഷിക (16), പ്രാചി (14), പാഖി (12) എന്നിവരാണ് മരിച്ചത്.
ബ്ലൂ വെയ്‌ലിന് സമാനമായ ചതിക്കുഴി?
കുപ്രസിദ്ധമായ 'ബ്ലൂ വെയ്ൽ' ഗെയിമിന് സമാനമായി ടാസ്‌ക്കുകൾ നൽകുന്ന 'കൊറിയൻ ലവ് ഗെയിം' അഥവാ 'നമ്മൾ ഇന്ത്യക്കാരല്ല' (We Are Not Indians) എന്ന ഗെയിമിന് കുട്ടികൾ അടിമപ്പെട്ടിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ മൂന്ന് വർഷമായി പെൺകുട്ടികൾ ഈ ഗെയിം കളിക്കുന്നുണ്ടായിരുന്നുവെന്ന് പിതാവ് ചേതൻ കുമാർ മൊഴി നൽകി. ഗെയിമിലെ ടാസ്‌ക്കുകൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണോ ഇവർ കെട്ടിടത്തിൽ നിന്ന് ചാടിയതെന്ന് പൊലിസ് പരിശോധിച്ചുവരികയാണ്.
'കൊറിയയാണ് ഞങ്ങളുടെ ജീവിതം' - ആത്മഹത്യാക്കുറിപ്പ്
മരണത്തിന് മുൻപ് കുട്ടികൾ എഴുതിയ ഡയറിയിലെ കുറിപ്പുകൾ പൊലിസിനെ അമ്പരപ്പിച്ചു. "ക്ഷമിക്കണം പപ്പാ, ഞങ്ങൾക്ക് കൊറിയ വിടാൻ കഴിയില്ല. കൊറിയയാണ് ഞങ്ങളുടെ ജീവിതം, ഞങ്ങളെ അതിൽ നിന്ന് മാറ്റാൻ ആർക്കും കഴിയില്ല, അതുകൊണ്ടാണ് ഞങ്ങൾ ആത്മഹത്യ ചെയ്യുന്നത്" എന്നാണ് ഡയറിയിൽ എഴുതിയിരുന്നത്. തങ്ങൾ ഇന്ത്യക്കാരല്ലെന്നും കൊറിയൻ രാജകുമാരിമാരാണെന്നും ഇവർ വിശ്വസിച്ചിരുന്നതായും പൊലിസ് പറഞ്ഞു.
സംഭവദിവസം നടന്നത്
മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനെ പിതാവ് എതിർത്തിരുന്നതിനെ തുടർന്ന് കുട്ടികൾ കടുത്ത മാനസിക വിഷമത്തിലായിരുന്നു. പുലർച്ചെ വീട്ടുകാർ ഉറങ്ങിക്കിടക്കുമ്പോൾ വെള്ളം കുടിക്കാനെന്ന വ്യാജേന എഴുന്നേറ്റ പെൺകുട്ടികൾ മുറി അകത്തുനിന്ന് പൂട്ടി ബാൽക്കണിയിൽ നിന്ന് ഓരോരുത്തരായി താഴേക്ക് ചാടുകയായിരുന്നു. വീഴ്ചയുടെ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് വിവരം പൊലിസിനെ അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."