ഗള്‍ഫില്‍ വ്യോമപാതകള്‍ അടച്ചിടുമ്പോഴും യു.എ.ഇയില്‍ വിമാനങ്ങള്‍ പറക്കുന്നത് ഇങ്ങനെയാണ്; അറിഞ്ഞിരിക്കാം സുരക്ഷിത വ്യോമപാതകകളെ കുറിച്ച്
ദുബൈ: ഭൗമ രാഷ്ട്രീയ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഗള്‍ഫ് മേഖലയിലെ വ്യോമപാതകളില്‍ ഭൂരിഭാഗവും അടച്ചിട്ടിരിക്കുമ്പോഴും, യു.എ.ഇയില്‍ നിന്നുള്ള വിമാന സര്‍വിസുകള്‍ 'സേഫ് എയര്‍ കോറിഡോറുകള്‍' (സുരക്ഷിത വ്യോമപാതകള്‍) വഴി നിര്‍ബാധം തുടരുന്നു. പരിമിതമായ തോതില്‍ വിമാന സര്‍വിസുകള്‍ നടത്താന്‍ സുരക്ഷിതമാണെന്ന് അധികൃതര്‍ വിലയിരുത്തിയ പ്രത്യേക വ്യോമപാതകളിലൂടെയാണ് വിമാനങ്ങള്‍ നിലവില്‍ സഞ്ചരിക്കുന്നത്.
കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് അവശ്യ വിമാന സര്‍വിസുകള്‍ തുടരുന്നതിനായി ഗള്‍ഫ് മേഖലയിലെ ഏവിയേഷന്‍ അധികൃതര്‍ സംയുക്തമായി എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സംവിധാനം നടപ്പാക്കിയത്. അയല്‍ രാജ്യങ്ങളുമായി സഹകരിച്ച് അടിയന്തര സുരക്ഷിത വ്യോമപാതകള്‍ തുറന്നതായി സര്‍ക്കാര്‍ മാധ്യമങ്ങളെ അറിയിക്കുന്നതിനിടെ അബ്ദുല്ല ബിന്‍ തൂഖ് അല്‍ മര്‍റി വ്യക്തമാക്കി. ലഭ്യമായ അടിയന്തര പാതകള്‍ അടിസ്ഥാനമാക്കി നിലവില്‍ മണിക്കൂറില്‍ 48 വിമാനങ്ങള്‍ക്ക് ഇതുവഴി കടന്നുപോകാന്‍ സാധിക്കും. സുരക്ഷാ വിലയിരുത്തലുകള്‍ക്ക് വിധേയമായി ഭാവിയില്‍ ഈ എണ്ണം വര്‍ദ്ധിപ്പിച്ചേക്കാമെന്നും അദ്ദേഹം അറിയിച്ചു.
എന്താണ് സേഫ് എയര്‍ കോറിഡോര്‍?
സുരക്ഷാ ഭീഷണികളോ സൈനിക നീക്കങ്ങളോ കാരണം വ്യോമപാതകള്‍ താല്‍ക്കാലികമായി അടച്ചിടുമ്പോള്‍, വിമാനങ്ങള്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കാന്‍ അധികൃതര്‍ മുന്‍കൂട്ടി നിശ്ചയിക്കുന്ന പ്രത്യേക പാതകളാണ് സേഫ് എയര്‍ കോറിഡോറുകള്‍. വിശാലമായ വ്യോമമേഖലയിലൂടെ പറക്കുന്നതിന് പകരം, കൃത്യമായി നിരീക്ഷിക്കാനും ഏകോപിപ്പിക്കാനും സാധിക്കുന്ന പാതകളിലൂടെയാകും ഈ സമയത്ത് വിമാനങ്ങള്‍ സഞ്ചരിക്കുക. ബിഎഎ ആന്‍ഡ് പാര്‍ട്‌ണേഴ്‌സ് സ്ഥാപകന്‍ ലിനസ് ബെഞ്ചമിന്‍ ബോവര്‍ ഇതിന്റെ പ്രവര്‍ത്തനരീതി വിശദീകരിക്കുന്നത് താഴെ പറയുന്ന അടിസ്ഥാന കാര്യങ്ങളിലൂടെയാണ്:
* കര്‍ശന നിരീക്ഷണം: എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ക്ക് ഓരോ വിമാനത്തിന്റെയും നീക്കങ്ങള്‍ കൃത്യമായി നിരീക്ഷിക്കാന്‍ കഴിയുന്ന തരത്തില്‍ നിശ്ചിത ഉയരത്തിലും റൂട്ടിലുമാണ് വിമാനങ്ങള്‍ പറക്കുന്നത്.
* നൂതന സാങ്കേതികവിദ്യ: ഉപഗ്രഹ അധിഷ്ഠിത നാവിഗേഷന്‍, എ.ഡി.എസ്.ബി (ADSB) സര്‍വൈലന്‍സ്, റഡാര്‍, സുരക്ഷിതമായ കണ്‍ട്രോളര്‍പൈലറ്റ് ആശയവിനിമയ സംവിധാനങ്ങള്‍ എന്നിവ ഇതിനായി ഉപയോഗിക്കുന്നു.
