തീരദേശ ജനതയുടെ സ്വപ്നം പൂവണിയും; മേല്‍പ്പാല നടപടികള്‍ ത്വരിതഗതിയില്‍
കാഞ്ഞങ്ങാട്: നഗരത്തിന്റെ തീരാശാപമായി മാറിയ റയില്‍വേ പാളക്കുരുക്കില്‍ നിന്നും കാഞ്ഞങ്ങാട് നഗരം മോചനമാകാന്‍ അധിക കാലം കാത്തിരിക്കേണ്ടി വരില്ലെന്ന സൂചന നല്‍കി അധികൃതര്‍.രണ്ടു പതിറ്റാണ്ടോളമായി കോട്ടച്ചേരി റയില്‍വേ മേല്‍പ്പാലം പണി ചുവപ്പു നാടയിലും കോടതിയിലും കയറി നിരങ്ങുന്ന അവസ്ഥയില്‍ മോചനം നേടിയതോടെ പാല നിര്‍മാണത്തിനുള്ള നടപടികള്‍ ബന്ധപ്പെട്ട അധികൃതര്‍ ത്വരിത ഗതിയിലാക്കുകയാണമേല്‍പ്പാല നിര്‍മാണത്തിന് ആവശ്യമായ ഭൂമി സ്വകാര്യ വ്യക്തികളില്‍ നിന്നും ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ അധികൃതര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തി വരുകയാണ്.
റവന്യൂ വകുപ്പ് മന്ത്രിയായി കാഞ്ഞങ്ങാട് മണ്ഡലത്തിലെ ഇ.ചന്ദ്രശേഖരനും ജില്ലാ കലക്ടറായി കെ.ജീവന്‍ ബാബുവും ചുമതലയേറ്റതോടെ മേല്‍പ്പാലം പണിയാനുള്ള നടപടികള്‍ക്ക് വേഗത വര്‍ധിക്കുകയും ചെയ്തു. നഗരത്തിനും തീരദേശ മേഖലയിലുള്ള ആയിരകണക്കിന് ജനങ്ങള്‍ക്കും എപ്പോഴും ദുരിതം സൃഷ്ട്ടിക്കുന്ന കാഞ്ഞങ്ങാട്ടെ മൂന്നു റയില്‍വേ ഗെയിറ്റുകളുടെ സമ്പൂര്‍ണ ചിത്രം ഇ.ചന്ദ്രശേഖരന്റേയും കലക്ടര്‍ കെ.ജീവന്‍ ബാബുവിന്റെയും ശ്രദ്ധയില്‍ മുമ്പേ പതിഞ്ഞത് കൊണ്ട് തന്നെ ഇവര്‍ അധികാര സ്ഥാനങ്ങളില്‍ എത്തിയതോടെ മേല്‍പ്പാലം നിര്‍മ്മിക്കാനുള്ള നടപടികള്‍ക്ക് വേഗത വര്‍ധിപ്പിക്കുകയായിരുന്നു. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ ഉണ്ടായിരുന്ന അവസാന കേസും തള്ളിയതോടെ ഇതിന്റെ നടപടിക്രമങ്ങള്‍ ആരംഭിച്ചിരുന്നു.തുടര്‍ന്ന് സ്ഥലം ഉടമകള്‍ അന്നത്തെ കലക്ടര്‍ പി.മുഹമ്മദ് സഹീറുമായി ചര്‍ച്ച ചെയ്തു വില നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട് വന്ന കലക്ടര്‍ ഇ.ദേവദാസന്‍ ആദ്യം നിശ്ചയിച്ച ഭൂമിയുടെ വില കുറച്ചതിനെ തുടര്‍ന്ന് വീണ്ടും തര്‍ക്കങ്ങള്‍ ഉടലെടുക്കുകയായിരുന്നു. എന്നാല്‍ ജീവന്‍ ബാബു കലക്ടറായി വന്നതോടെ വീണ്ടും ഭൂഉടമകളുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും മുന്‍ കലക്ടര്‍ മുഹമ്മദ് സഹീര്‍ നിശ്ചയിച്ച തുക ഭൂഉടമകള്‍ക്കു നല്‍കാനുള്ള നടപടികള്‍ കൈകൊണ്ടതോടെ സ്ഥലം ഏറ്റെടുക്കുന്ന നടപടികള്‍ ഭൂരിഭാഗം പൂര്‍ത്തിയാക്കുകയും ചെയ്തു. ഭൂഉടമകളില്‍ നിന്നും സമ്മത പത്രങ്ങളും ബന്ധപ്പെട്ട രേഖകളും ഏറ്റെടുക്കുന്ന നടപടികളും ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്. ഇതോടെയാണ് തീരദേശ ജനതയുടേയും നഗരത്തിന്റേയും സ്വപ്നം പൂവണിയുമെന്ന പ്രതീക്ഷ ഉയര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."