HOME
DETAILS

സമസ്ത നൂറാം വാര്‍ഷികത്തില്‍ അവതരിപ്പിച്ച ശ്രദ്ധേയമായ പ്രമേയങ്ങള്‍

  
online desk
February 10, 2026 | 7:26 AM

Samastha Centenary Conference 21 Key Resolutions

ചരിത്ര നാഴികക്കല്ലായി മാറിയ സമസ്ത കേരള ജംഇയ്യതുല്‍ ഉലമാ നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാസമ്മേളനത്തോടനുബന്ധിച്ച് അവതരിപ്പിച്ചത് ശ്രദ്ധേയമായ പ്രമേയങ്ങള്‍. സമൂഹത്തിന്റെ നിഖിലമേഖലെകളെയും സ്പര്‍ഷിക്കുന്ന കാതലായ വിഷയങ്ങളാണ് സമസ്ത പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. അവ മുഴുവനും താഴെ നല്‍കുന്നു:  


പ്രമേയം 1: മദ്ഹബീ പാരമ്പര്യത്തില്‍ അടിയുറച്ച് നില്‍ക്കുക

കര്‍മശാസ്ത്രപരമായി നാലില്‍ ഒരു മദ്ഹബ് പിന്‍പറ്റുകയും വിശ്വാസപരമായി അശ്അരി,മാതുരീദി സരണികളില്‍ ഒന്ന് സ്വീകരിക്കുകയും ചെയ്യുന്നതിലാണ് യഥാര്‍ഥ അഹ് ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ പാരമ്പര്യവും സമസ്തയുടെ മന്‍ഹജും നിലനില്‍ക്കുന്നത്. എന്നാല്‍, സ്വന്തം താല്‍പര്യങ്ങള്‍ക്കു വേണ്ടി പ്രാമാണികരായ പൂര്‍വിക പണ്ഡിതന്മാരുടെ കര്‍മശാസ്ത്രപരമായ അഭിപ്രായങ്ങളെ അവഗണിച്ച് സ്വന്തം അഭിപ്രായങ്ങള്‍ക്ക് മുന്‍ഗണന നല്‍കി സ്വയം ഇജ്തിഹാദികളാകുന്ന പ്രവണത തികച്ചും ഇസ് ലാമിക വിരുദ്ധമാണ്. മഖാസ്വിദുശ്ശരീഅ:, ഫിഖ്ഹുല്‍ അഖല്ലിയാത്ത് തുടങ്ങിയ സാങ്കേതിക പദങ്ങളെ ദുരുപയോഗം ചെയ്ത് ചിലര്‍ നടത്തികൊണ്ടിരിക്കുന്ന ഈ പുതിയ ഗവേഷണ രീതി പൂര്‍ണമായും തള്ളിക്കളയണമെന്നും പൂര്‍വസൂരികളായ ഇമാമുകള്‍ വരച്ചുവച്ച മദ്ഹബീ പാതയില്‍ പൂര്‍ണമായും ഉറച്ചുനില്‍ക്കണമെന്നും സമസ്ത നൂറാം വാര്‍ഷിക സമ്മേളനം ഈ പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു.

അവതാരകന്‍ : എ.വി അബ്ദുറഹ്മാന്‍ മുസ്ല്യാര്‍
അനുവാദകന്‍ : എം.എം അബ്ദുല്ല ഫൈസി കൊടക്

പ്രമേയം 2 : മതരാഷ്ട്രവാദവും തീവ്രപ്രബോധനശൈലിയും നമ്മുടെ വഴിയല്ല.
 
ഇസ്‌ലാമിന്റെ സമാധാനപരമായ പ്രബോധന ശൈലിയെയും മഹത്തുക്കളായ മുന്‍ഗാമികള്‍ കാണിച്ചുതന്ന പാതയെയും അട്ടിമറിക്കാന്‍ ശ്രമിക്കുന്ന പാന്‍ഇസ്‌ലാമിസ്റ്റ് തീവ്രചിന്താഗതികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഈ സമ്മേളനം ആഹ്വാനം ചെയ്യുന്നു. മതരാഷ്ട്രവാദം ഒളിച്ച് കടത്തുന്ന വൈകാരിക പ്രകടനങ്ങളിലൂടെയും രാഷ്ട്രീയ ഇസ്‌ലാം എന്ന അപകടകരമായ ആശയത്തിലൂടെയും മുസ്ലിം യുവാക്കളെ മുഖ്യധാരയില്‍ നിന്ന് വഴിതെറ്റാന്‍ ശ്രമിക്കുന്ന മൗദൂദിസ്റ്റ് വിചാരധാരകള്‍ ഗൗരവതരമായ വെല്ലുവിളിയാണ്. നിഷ്പക്ഷ മാധ്യമങ്ങള്‍ എന്ന വ്യാജേന പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ വഴി നടത്തുന്ന ബൗദ്ധികമായ കടന്നുകയറ്റങ്ങളെയും (Brainwashing) സമുദായത്തെ ഭിന്നിപ്പിക്കാനുള്ള അജണ്ടകളെയും തിരിച്ചറിയേണ്ടതുണ്ട്. അഹ്ലുസ്സുന്ന വല്‍ ജമാഅത്തിന്റെ പൈതൃകമായ സഹിഷ്ണുതയും സൗഹൃദവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്, ഇത്തരം വിഘടനവാദ ചിന്താഗതികളെ ആശയപരമായി പ്രതിരോധിക്കാനും സമുദായത്തിന്റെ തനിമ നിലനിര്‍ത്താനും എല്ലാവരും രംഗത്തിറങ്ങണമെന്ന് സമസ്ത നൂറാം വാര്‍ഷിക സമ്മേളനം ആഹ്വാനം ചെയ്യുന്നു.

അവതാരകന്‍ : പ്രൊഫ . ആലിക്കുട്ടി മുസ്ല്യാര്‍
അനുവാദകന്‍ : കൊയ്യോട് ഉമര്‍ മുസ്ല്യാര്‍

പ്രമേയം 3 : തൗഹീദിനെ അട്ടിമറിക്കുന്നവരെ തിരിച്ചറിയുക.

പരിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും സലഫുസ്സ്വാലിഹീങ്ങളും പഠിപ്പിച്ചുതന്ന യഥാര്‍ത്ഥ തൗഹീദിനെ വികലമായി വ്യാഖ്യാനിച്ച് മുസ്ലിം സമുദായത്തില്‍ ഭിന്നതയുണ്ടാക്കുന്ന വഹാബി പ്രസ്ഥാനങ്ങളുടെ ആദര്‍ശ വൈരുദ്ധ്യങ്ങള്‍ക്കെതിരെ സമൂഹം ജാഗ്രത പാലിക്കണമെന്ന് ഈ സമ്മേളനം ആഹ്വാനം ചെയ്യുന്നു. മുന്‍ഗാമികളായ പണ്ഡിതന്മാരെയും ഔലിയാക്കളെയും തള്ളിപ്പറഞ്ഞും, സുന്നി വിശ്വാസികളെ മുശ്രിക്കുകളായി മുദ്രകുത്തിയും രംഗത്തുവന്ന വഹാബിസം, കാലക്രമേണ തങ്ങള്‍ തന്നെ നിര്‍മ്മിച്ചെടുത്ത തൗഹീദ് സങ്കല്‍പ്പങ്ങളില്‍ വെള്ളം ചേര്‍ക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. 