* കൂട്ടിയിടി ഒഴിവാക്കല്‍: വിമാനങ്ങള്‍ തമ്മിലുള്ള സുരക്ഷിത അകലം പാലിക്കാനും കൂട്ടിയിടിക്കുന്നത് ഒഴിവാക്കാനുമുള്ള എ.സി.എ.എസ് (ACAS), ടി.സി.എ.എസ് (TCAS) തുടങ്ങിയ ഓണ്‍ബോര്‍ഡ് സംവിധാനങ്ങളും നിര്‍ണായക പങ്കുവഹിക്കുന്നു.
പ്രവര്‍ത്തിക്കുന്ന വിധം
ഒന്നിലധികം ഏവിയേഷന്‍ അതോറിറ്റികളുടെയും പങ്കാളികളുടെയും ഏകോപനത്തോടെയാണ് സേഫ് എയര്‍ കോറിഡോര്‍ തുറക്കുന്നത്. യു.എ.ഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പോലുള്ള സ്ഥാപനങ്ങള്‍ അന്താരാഷ്ട്ര ഏജന്‍സികളുമായും അയല്‍ രാജ്യങ്ങളുമായും ചേര്‍ന്നാണ് സുരക്ഷിതമായ പാതകള്‍ തീരുമാനിക്കുന്നത്. ഈ വിവരങ്ങള്‍ നോട്ടാം (NOTAMs) വഴി പ്രസിദ്ധീകരിക്കുകയും എയര്‍ലൈനുകളുടെ ഫ്‌ലൈറ്റ് പ്ലാനിങ് സിസ്റ്റത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്നു. സുരക്ഷാ പരിശോധനകള്‍ക്കും ഇന്ധന ലഭ്യതയ്ക്കും ശേഷം സര്‍വിസ് നടത്തണമോ എന്ന് എയര്‍ലൈനുകളാണ് അന്തിമ തീരുമാനമെടുക്കുന്നത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുള്ളതിനാല്‍ വിമാനങ്ങള്‍ക്ക് സാധാരണയേക്കാള്‍ കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ടി വന്നേക്കാം.
യാത്രക്കാരെ ഇത് എങ്ങനെ ബാധിക്കും
സുരക്ഷിത വ്യോമപാതകള്‍ ഉപയോഗിക്കുമ്പോള്‍ യാത്രാസമയം വര്‍ദ്ധിക്കാനോ ലഭ്യമായ വിമാനങ്ങളുടെ എണ്ണം കുറയാനോ സാധ്യതയുണ്ട്. വിമാനങ്ങള്‍ തമ്മിലുള്ള സുരക്ഷിത അകലം പാലിക്കുന്നതിനായി ട്രാഫിക് കപ്പാസിറ്റി മനപ്പൂര്‍വ്വം പരിമിതപ്പെടുത്താറുണ്ട്. എങ്കിലും, വലിയൊരു ശതമാനം വ്യോമമേഖലകളും അടച്ചിടുമ്പോഴും വിമാന സര്‍വീസുകള്‍ പൂര്‍ണ്ണമായി സ്തംഭിക്കാതെ സുരക്ഷിതമായി യാത്ര തുടരാന്‍ ഈ സംവിധാനം സഹായിക്കുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടം.
നിര്‍മ്മിത ബുദ്ധിയുടെ പങ്ക്
സങ്കീര്‍ണ്ണമായ വ്യോമഗതാഗതം നിയന്ത്രിക്കുന്നതില്‍ നിര്‍മ്മിത ബുദ്ധി ഇപ്പോള്‍ വലിയ പങ്കാണ് വഹിക്കുന്നത്. കാലാവസ്ഥാ വ്യതിയാനങ്ങള്‍, വ്യോമപാതകളിലെ നിയന്ത്രണങ്ങള്‍, ഭൗമരാഷ്ട്രീയ മുന്നറിയിപ്പുകള്‍ എന്നിവയുമായി ബന്ധപ്പെട്ട വലിയ ഡാറ്റാസെറ്റുകള്‍ വിശകലനം ചെയ്ത് വേഗത്തില്‍ സുരക്ഷിതമായ പാതകള്‍ കണ്ടെത്താന്‍ എഐ അധികൃതരെ സഹായിക്കുന്നു. എന്നാല്‍, എഐ ഒരു അനലിറ്റിക്കല്‍ സപ്പോര്‍ട്ട് ടൂള്‍ മാത്രമാണെന്നും സര്‍വീസുകള്‍ സംബന്ധിച്ച അന്തിമ തീരുമാനങ്ങള്‍ എടുക്കുന്നത് റെഗുലേറ്റര്‍മാരും എയര്‍ലൈനുകളുമാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
English Summary: Flight operations to and from the UAE are continuing uninterrupted despite regional airspace restrictions by utilizing "safe air corridors." These predefined, tightly controlled routes allow aircraft to navigate securely during geopolitical tensions or temporary airspace closures. Currently accommodating up to 48 flights per hour, these emergency pathways were activated in coordination with neighboring countries and regional aviation authorities. To ensure maximum safety, aircraft flying within these corridors follow strict routing instructions and operate at designated altitudes. Air traffic controllers rely on advanced satellite-based navigation, ADS-B surveillance, and radar to track flights in real-time, while onboard collision avoidance systems (ACAS/TCAS) maintain safe separation between aircraft.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."