സമസ്തയെ അടുത്തറിയാൻ തമിഴ്നാട്ടിൽനിന്നും അവരെത്തി
കുണിയ: സമസ്തയെ കേൾക്കാൻ കാതങ്ങൾ താണ്ടി അവർ സപ്തഭാഷാ സംഗമഭൂമിയിലെത്തി. ഉത്തര മലബാറിൽ ഒരുങ്ങിയ സമസ്തയുടെ നൂറാം വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളനത്തിന്റെ പ്രൗഡി നേരിൽകാണാനാണ് സമസ്തയുടെ തമിഴ്നാട് വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെട്ട പറങ്കിപ്പേട്ട്, രാമനാഥപുരം, തിരുപ്പൂർ എന്നിവിടങ്ങളിലെ ജാമിയ കലിമ ത്വയ്യിബ അറബിക് കോളജിലെ 150 ഓളം വിദ്യാർഥികൾ കുണിയയിലെ സമ്മേളന നഗരിയിൽ എത്തിയത്.
ചൊവ്വാഴ്ച രാവിലെ തിരുപ്പൂരിൽ നിന്നും ആരംഭിച്ച ഇവരുടെ യാത്ര സമസ്തയുടെ മൺമറഞ്ഞുപോയ മഹാത്മാക്കളുടെ മഖ്ബറകളിൽ സിയാറത്ത് നടത്തിയായിരുന്നു. തുടർന്ന് വൈകിട്ട് കോഴിക്കോട്ടെത്തിയ സംഘം സുപ്രഭാതത്തിന്റെ ഓഫിസ് സന്ദർശിക്കുകയും പത്രത്തിന്റെ അച്ചടി വീക്ഷിക്കുകയും ചെയ്ത ശേഷമാണ് കുണിയയിലേക്ക് തിരിച്ചത്. ഇവിടെ എക്സ്പോയിലെത്തി സമസ്തയുടെ നൂറാണ്ടിന്റെ ചരിത്രവും മറ്റു മാസ്മരിക ദൃശ്യങ്ങളും കണ്ട് അവർ വൈകിട്ടോടെ തമിഴ്നാട്ടിലേക്ക് മടങ്ങി. മുഹമ്മദ് അസ്ഹറുദ്ദീൻ അസ്ഹരി കുമളി, അബ്ദുറഹ്മാൻ നൂറാനി, ഇല്യാസ് ബാഖവി തുടങ്ങിയ അധ്യാപകരാണ് കുട്ടികളുമായി സമസ്തയെ കേൾക്കാനായി കാതങ്ങൾ താണ്ടിയെത്തിയത്.
സമസ്ത നൂറാം വാർഷികത്തിന്റെ ഭാഗമായി തമിഴ്നാട്ടിലെ വിദ്യാർഥികൾക്ക് മതപഠനത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസവും നൽകുക എന്ന ലക്ഷ്യത്തോടെ സമസ്ത ആവിഷ്കരിച്ച പദ്ധതിയാണ് ജാമിഅ കലിമ ത്വയ്യിബ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."