ജിന്ന്, സിഹ്ര്‍ തുടങ്ങിയ വിഷയങ്ങളില്‍ തൗഹീദിലുണ്ടായ ആശയക്കുഴപ്പങ്ങളും ഗ്രൂപ്പ് വഴക്കുകളും ഇവരുടെ ആദര്‍ശാടിത്തറ എത്രത്തോളം ദുര്‍ബലമാണെന്ന് തെളിയിക്കുന്നു. കേവലയുക്തിചിന്തയുടെയും ഭൗതിക സാഹചര്യങ്ങളുടെയും അടിസ്ഥാനത്തില്‍ അല്ലാഹുവിന്റെ വിശേഷണങ്ങളെയും പ്രവാചക ചര്യയെയും വ്യാഖ്യാനിക്കുന്നതിലൂടെ വിശ്വാസികളെ വഴിതെറ്റിക്കുന്ന ഇത്തരം നവീനവാദികളെ തിരിച്ചറിയണമെന്നും, അഹ്‌ലുസ്സുന്നയുടെ പാവനമായ ആദര്‍ശ പാതയില്‍ അടിയുറച്ചു നില്‍ക്കണമെന്നും ഈ പ്രമേയം വിശ്വാസി സമൂഹത്തെ ഉണര്‍ത്തുകയും ഭക്തിയുടെ വേഷം കെട്ടി വഹാബിസത്തിലേക്ക് വിശ്വാസികളെ റിക്രൂട്ട് ചെയ്യുന്ന തബ്ലീഗ് ജമാഅത്തിനെ കരുതിയിരിക്കണമെന്നും സമസ്ത നൂറാം വാര്‍ഷിക സമ്മേളനം ആഹ്വാനം ചെയ്യുന്നു .

അവതാരകന്‍ : ഇ.അലവി ഫൈസി കുളപ്പറമ്പ്
അനുവാദകന്‍ : ശരീഫ് ബാഖവി വേശാല

പ്രമേയം 4: ആള്‍ക്കൂട്ട വിചാരണക്കും  കൊലപാതകങ്ങക്കുമെതിരെ പ്രത്യേക നിയമനിര്‍മ്മാണം നടത്തുക 

ഭരണഘടനാ അനുഛേദം 15 , 25 തുടങ്ങിയ വകുപ്പുകള്‍ വിഭാവനം ചെയ്യുന്ന രാജ്യത്തിന്റെ നിയമവ്യവസ്ഥകളെയും ജനാധിപത്യ നടപടിക്രമങ്ങളെയും നോക്കുകുത്തിയാക്കി  അക്രമാസക്തരായ ആള്‍ക്കൂട്ടം നടത്തുന്ന  വിചാരണകളും കൊലപാതകങ്ങളും വര്‍ദ്ധിച്ച് വരുന്നു. ഈ സാഹചര്യത്തില്‍ പൗരന്മാര്‍ക്ക് നിയമപരമായി,സമാധാനാന്തരീക്ഷത്തില്‍ ജീവിക്കാനും ആശയപ്രചരണം നടത്താനും പ്രയാസം നേരിടുകയാണ്. വിഷയം മതിയായ ഗൗരവത്തിലെടുത്ത് കേരള  കേന്ദ്ര സര്‍ക്കാരുകള്‍  കുറ്റവാളികള്‍ക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പുവരുത്തുന്ന പ്രത്യേക നിയമം കൊണ്ടുവരണമെന്ന് സമസ്ത നൂറാം വാര്‍ഷിക സമ്മേളനം ആവശ്യപ്പെടുന്നു.

അവതാരകന്‍ : ബശീര്‍ അബ്ദുല്ല ഫൈസി
അനുവാദകന്‍ : അബ്ദുല്‍ ഗഫൂര്‍ അന്‍വരി

പ്രമേയം 5: സാമുദായിക ധ്രുവീകരണ ശ്രമങ്ങളും വിദ്വേഷപ്രസംഗങ്ങളും ഭരണകൂടം ഗൗരവത്തിലെടുക്കണം.


 BNS ( ഭാരതീയ ന്യായ സംഹിത് ) സെക്ഷന്‍ 299, 196 , 302 അനുസരിച്ച് ജാമ്യമില്ലാത്ത തടവും പിഴയും ഉറപ്പുവരുത്തുന്ന പരമതനിന്ദയും (Blasphemy) സമൂഹങ്ങള്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിക്കുന്ന വിദ്വേഷ്യപ്രസംഗങ്ങളും പരിഹാസങ്ങളും സോഷ്യല്‍ മീഡിയയിലും അല്ലാതെയും വര്‍ദ്ധിച്ച് വരുന്നതിനെ ഈ സംഗമം സഗൗരവം കാണുകയും അമര്‍ഷം രേഖപ്പെടുത്തുകയും ചെയ്യുന്നു.ഫേക്ക് ഐഡികള്‍ നിര്‍മ്മിച്ച് അടിസ്ഥാനരഹിതമായ ആരോപണങ്ങളും കൃത്രിമ വീഡിയോകളുമുണ്ടാക്കി പ്രചരിപ്പിക്കുക വഴി അപകടകരമായ സാമുദായികധ്രുവീകരണമാണ് ഇത്തരം സാമൂഹിക ദ്രോഹികള്‍ സൃഷ്ടിക്കുന്നത്.
ഇതിനെതിരായ നിയമവകുപ്പുകള്‍ കര്‍ത്തവ്യനിര്‍വ്വഹണ ബോധത്തോടെ നടപ്പില്‍വരുത്താന്‍ ക്രമസമാധാനപാലകരും ഭരണകൂടവും ശ്രദ്ധിക്കണമെന്നും പരമതനിന്ദ (Blasphemy)ക്കെതിരെ പ്രത്യേക സൈബര്‍ നിയമം ആവിഷ്‌കരിക്കണമെന്നും 
ഈ സമ്മേളനം ആവശ്യപ്പെടുന്നു.

