22 വർഷത്തെ ഇടവേള, 20 മിനിറ്റ് നീണ്ട വാദം, അഭിഭാഷകയുടെ കുപ്പായമണിഞ്ഞ് മമത; സുപ്രിം കോടതിയിൽ തീപ്പൊരി വാദം
ന്യൂഡൽഹി: രാഷ്ട്രീയ പോരാട്ടങ്ങൾക്കപ്പുറം നിയമപോരാട്ടത്തിന്റെ വേദിയിലും താൻ കരുത്തയാണെന്ന് തെളിയിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബംഗാളിലെ എസ്.ഐ.ആർ (SIR) നടപടികൾക്കെതിരെ സുപ്രിം കോടതിയിൽ നേരിട്ടെത്തി വാദിച്ചിരിക്കുകയാണ് മമത. കേന്ദ്ര സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മിഷനുമെതിരെ രൂക്ഷവിമർശനമാണ് മമത ബാനർജി ഉന്നയിച്ചത്. നീണ്ട 22 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മമത ഒരു അഭിഭാഷകയുടെ കുപ്പായമണിഞ്ഞ് കോടതിയിലെത്തുന്നത്.
രാവിലെ 10.10-ന് തന്നെ സുപ്രിം കോടതിയിലെ ഒന്നാം നമ്പർ കോടതി മുറിയിൽ മമത എത്തിയിരുന്നു. തുടക്കത്തിൽ അവസാന നിരയിൽ ഇരുന്ന മമത, ബംഗാളിലെ എസ്.ഐ.ആർ കേസ് പരിഗണനയ്ക്ക് വന്നതോടെ മുൻനിരയിലേക്ക് മാറി. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിനോട് വാദിക്കാൻ 10 മിനിറ്റ് സമയം ആവശ്യപ്പെട്ട മമതയ്ക്ക് കോടതി അനുമതി നൽകുകയായിരുന്നു. എന്നാൽ നിശ്ചയിച്ചതിലും നീണ്ടുനിന്ന 20 മിനിറ്റോളം നീണ്ട വാദമുഖങ്ങളാണ് മമത കോടതിയിൽ നിരത്തിയത്.
താൻ കോടതിയിൽ നിൽക്കുന്നത് തന്റെ പാർട്ടിക്ക് വേണ്ടിയല്ല, മറിച്ച് ബംഗാളിലെ സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടിയാണെന്ന് മമത വ്യക്തമാക്കി.
എന്തുകൊണ്ടാണ് ബംഗാളിൽ നടപ്പിലാക്കുന്ന എസ്.ഐ.ആർ നടപടികൾ അയൽസംസ്ഥാനമായ അസമിൽ ഇല്ലാത്തതെന്ന് മമത ചോദിച്ചു. ബംഗാളിനെ മാത്രം കേന്ദ്രം ലക്ഷ്യം വയ്ക്കുകയാണെന്നും അവർ ആരോപിച്ചു.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനിൽ നിന്ന് നീതി ലഭിക്കുന്നില്ല. ആധാർ കാർഡ് മതിയായ രേഖയാണെന്ന് സുപ്രിം കോടതി പറഞ്ഞിട്ടും കമ്മിഷൻ അത് അംഗീകരിക്കുന്നില്ല. സംസ്ഥാനത്തെ ഉദ്യോഗസ്ഥരെ വിശ്വസിക്കാതെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ നിരീക്ഷകരായി നിയമിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്നും മമത വാദിച്ചു. വാതിലിനപ്പുറത്ത് മോചനം തേടി നീതി കരയുകയാണ് എന്ന വൈകാരികമായ പരാമർശത്തോടെയാണ് മമത തന്റെ വാദങ്ങൾ അവസാനിപ്പിച്ചത്.
ജോഗേഷ് ചന്ദ്ര ലോ കോളേജിൽ നിന്ന് നിയമപഠനം പൂർത്തിയാക്കിയ മമത, ഒടുവിൽ കോടതിയിൽ വാദിച്ചത് 2003-ൽ കൊൽക്കത്ത ഹൈക്കോടതിയിലായിരുന്നു. വക്കീൽ വേഷത്തിന് പകരം തന്റെ പതിവ് ശൈലിയായ വെള്ള കോട്ടൺ സാരിയും കഴുത്തിൽ കറുത്ത ഷോളും ധരിച്ചാണ് മമത എത്തിയത്.
വാദത്തിന് ശേഷം ചീഫ് ജസ്റ്റിസിനും ബെഞ്ചിനും നന്ദി പറഞ്ഞാണ് മമത കോടതി മുറി വിട്ടത്. രാഷ്ട്രീയ തന്ത്രങ്ങൾക്കൊപ്പം നിയമപരമായ അറിവും ആയുധമാക്കി മമത നടത്തിയ ഈ നീക്കം ദേശീയ രാഷ്ട്രീയത്തിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.
In a rare move, West Bengal CM Mamata Banerjee stepped back into her role as a lawyer at the Supreme Court, delivering a 20-minute fiery argument against the Central Government and the Election Commission. Challenging the SIR procedures in Bengal, she accused the Commission of bias and questioned why such measures were exclusive to her state. Although she skipped the traditional robes for her signature cotton saree, her legal expertise took center stage as she fought for "the rights of the people" rather than her party.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."