കടബാധ്യത; കണ്ണൂരിൽ അവാർഡ് ജേതാവായ കർഷകൻ ജീവനൊടുക്കി
കണ്ണൂർ: വിഷം ഉള്ളിൽ ചെന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന കർഷകൻ മരിച്ചു. കണ്ണൂരിലെ ചെറുപുഴ ഇവരമ്പയിലെ മികച്ച കർഷകനുള്ള കർഷക ക്ഷേമ വകുപ്പിന്റെ അവാർഡ് നേടിയ അമ്പാട്ട് ഏലിയാസ് ആണ് മരിച്ചത്. 62 വയസ്സായിരുന്നു. 2017ൽ ജില്ലയിലെ മികച്ച രണ്ടാമത്തെ പച്ചക്കറി കർഷകനുള്ള അവാർഡ് സ്വന്തമാക്കിയത് ഇദ്ദേഹമായിരുന്നു.
കൃഷി ആവശ്യങ്ങൾക്കായി സ്വാശ്രയ സംഘങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും വാങ്ങിയ വായ്പകൾ തിരിച്ചടയ്ക്കാൻ കഴിയാത്തതിന്റെ വിഷമത്തെ തുടർന്നാണ് ഏലിയാസ് വിഷം കഴിച്ചത്. സ്വന്തമായുള്ളതും ഏക്കർ കണക്കിന് സ്ഥലവും പാട്ടത്തിനെടുത്തും പച്ചക്കറിയും വാഴയും കൃഷി ചെയ്യുകയായിരുന്നു ഏലിയാസ്.
കഴിഞ്ഞ വർഷങ്ങളിൽ ഇദ്ദേഹത്തിന് കൃഷി ലാഭകരമല്ലാതാവുകയായിരുന്നു. രണ്ടാം വിള ലഭിക്കാതിരിക്കുന്നതും പ്രതികൂല കാലാവസ്ഥയും സാമ്പത്തിക ബാധ്യത ഉണ്ടാക്കാൻ കാരണമായി. സബ്സിഡിയായി കൃഷിഭവനിൽ നിന്നും ലഭിക്കേണ്ട തുക വൈകിയതും ജീവനൊടുക്കാൻ കാരണമായെന്നാണ് കരുതുന്നത്. കടം വാങ്ങിയ എഴുപതിനായിരം രൂപ തിരിച്ചു കൊടുക്കാമെന്ന് പറഞ്ഞ തീയതിക്ക് കൊടുക്കാൻ സാധിക്കാത്തതിന്റെ മനോവിഷമവും ഏലിയാസിന് ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."