അവതാരകന്‍ : അബ്ദുല്‍ ഖാദിര്‍ ഫൈസി പൈങ്കണ്ണിയൂര്‍
അനുവാദകന്‍ : അബ്ദുല്‍ ഗഫൂര്‍ അന്‍വരി

പ്രമേയം 6 : മെഡിക്കല്‍  മരുന്ന് മാഫിയയെ നിയന്ത്രിക്കുക

ആരോഗ്യരംഗം കച്ചവടമല്ല; പ്രത്യുത,ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 ഉറപ്പുനല്‍കുന്ന അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ്.ആര്‍ട്ടിക്കിള്‍ 47 അനുസരിച്ച് പൗരന്മാരുടെ ആരോഗ്യനിലവാരം ഉയര്‍ത്തുക എന്നത് സര്‍ക്കാരിന്റെ പ്രാഥമിക കടമയാണെന്ന് സുപ്രീംകോടതി വിധികള്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ചികില്‍സാ രംഗത്തെ അനഭിലശണീയമായ പ്രവണതകളും മാഫിയാവല്‍ക്കരണവും കാരണം സാധാരണക്കാര്‍ നേരിടുന്ന പ്രയാസം പരിഗണിക്കപ്പെടേണ്ടതാണ്.
അതിനാല്‍, സാധ്യമാവുന്നത്ര മെഡിസിന്‍വിലകളുടെയും മെഡിക്കല്‍ ഫീസുകളുടെയും തുക ഏകോപിപ്പിക്കാനും ചികിത്സാരംഗത്തെ പ്രയാസങ്ങള്‍ നീക്കാനും നിയമനിര്‍മ്മാണം അനിവാര്യമാണെന്ന് ഈ സമ്മേളനം വിലയിരുത്തുകയും സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടാവണമെന്ന്  ആവശ്യപ്പെടുകയും ചെയ്യുന്നു. ഒപ്പം, ജീവിതശൈലീ രോഗങ്ങള്‍ അനിയന്ത്രിതമായി വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ ഓരോ വ്യക്തിയും ആരോഗ്യ പരിപാലനം മുഖ്യമായിക്കണ്ട് ജീവിതം ക്രമപ്പെടുത്തണമെന്നും ഭക്ഷണരീതികളിലടക്കം പ്രവാചക തിരുചര്യ പാലിക്കണമെന്നും ഈ സംഗമം സമൂഹത്തെ ഉണര്‍ത്തുന്നു. 

അവതാരകന്‍ : ഡോ. ബഹാഉദ്ദീന്‍ നദ്‌വി കൂരിയാട്
അനുവാദകന്‍ : ത്വാഖ അഹ്മദ് മൗലവി

പ്രമേയം 7: ധാര്‍മ്മിക പാഠങ്ങളും സൈബര്‍ എത്തിക്‌സും പൊതുവിദ്യാഭ്യാസ സിലബസില്‍ ഉള്‍പ്പെടുത്തുക.

സാങ്കേതികവിദ്യയുടെ അതിപ്രസരം യുവതലമുറയെ മൂല്യച്യുതിയിലേക്കും സൈബര്‍ ചതിക്കുഴികളിലേക്കും നയിക്കുന്ന ആധുനിക സാഹചര്യത്തില്‍, പൊതുവിദ്യാഭ്യാസ മേഖലയില്‍ സൈബര്‍ എത്തിക്‌സും (Cyber Ethics) സ്വഭാവ സംസ്‌കരണത്തിന് മുന്‍ഗണന നല്‍കുന്ന ധര്‍മ്മപാഠങ്ങളും ഉള്‍പ്പെടുത്തേണ്ടത് അത്യന്തം അനിവാര്യമാണ്. കേവലം അറിവ് സമ്പാദനത്തിനപ്പുറം സത്യസന്ധതയും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തുന്ന മൂല്യാധിഷ്ഠിത പാഠപുസ്തകങ്ങള്‍ സ്‌കൂള്‍ തലത്തില്‍ നടപ്പിലാക്കുന്നതിലൂടെ മാത്രമേ ലഹരി, സൈബര്‍ വിപത്തുകള്‍ എന്നിവയില്‍ നിന്ന് വരുംതലമുറയെ സംരക്ഷിക്കാനാവൂ. അതിനാല്‍, ഡിജിറ്റല്‍ യുഗത്തിലെ പെരുമാറ്റച്ചട്ടങ്ങളും ധാര്‍മ്മിക അടിത്തറയും സമന്വയിപ്പിച്ചുകൊണ്ടുള്ള പരിഷ്‌കരിച്ച പാഠ്യപദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഈ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു.

അവതാരകന്‍ : ഉമര്‍ ഫൈസി മുക്കം
അനുവാദകന്‍ : നെല്ലായ കുഞ്ഞഹമ്മദ് മുസ്ല്യാര്‍

പ്രമേയം8: കേരളത്തില്‍ അറബി & ഫോറിന്‍ ലാംഗ്വേജ് സര്‍വ്വകലാശാല സ്ഥാപിക്കുക.

ആഗോള തൊഴില്‍ വിപണിയില്‍ മലയാളികള്‍ക്ക് കൂടുതല്‍ മുന്‍ഗണന ഉറപ്പാക്കാനും കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം രാജ്യാന്തരതലത്തില്‍ പ്രചരിപ്പിക്കാനും മറ്റും സംസ്ഥാനത്ത് ഒരു 'അറബിക് & ഫോറിന്‍ ലാംഗ്വേജ് സര്‍വ്വകലാശാല അടിയന്തരമായി സ്ഥാപിക്കണമെന്ന് ഈ സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. അറബി ഭാഷയുടെയും അനുബന്ധ  പഠനങ്ങളുടെയും ആഴത്തിലുള്ള ഗവേഷണത്തോടൊപ്പം അന്താരാഷ്ട്ര ഭാഷാ വിവര്‍ത്തന പഠനങ്ങളും ആധുനിക സാങ്കേതിക വിദ്യയും കോര്‍ത്തിണക്കുന്ന ഒരു കേന്ദ്രീകൃത സര്‍വ്വകലാശാല കാലഘട്ടത്തിന്റെ ആവശ്യമാണ്. 
കേരളത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തില്‍ ചരിത്രപരമായ പങ്കുവഹിച്ച പള്ളിദര്‍സുകള്‍ മുതല്‍ സമസ്തയുടെ വിദ്യാഭ്യാസ പ്രസ്ഥാനങ്ങള്‍ വരെയുള്ള വിപുലമായ വൈജ്ഞാനിക പാരമ്പര്യങ്ങളെ ഇതിനോട് കൂട്ടിയിണക്കാവുന്നതാണ്.നമ്മുടെ പാരമ്പര്യ വൈജ്ഞാനിക മികവിനെ ആധുനിക അക്കാദമിക് ലോകവുമായി ബന്ധിപ്പിക്കാന്‍ ഉതകുന്ന ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് ഈ പ്രമേയത്തിലൂടെ ഈ സമ്മേളനം ആവശ്യപ്പെടുന്നു.

അവതാരകന്‍ : അബ്ദുസ്സലാം ബാഖവി വടക്കേക്കാട്
അനുവാദകന്‍ : കെ . ഉമര്‍ ഫൈസി മുക്കം

പ്രമേയം 9: പൊതുവിദ്യാഭ്യാസ കലണ്ടറില്‍ സാമുദായിക സാഹചര്യങ്ങള്‍ പരിഗണിക്കുക. 

