അവയവദാനത്തിൽ പുതുചരിത്രം കുറിച്ച് കുഞ്ഞുമാലാഖ മടങ്ങി; ആലിന് യാത്രാമൊഴി ചൊല്ലി കേരളം
പത്തനംതിട്ട: നാല് പേർക്ക് പുതുജീവൻ നൽകി മടങ്ങിയ കുഞ്ഞുമകൾ ആലിൻ ഷെറിന് വികാരനിർഭരമായ യാത്രാമൊഴി നൽകി കേരളം. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സിഎസ്ഐ പള്ളി സെമിത്തേരിയിലായിരുന്നു സംസ്കാര ചടങ്ങുകൾ.
വീട്ടിലും പള്ളിയിലുമായി ആയിരക്കണക്കിന് ആളുകളാണ് കുരുന്നിന് അന്തിമോപചാരം അർപ്പിക്കാൻ എത്തിയത്. മന്ത്രിമാരായ സജി ചെറിയാൻ, വി.എൻ. വാസവൻ, കേന്ദ്ര മന്ത്രി സുരേഷ് ഗോപി തുടങ്ങിയ പ്രമുഖർ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു. കുടുംബത്തിന്റെ തീരുമാനം വിശ്വമാനവികതയുടെ ഉദാത്തമായ മാതൃകയാണെന്ന് മന്ത്രി വി.എൻ. വാസവൻ അഭിപ്രായപ്പെട്ടു. ആലിന്റെ മാതാപിതാക്കൾക്ക് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും എംപി കമൽഹാസനും ആദരവ് അർപ്പിച്ചു.
കോട്ടയം പള്ളത്ത് ഫെബ്രുവരി അഞ്ചിനുണ്ടായ വാഹനാപകടത്തിലാണ് മല്ലപ്പള്ളി സ്വദേശികളായ അരുൺ എബ്രഹാമിന്റെയും ഷെറിന്റെയും പത്ത് മാസം പ്രായമുള്ള കുഞ്ഞിന് ഗുരുതരമായി പരുക്കേറ്റത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു.
തുടർന്ന് മാതാപിതാക്കൾ കാണിച്ച വലിയ മനസ്സ് നാല് കുരുന്നുകൾക്കാണ് പുതുജീവൻ നൽകിയത്. കുഞ്ഞിന്റെ ഹൃദയം, കരൾ, വൃക്കകൾ, നേത്രപടലങ്ങൾ എന്നിവയാണ് ദാനം ചെയ്തത്. അവയവദാന രംഗത്ത് രാജ്യത്തിന് തന്നെ മാതൃകയാകുന്ന തീരുമാനമാണ് ഈ കുടുംബം കൈക്കൊണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."