കേരളത്തിലെ വിവിധ സര്‍വ്വകലാശാലകള്‍ നടത്തുന്ന പരീക്ഷകളുടെ സമയക്രമത്തില്‍ കൃത്യമായ ഏകോപനം ഇല്ലാത്തത് വിദ്യാര്‍ത്ഥികളെ വലിയ തോതില്‍ പ്രയാസപ്പെടുത്തുന്ന സാഹചര്യമാണുള്ളത്.പലപ്പോഴും ഒന്നിലധികം പരീക്ഷകള്‍ ഒരേ ദിവസം വരികയോ, ഉപരിപഠനത്തിനുള്ള പ്രവേശന പരീക്ഷകള്‍ മുടങ്ങുകയോ ചെയ്യുന്ന അവസ്ഥയുണ്ട്. ഇത് പരിഹരിക്കാനായി പരീക്ഷാ കലണ്ടറുകള്‍ ഏകീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അതോടൊപ്പം തന്നെ, ഭരണഘടന വാഗ്ദാനം ചെയ്യുന്ന മതസ്വാതന്ത്ര്യം പരിഗണിച്ച്, വെള്ളിയാഴ്ച ഉച്ചയ്ക്ക് ജുമുഅ നിസ്‌കാരത്തിന് തടസ്സമാകാത്ത രീതിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പരീക്ഷകള്‍ക്കും സമയക്രമം നിശ്ചയിക്കേണ്ടത് അനിവാര്യമാണ്. ജുമുഅ സമയത്ത് പരീക്ഷകള്‍ നിശ്ചയിക്കുന്നതും ക്ലാസുകള്‍ നടത്തുന്നതും വിശ്വാസികളായ വിദ്യാര്‍ത്ഥികളോടും അധ്യാപകരോടുമുള്ള അനീതിയാണ്. അതിനാല്‍, വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് കൃത്യമായ ഇടവേള ഉറപ്പാക്കിക്കൊണ്ടും പരീക്ഷാ ടൈം ടേബിളുകള്‍ മുന്‍കൂട്ടി ഏകോപിപ്പിച്ചുകൊണ്ടും മദ്‌റസാ സമയവിഷയത്തില്‍ സര്‍ക്കാറുകള്‍ നല്‍കിയ ഉറപ്പുകള്‍ നടപ്പില്‍ വരുത്തിയും ഉത്തരവിറക്കാന്‍ വിദ്യാഭ്യാസ വകുപ്പും സര്‍ക്കാരും ഇടപെടണമെന്ന് സമസ്ത നൂറാം വാര്‍ഷിക സമ്മേളനം ആവശ്യപ്പെടുന്നു.

അവതാരകന്‍ : ഡോ. അരിപ്ര അബ്ദുറഹ്മാന്‍ ഫൈസി 
അനുവാദകന്‍ : ഐബി ഉസ്മാന്‍ ഫൈസി

പ്രമേയം 10: ഈദ് ആഘോഷങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി അനുവദിക്കണം 

മുസ്‌ലിം സമുദായത്തിന്റെ ഏറ്റവും വലിയ ആഘോഷങ്ങളായ ഈദുല്‍ ഫിത്വര്‍, ഈദുല്‍ അദ്ഹ എന്നിവയുമായി ബന്ധപ്പെട്ട് നിലവില്‍ നല്‍കിവരുന്ന അവധി ദിനങ്ങള്‍ അപര്യാപ്തമാണെന്ന് ഈ സമ്മേളനം വിലയിരുത്തുന്നു. കുടുംബബന്ധങ്ങള്‍ പുതുക്കുന്നതിനും മതപരമായ കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുന്നതിനും ദൂരസ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും പഠിക്കുന്നവര്‍ക്കും നിലവിലെ ഒന്നോ രണ്ടോ ദിവസത്തെ അവധി ഒട്ടും സഹായകരമല്ല. ഗള്‍ഫ് രാജ്യങ്ങളിലുള്‍പ്പെടെ ആഗോളതലത്തില്‍ ഈദ് ആഘോഷങ്ങള്‍ക്കായി ദീര്‍ഘമായ അവധി നല്‍കുന്ന മാതൃക പരിഗണിച്ച്, കേരളത്തിലും രണ്ട് പെരുന്നാളുകള്‍ക്കും ചുരുങ്ങിയത് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി (Official Holiday) പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ചന്ദ്രദര്‍ശനവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം കാരണം പെരുന്നാള്‍ അവധി പലപ്പോഴും കൃത്യമായി ലഭിക്കാത്ത സാഹചര്യം ഒഴിവാക്കാന്‍ പെരുന്നാളിന് മുമ്പും ശേഷവുമുള്ള ദിവസങ്ങള്‍ കൂടി ഉള്‍പ്പെടുത്തി അവധി കലണ്ടര്‍ പരിഷ്‌കരിക്കണമെന്ന് ഈ പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ഈ സമ്മേളനം ശക്തമായി ആവശ്യപ്പെടുന്നു.

അവതാരകന്‍ : വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി
അനുവാദകന്‍ : കെ.ടി ഹംസ മുസ്ല്യാര്‍ വയനാട്


 
പ്രമേയം 11: വ്യക്തിയധിഷ്ഠിത നാസ്തിക ജീവിതവീക്ഷണങ്ങള്‍ സമൂഹം തള്ളിക്കളയണം

മതത്തിന്റെയും പാരമ്പര്യ മൂല്യങ്ങളുടെയും അതിര്‍വരമ്പുകള്‍ ഭേദിച്ച്, കേവലം ലൗകിക സുഖങ്ങള്‍ക്കും വ്യക്തിസ്വാതന്ത്ര്യത്തിനും മാത്രം മുന്‍ഗണന നല്‍കുന്ന പുത്തന്‍ ജീവിതവീക്ഷണങ്ങള്‍ സമൂഹത്തില്‍ പടരുന്നത് സമസ്ത ആശങ്കയോടെ നോക്കിക്കാണുന്നു. ദൈവികമായ നിയമങ്ങളെയും കുടുംബ സംവിധാനങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് 'എന്റെ ശരി ഞാന്‍ തീരുമാനിക്കും ' എന്ന വ്യാജേന നാസ്തികതയും ലിബറലിസവും നമ്മുടെ യുവതലമുറയുടെ ചിന്തകളെ മലിനമാക്കാന്‍ ശ്രമിക്കുകയാണ്. ആധുനികതയുടെ പേരില്‍ ധാര്‍മ്മികത കൈവെടിയുന്ന ഇത്തരം ചിന്താഗതികള്‍ ആത്യന്തികമായി വ്യക്തിയെ ഒറ്റപ്പെടുത്തുന്നതിലേക്കും സാമൂഹിക തകര്‍ച്ചയിലേക്കും നയിക്കും. യുക്തിവാദത്തിന്റെയും കപടശാസ്ത്ര സ്‌നേഹത്തിന്റെയും മറവില്‍ വിശ്വാസത്തെയും വിശ്വാസികളെയും പരിഹസിക്കുന്ന ഇത്തരം പ്രവണതകളെ സമൂഹം ബൗദ്ധികമായും ആദര്‍ശപരമായും പ്രതിരോധിക്കേണ്ടതുണ്ട്.അതിനായി സഹൃദയ സമൂഹങ്ങളെല്ലാം ഒരുമയോട് മുന്നോട്ട് വരണമെന്ന് ഈ സമ്മേളനം ആവശ്യപ്പെടുന്നു.
 
അവതാരകന്‍ : ഉമര്‍ ഫൈസി മുക്കം
അനുവാദകന്‍ : പി . സൈദാലി മുസ്ല്യാര്‍ മാമ്പുഴ 

പ്രമേയം 12: ഭരണഘടനാ  പൗരാവകാശസംരക്ഷണം ഉറപ്പ് വരുത്തുക.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിത്തറയായ  ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വതന്ത്രമായ നിലനില്‍പ്പ് ഭീഷണി നേരിടുന്ന വര്‍ത്തമാന സാഹചര്യത്തില്‍ ഈ സമ്മേളനം ശക്തമായ ആശങ്ക രേഖപ്പെടുത്തുന്നു. നീതിന്യായ വ്യവസ്ഥ, തിരഞ്ഞെടുപ്പ് കമ്മീഷന്‍, അന്വേഷണ ഏജന്‍സികള്‍ തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങളെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതും അവയുടെ വിശ്വാസ്യത തകര്‍ക്കുന്നതും ജനാധിപത്യത്തെ അസ്ഥിരപ്പെടുത്തും. അതോടൊപ്പം തന്നെ, രാജ്യത്തെ പൗരന്മാരെ നേരിട്ട് ബാധിക്കുന്ന നിയമനിര്‍മ്മാണങ്ങളിലും SIR (Special Intensive Revision) അടക്കമുള്ള ഭരണപരമായ പരിഷ്‌കാരങ്ങളിലും ജനാധിപത്യപരമായ ചര്‍ച്ചകള്‍ ഒഴിവാക്കി സര്‍ക്കാര്‍ കാട്ടുന്ന അനാവശ്യ തിടുക്കങ്ങള്‍ പ്രതിഷേധാര്‍ഹമാണ്. ഇത്തരം ഏകപക്ഷീയമായ തീരുമാനങ്ങള്‍ പലപ്പോഴും ന്യൂനപക്ഷപിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്നവയാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളും ഫെഡറല്‍ സംവിധാനവും സംരക്ഷിക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ ഒന്നിക്കണമെന്നും, ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധ നീക്കങ്ങളെ നിയമപരമായും സമാധാനപരമായും സമീപിക്കാന്‍ പൗരസമൂഹം സജ്ജമാകണമെന്നും ഈ പ്രമേയം ആഹ്വാനം ചെയ്യുന്നു.

അവതാരകന്‍ :  അബ്ദുസ്സലാം സലാം ദാരിമി ആലമ്പാടി
അനുവാദകന്‍ : മൂസക്കോയ മുസ്ല്യാര്‍ വയനാട്

പ്രമേയം 13:  ആഗോള വംശീയരാഷ്ട്രീയവും അധിനിവേശ ധാര്‍ഷ്ട്യങ്ങളും മാനവികതക്ക് ഭീഷണി.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന തീവ്ര വംശീയ രാഷ്ട്രീയവും സങ്കുചിത ദേശീയവാദങ്ങളും മാനവികതയ്ക്ക് വലിയ ഭീഷണിയാണ്.ഒരു ജനതയെ അവരുടെ നിറത്തിന്റെയോ വംശത്തിന്റെയോ വിശ്വാസത്തിന്റെയോ പേരില്‍ അപരവല്‍ക്കരിക്കുകയും വേട്ടയാടുകയും ചെയ്യുന്ന പ്രവണത പരിഷ്‌കൃത ലോകത്തിന് അപമാനമാണ്. പ്രത്യേകിച്ച്, അധിനിവേശ ധാര്‍ഷ്ട്യങ്ങള്‍ പല രാജ്യങ്ങളുടെയും പരമാധികാരത്തെ തകര്‍ക്കുകയും പശ്ചിമേഷ്യയുള്‍പ്പെടെയുള്ള ഇടങ്ങളില്‍ അശാന്തി വിതയ്ക്കുകയും ചെയ്യുന്നത് തുടരുകയാണ്. വികസ്വര രാജ്യങ്ങളുടെ വിഭവങ്ങള്‍ കൈക്കലാക്കാനും തങ്ങളുടെ രാഷ്ട്രീയ അജണ്ടകള്‍ നടപ്പിലാക്കാനും അന്താരാഷ്ട്ര നിയമങ്ങളെ കാറ്റില്‍പ്പറത്തിക്കൊണ്ട് നടത്തുന്ന ഇടപെടലുകള്‍ ദശലക്ഷക്കണക്കിന് മനുഷ്യരെയാണ് അഭയാര്‍ത്ഥികളാക്കുന്നത്.ഫലസ്തീന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ലോക മനസ്സാക്ഷി ഉണരണമെന്നും, വന്‍ശക്തികളുടെ അധിനിവേശ താല്‍പ്പര്യങ്ങള്‍ അവസാനിപ്പിച്ച് ലോകത്ത് നീതിയും സമാധാനവും പുനഃസ്ഥാപിക്കാന്‍ ഐക്യരാഷ്ട്രസഭയുള്‍പ്പെടെയുള്ള  സംവിധാനങ്ങള്‍ ആര്‍ജ്ജവം കാണിക്കണമെന്നും സമസ്ത നൂറാം വാര്‍ഷിക സമ്മേളനം ആവശ്യപ്പെടുന്നു.

അവതാരകന്‍ : എവി അബ്ദുറഹ്മാന്‍ മുസ്ല്യാര്‍ നന്തി
അനുവാദകന്‍ :അബ്ദുല്‍ ഖാദിര്‍ ഖാസിമി ബംബ്രാണ
 
പ്രമേയം 14 : യാത്രാ ക്ലേശങ്ങളും പ്രവാസി ചൂഷണവും അവസാനിപ്പിക്കുക

കേരളത്തിലെ സാധാരണക്കാരും പ്രവാസികളും നേരിടുന്ന അതിരൂക്ഷമായ യാത്രാ പ്രതിസന്ധികളില്‍ ഈ സമ്മേളനം ശക്തമായ ആശങ്ക രേഖപ്പെടുത്തുന്നു. സുഭിക്ഷ കേരളം കെട്ടിപ്പൊക്കുന്നതില്‍  നിര്‍ണ്ണായക സംഭാവനകള്‍ സമര്‍പ്പിച്ച് വരുന്ന പ്രവാസികളോട് രാജ്യം കടപ്പെട്ടിരിക്കുന്നു. പ്രവാസിവോട്ടവകാശം പ്രായോഗികമായി നടപ്പിലാക്കാന്‍ ആധുനികസംവിധാനമടക്കമുള്ളവ ഉപയോഗപ്പെടുത്താവുന്നതാണ്.
അതോടൊപ്പം , അവധിക്കാലങ്ങളിലും സീസണുകളിലും വിമാനക്കമ്പനികള്‍ നടത്തുന്ന ടിക്കറ്റ്‌നിരക്ക് വര്‍ദ്ധന പ്രവാസികളുടെ നട്ടെല്ലൊടിക്കുന്നതാണ്. വിമാന ടിക്കറ്റ് നിരക്കില്‍ നിയന്ത്രണം കൊണ്ടുവരാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും, യാത്രാ മേഖലയിലെ കൊള്ള അവസാനിപ്പിക്കാന്‍ ക്രിയാത്മകമായ നടപടികള്‍ സ്വീകരിക്കണമെന്നും ഈ പ്രമേയം സംസ്ഥാനകേന്ദ്ര സര്‍ക്കാരുകളോട് ആവശ്യപ്പെടുന്നു.

അവതാരകന്‍ : കെ.ടി ഹംസ മുസ്ല്യാര്‍ വയനാട്
അനുവാദകന്‍ : ഇ.എസ് ഹസന്‍ ഫൈസി എറണാകുളം

പ്രമേയം : 15 ഗതാഗതമര്യാദ പാലിക്കാന്‍ സമൂഹത്തിന് ബാധ്യതയുണ്ട് .

നടുക്കുന്ന വാഹനാപകടങ്ങള്‍ ക്രമാധീതമായി വര്‍ദ്ധിച്ച് വരുന്നതില്‍ സമൂഹത്തോടൊപ്പം ഈ പ്രസ്ഥാനവും ആശങ്കപ്പെടുന്നു. വഴിയിലെ തടസ്സം നീക്കലും ഗതാഗതപാതയോടുള്ള അവകാശം വീട്ടലും ഈമാനിന്റെ (വിശ്വാസത്തിന്റെ) ഭാഗമായ മുസ്ലിം സമൂഹം ഇക്കാര്യത്തില്‍ സമൂഹത്തിന് മാതൃകയാവേണ്ടതുണ്ട്. അനാവശ്യമായി വാഹനങ്ങള്‍ നിരത്തിലിറക്കിയും സാഹസികത പ്രവര്‍ശിപ്പിച്ചും ഗതാഗതതടസ്സമുണ്ടാക്കുന്ന പ്രവണത വിശ്വാസത്തോട് ചേരാത്ത കാര്യമാണ്. അത്‌കൊണ്ട് , വിശ്വാസികള്‍ പ്രത്യേകിച്ചും സമൂഹം മൊത്തത്തിലും  ആവശ്യമായ ട്രാന്‍സ്‌പോര്‍ട്ട് എത്തിക്‌സും ഗതാഗതമര്യാദകളും പാലിക്കണമെന്ന് ഈ സമ്മേളനം സഗൗരവം ഉണര്‍ത്തുന്നു.

അവതാരകന്‍ : കോട്ടുമല മൊയ്തീന്‍കുട്ടി മുസ്ല്യാര്‍
അനുവാദകള്‍ : കെ.ടി ഹംസ മുസ്ല്യാര്‍

പ്രമേയം 16: കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ മമ്പുറം തങ്ങള്‍ ഗവേഷണകേന്ദ്രം അനുവദിക്കണം.

മലബാറിന്റെ ചരിത്രത്തില്‍ സാമൂഹിക നിര്‍മ്മിതിക്കും നവോത്ഥാനത്തിനും ആത്മീയ നേതൃത്വം നല്‍കിയ മഹാനായ മമ്പുറം സയ്യിദ് അലവി തങ്ങളുടെ സ്മരണാര്‍ത്ഥം കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഒരു ഗവേഷണ കേന്ദ്രം അനുവദിക്കണമെന്ന് ഈ സമ്മേളനം സര്‍ക്കാരിനോടും സര്‍വ്വകലാശാലാഅധികൃതരോടും ആവശ്യപ്പെടുന്നു.വിദേശ അധിനിവേശത്തിനെതിരായ പോരാട്ടത്തിന് ദിശാബോധം നല്‍കുന്നതിനൊപ്പം തന്നെ, ജാതിമത ഭേദമന്യേ പാവപ്പെട്ടവരോടും സാധാരണക്കാരോടും മമ്പുറം തങ്ങള്‍ പുലര്‍ത്തിയ മാനുഷിക മൂല്യങ്ങള്‍ കേരളീയ നവോത്ഥാനത്തില്‍ സുപ്രധാന അധ്യായമാണ്. അദ്ദേഹത്തിന്റെ പേരില്‍  ഗവേഷണ കേന്ദ്രം ആരംഭിക്കുന്നത് മലബാര്‍ ചരിത്രത്തെക്കുറിച്ചും ഇന്‍ഡോ  അറബ് സാംസ്‌കാരിക വിനിമയങ്ങളെക്കുറിച്ചും മമ്പുറം തങ്ങളുടെ ബഹുമുഖമായ സംഭാവനകളെക്കുറിച്ചും ശാസ്ത്രീയമായ പഠനങ്ങള്‍ നടക്കാന്‍ ഉപകരിക്കുന്നതാണ്. വരുംതലമുറയ്ക്ക് സാമൂഹിക സഹിഷ്ണുതയുടെ ചരിത്രം പകര്‍ന്നുനല്‍കാന്‍ ഈ നടപടി അത്യന്താപേക്ഷിതമാണെന്ന് ഈ പ്രമേയത്തിലൂടെ ഞങ്ങള്‍ ബോധ്യപ്പെടുത്തുന്നു.

അവതാരകന്‍ : കെ. ഉമര്‍ ഫൈസി മുക്കം
അനുവാദകന്‍ : ഹൈദര്‍ ഫൈസി പനങ്ങാങ്ങര

പ്രമേയം 17: ശാസ്ത്രീയ പഠനങ്ങള്‍ നടത്തി ജില്ലാ  പുനഃനിര്‍ണ്ണയം അനിവാര്യം

കേരളത്തിന്റെ വര്‍ധിച്ചുവരുന്ന ജനസംഖ്യയും ഭരണനിര്‍വ്വഹണത്തിലെ വെല്ലുവിളികളും പരിഗണിച്ച് ജില്ലകളുടെ പുന:നിര്‍ണ്ണയം അനിവാര്യമായിരിക്കുകയാണ്.നാല്‍പ്പത്തഞ്ച് ലക്ഷത്തിലധികം ജനങ്ങളുള്ള മലപ്പുറം ഉള്‍പ്പെടെയുള്ള വലിയ ജില്ലകളില്‍ ഭരണയന്ത്രം കാര്യക്ഷമമായി ചലിപ്പിക്കുന്നതിനും,വിഭവങ്ങള്‍ തുല്യമായി വിതരണം ചെയ്യുന്നതിനും ജില്ലകളുടെ പുന:നിര്‍ണ്ണയം അത്യന്താപേക്ഷിതമാണ്. ഭൂപ്രകൃതിയും യാത്രാക്ലേശവും കണക്കിലെടുത്ത് ഇടുക്കി, എറണാകുളം, പാലക്കാട് തുടങ്ങിയ ജില്ലകളിലും അത്തരം പ്രശ്‌നങ്ങളുണ്ട്. 39 പാര്‍ലമെന്റ് മണ്ഡലങ്ങളുടെ പരിധിയില്‍ 38 ജില്ലകള്‍ നിലനില്‍ക്കുന്ന തമിഴ്‌നാട്ടിനെ കേരളത്തിന് മാതൃകയാക്കാവുന്നതാണ്. പുതിയ ജില്ലകള്‍ വരുന്നതോടെ സിവില്‍ സ്റ്റേഷനുകളും ആശുപത്രികളും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ജനങ്ങളിലേക്ക് കൂടുതല്‍ അടുക്കുകയും പിന്നാക്ക പ്രദേശങ്ങളുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് വേഗത കൂട്ടുകയും ചെയ്യും. ആയതിനാല്‍, രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കപ്പുറം ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ലകളുടെ പുന:നിര്‍ണ്ണയം യാഥാര്‍ത്ഥ്യമാക്കാന്‍ ഭരണപ്രതിപക്ഷ കക്ഷികള്‍ ഒത്തൊരുമിച്ച് രംഗത്തിറങ്ങണമെന്ന് സമസ്ത നൂറാം വാര്‍ഷിക സമ്മേളനം ആവശ്യപ്പെടുന്നു

അവതാരകന്‍:  ഹൈദര്‍ ഫൈസി പനങ്ങാങ്ങര
അനുവാദകന്‍ : ഉമര്‍ ഫൈസി മുക്കം

പ്രമേയം 18: പൊതുവിഷയങ്ങളിലെ മുസ്‌ലിം ഐക്യത്തിന് സമസ്തയുടെ പിന്തുണതുടരും.

മുസ്‌ലിം ഉമ്മത്തിന്റെ ഐക്യവും ഒത്തൊരുമയും സമസ്ത ആഗ്രഹിക്കുന്നു. എന്നാല്‍, ദീനീ വിഷയങ്ങളില്‍ നവീന ആശയങ്ങള്‍ കടത്തിക്കൂട്ടി വിശുദ്ധ ശരീഅത്തിനെ വികലമാക്കുന്ന ദുഷ്പ്രവണതയെ സമസ്ത എന്നും എതിര്‍ത്തു പോന്നിട്ടുണ്ട്. മുസ് ലിം സമൂഹത്തെ ബാധിക്കുന്ന പൊതുവിഷയങ്ങളില്‍ ഐക്യപ്പെടുന്നതിന് ഇതുതടസ്സമാവുകയില്ലെന്നുള്ള സമസ്തയുടെ നിലപാട് ഈ സമ്മേളനം ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നു. വിവിധ ഘട്ടങ്ങളില്‍ സമസ്തയില്‍ നിന്ന് വേര്‍പിരിഞ്ഞുപോയവര്‍ മാതൃസംഘടനയിലേക്ക് തിരിച്ചുവരണമെന്നും ഈ പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു.

അവതാരകന്‍ : കെ . ഉമര്‍ ഫൈസി മുക്കം
അനുവാദകന്‍ : മൊയ്തീന്‍കുട്ടി ഫൈസി വാക്കോട്

പ്രമേയം 19: വ്യാജ ത്വരീഖതുകളില്‍ നിന്ന് വിട്ടുനില്‍ക്കുക.

പരിശുദ്ധ ശരീഅത്തിനെ വെല്ലുവിളിച്ചും ഇസ്‌ലാമിക പ്രമാണങ്ങളെ വികലമായി വ്യാഖ്യാനിച്ചുകൊണ്ടും മുസ്ലിം സമുദായത്തില്‍ രംഗത്തുവരുന്ന പിഴച്ച ആത്മീയവാദികള്‍ക്കെതിരെ വിശ്വാസി സമൂഹം അതീവ ജാഗ്രത പാലിക്കണമെന്ന് ഈ സമ്മേളനം ആഹ്വാനം ചെയ്യുന്നു. ശരീഅത്തിന് വിരുദ്ധമായ ആത്മീയത ഇസ്‌ലാമിലില്ലെന്നിരിക്കേ,ഉലമാക്കള്‍ കാണിച്ചുതന്ന പരിശുദ്ധമായ 'തസവ്വുഫിന്റെ' വഴിയില്‍ നിന്ന് വ്യതിചലിച്ച് സ്വയം പ്രഖ്യാപിത ശൈഖുമാരായി ചമയുന്നവര്‍ സമുദായത്തെ വഴിതെറ്റിക്കുകയുമാണ്.  ആത്മീയതയുടെ പേരില്‍ ശരീഅത്തിനെ അവഗണിക്കുന്നതും ഫിഖ്ഹീ നിയമങ്ങളെ നിസ്സാരപ്പെടുത്തുന്നതുമായ  ഇത്തരം വികല ചിന്താഗതികളെയും കേന്ദ്രങ്ങളെയും വിശ്വാസികള്‍ തിരിച്ചറിയണമെന്നും ഇവ്വിഷയത്തില്‍ സമസ്തയുടെ നിലപാടാണ് സ്വീകരിക്കേണ്ടതെന്നും വ്യാജ പ്രചരണങ്ങളില്‍ വീണുപോകാതെ അഹ്ലുസ്സുന്നയുടെ ശുദ്ധമായ ആത്മീയ പാതയില്‍ അടിയുറച്ചു നില്‍ക്കണമെന്നും നൂറാം വാര്‍ഷിക സമ്മേളനത്തിലെ ആത്മീകസംഗമപ്രമേയം ഉദ്‌ബോധിപ്പിക്കുന്നു.

അവതാരകന്‍ : ബശീര്‍ അബ്ദുല്ല ഫൈസി
അനുവാദകന്‍ : അസ്ഗറലി ഫൈസി പട്ടിക്കാട്


പ്രമേയം 20: സ്ത്രീ പദ്ധതികളില്‍ സുരക്ഷിതത്വവും ധാര്‍മ്മികതയും പരിഗണിക്കപ്പെടണം

സ്ത്രീ സംബന്ധമായി ഇസ്ലാമിന് വ്യക്തവും യുക്തവുമായ കാഴ്ചപ്പാടുണ്ട്. കാലഘട്ടത്തിന്നനുസരിച്ച് മാറ്റങ്ങള്‍ ആവശ്യമായി വരാത്തവയാണവ. സ്ത്രീ വിദ്യാഭ്യാസത്തിനോ ന്യായമായ സ്വാതന്ത്ര്യത്തിനോ ഇസ്ലാം എതിരല്ല. എന്നാല്‍ എല്ലാ മേഖലകളിലും പൂര്‍ണമായ സ്ത്രീപുരുഷ സമത്വത്തിന് മുറവിളികൂട്ടുന്ന പുതിയ പ്രവണത അധാര്‍മികവും അനുചിതവുമാണ്. എന്തിന്റെ പേരിലായാലും ആഭാസകരമായ രീതിയിലുള്ള പരസ്യമായ അഴിഞ്ഞാട്ടം എതിര്‍ക്കപ്പെടേണ്ടതാണ്. സാര്‍വത്രികമായി മാറിക്കൊണ്ടിരിക്കുന്ന അരാജകത്വത്തിനും അശ്ലീല പ്രവണതകള്‍ക്കും സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചു വരുന്ന അക്രമങ്ങള്‍ക്കും ഇത്തരം ദുര്‍നടപ്പുകള്‍ മാറുന്നുവെന്ന് സമസ്ത നിരീക്ഷിക്കുന്നു. അതിനാല്‍ ഏതു പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോഴും സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുകയും അവരുടെ പ്രകൃതിപരമായ സവിശേഷതകള്‍ പരിഗണിക്കപ്പെടുകയും ചെയ്യേണ്ടതാണെന്ന് സമസ്ത നൂറാം വാര്‍ഷിക സമ്മേളനം സര്‍ക്കാരിനോടും പൊതു സമൂഹത്തോടും ആവശ്യപ്പെടുന്നു.
അവതാരകന്‍: ഒളവണ്ണ അബൂബക്കര്‍ ദാരിമി
അനുവാദകന്‍: ഉസ്മാന്‍ ഫൈസി തോടാര്‍

പ്രമേയം 21 :കാലത്തോടൊപ്പം സഞ്ചരിക്കാന്‍ സമസ്ത സജ്ജം

സമസ്തയുടെ ദൗത്യങ്ങളും സന്ദേശങ്ങളും സമൂഹം ഏറ്റെടുത്തതിന്റെ ശതാബ്ദിനിറവിലാണ് പ്രസ്ഥാനം.ലോക മുസ്ലിംകള്‍ക്ക് മാതൃകയാം വിധം കേരളീയ മുസ്ലിംകളെ പാകപ്പെടുത്തിയ പൂര്‍വ്വസൂരികളെ നൂറാം വാര്‍ഷിക സമ്മേളനം പ്രാര്‍ത്ഥനയോടെ സ്മരിക്കുന്നു.
പതിനൊന്നായിരത്തി എണ്‍പത്തിരണ്ട് മദ്‌റസകള്‍, പത്ത് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍, ആറായിരത്തിലധികം വ്യവസ്ഥാപിത മഹല്ലുകള്‍ , ആയിരത്തിലധികം ശരീഅഃകോളേജുകള്‍, ആയിരക്കണക്കിന് ദര്‍സ് അനുബന്ധ സ്ഥാപനങ്ങള്‍, ഇതര മതഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയെല്ലാം ഈ മഹാപ്രസ്ഥാനത്തിന്റെ സംഭാവനയാണ്. ഈ മഹാവിജയത്തിന് സര്‍വ്വതല സഹകരണങ്ങള്‍ നല്‍കിയ സമൂഹത്തെ സമസ്ത വിലമതിക്കുന്നു. തുടര്‍ന്നുമുള്ള മുന്നേറ്റത്തില്‍ സമസ്തയോടൊപ്പം ചേരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.ദേശരാഷ്ട്രാധിരുകള്‍ക്കപ്പുറം ജീവിതവ്യവഹാരങ്ങള്‍ വ്യാപിച്ച പുതിയകാലത്ത് വ്യവസ്ഥാപിത ധാര്‍മ്മികപഠനങ്ങള്‍ നിലവിലില്ലാത്ത സ്ഥലങ്ങളില്‍ സമസ്ത  , 35 രാഷ്ട്രങ്ങളിലെ പഠിതാക്കളെ കോര്‍ത്തിണക്കി  ഇ  മദ്‌റസ സംവിധാനമടക്കം പല നൂതനപദ്ധതികളും ആരംഭിച്ച് കഴിഞ്ഞു.ഇത്തരം സംവിധാനങ്ങളെ വേണ്ടവിധം ഉപയോഗപ്പെടുത്താനും ശാക്തീകരിക്കാനും സമൂഹം തയ്യാറാകണമെന്ന് സമ്മേളനം ആഹ്വാനം ചെയ്യുന്നു .

അവതാരകന്‍ : ശരീഫ് ബാഖവി വേശാല
അനുവാദകന്‍ : അബ്ദുല്‍ ഖാദിര്‍ മുസ്ല്യാര്‍ പൈങ്കണ്ണിയൂര്‍.

Centenary International Grand Conference adopts 21 resolutions: Stand Firm on Madhhab-Based Religious Tradition; Reject Theocratic Nationalism and Extremist Ideologies; Safeguard the True Concept of Tawheed; Enact Special Legislation Against Mob Trials and Lynchings; Prevent Communal Polarization and Hate Speech; Regulate the Medical Mafia and Protect the Healthcare Sector; Integrate Moral Education and Cyber Ethics into the Curriculum; Establish an Arabic & Foreign Languages University in Kerala; Ensure Religious Considerations in the Public Education Calendar; Grant Three Days of Official Holiday for Eid Celebrations; Reject Individual-Centric Atheistic Worldviews; Protect Constitutional Institutions and Civil Rights; Oppose Global Racial Politics and Colonial Aggression; End Travel Hardships and Expatriate Exploitation; Promote Traffic Discipline and Transport Ethics; Establish the Mamburam Thangal Research Center at Calicut University; Redetermine District Boundaries Based on Scientific Studies; Strengthen Muslim Unity on Common Issues; Stay Away from Deviant Spiritual Movements; Ensure Safety and Morality in Women-Centered Policies; Samastha: Ready to Move Forward with the Times.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഹ്‌ലി നേടിയ അത്ഭുത നേട്ടത്തിനൊപ്പം സഞ്ജു; കൊടുങ്കാറ്റിൽ പിറന്നത് ചരിത്രം!

Cricket
  •  2 days ago
No Image

മാനവികതയുടെ മഹാസാഗരം; ശൈഖ് സായിദിന്റെ സ്മരണയിലലിഞ്ഞ് യുഎഇ

uae
  •  2 days ago
No Image

ഫൈനലിൽ കൊടുങ്കാറ്റായി അഭിഷേക് ; ലോകകപ്പിൽ ഇനി ഒന്നാമൻ

Cricket
  •  2 days ago
No Image

അടിച്ച ഒറ്റ സിക്സർ പറന്നിറങ്ങിയത് ചരിത്രത്തിലേക്ക്; ലോകകപ്പിൽ ഒന്നാമനായി സഞ്ജു

Cricket
  •  2 days ago
No Image

മൂന്ന് മാസം നീണ്ട രഹസ്യ നീക്കം, ഒടുവിൽ 'ഓപ്പറേഷൻ കൽക്കി'; രാജ്യത്തെ വിറപ്പിച്ച ലഹരി മാഫിയയെ പൂട്ടി എൻസിബി ദൗത്യം

crime
  •  2 days ago
No Image

കൊല്ലത്ത് കടലിൽ കപ്പലും ബോട്ടും കൂട്ടിയിടിച്ച അപകടം: ഷിപ്പിങ് ഡയറക്ടർ ജനറൽ അന്വേഷണത്തിന് ഉത്തരവിട്ടു

Kerala
  •  2 days ago
No Image

ഒറ്റ റൺസിൽ ഇതിഹാസ നേട്ടം; ടി-20യിൽ ചരിത്രം സൃഷ്ടിച്ച് സഞ്ജു സാംസൺ

Cricket
  •  2 days ago
No Image

വിദേശത്ത് നഴ്സായ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, ലക്ഷങ്ങളുടെ തട്ടിപ്പും: ഒളിവിലായിരുന്ന പാസ്റ്റർ ഒടുവിൽ പൊലിസ് പിടിയിൽ

crime
  •  2 days ago
No Image

സഞ്ജുവേ...മിന്നിച്ചേക്കണേ; കലാശപ്പോരിൽ കിവീസിനെതിരെ ഇന്ത്യക്ക് ബാറ്റിംഗ്

Cricket
  •  2 days ago
No Image

ഈദിന് മുന്നോടിയായി വേതനം നല്‍കണം; സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി ഒമാന്‍ തൊഴില്‍ മന്ത്രാലയം

oman
  •  2 days ago